ഫ്ലോറിംഗിന് ഇനി Cork !
കോർക്ക് കൊണ്ട് എന്താണ് ഉപയോഗം? കുപ്പി അടച്ചു വയ്‌ക്കാം എന്ന ഒറ്റവാചകത്തിൽ ഉത്തരം അവസാനിപ്പിക്കുന്നവർ അറിഞ്ഞോള്ളൂ, കോർക്ക് ഫ്ലോറിംഗിനും ഉപയോഗിക്കാം. കോർക്ക് നമുക്ക് അത്ര പരിചയമുള്ള ഫ്ലോറിംഗ് അല്ല, പക്ഷേ അമേരിക്കയിലും മറ്റും വർഷങ്ങളായി ഈ ഫ്ലോറിംഗ് പ്രചാരത്തിലുണ്ട്. നീണ്ട പാളികളായും ടൈലുകളായും കോർക്ക് ഫ്ലോറിംഗ് ലഭിക്കും.
ഇത്തരം ഫ്ലോറുകൾ ഇക്കോ ഫ്രണ്ട്‌ലിയാണ്, ആരോഗ്യകരവും. വളരെ മൃദുവായതിനാൽ കാർപറ്റ് വിരിക്കേണ്ട കാര്യമില്ല. വാട്ടർ റെസിസ്‌റ്റന്റ് ആണ്, കൂടാതെ ശബ്‌ദവും വലിച്ചെടുക്കും. ബെഡ് റൂം, മ്യൂസിക് റൂം എന്നിവയ്‌ക്ക് അനുയോജ്യമാണ് ഈ ഫ്ലോർ. ഷോപ്പ്, ഓഫീസ് എന്നിവയ്‌ക്ക് ഇത് നല്ല ചോയ്‌സ് ആണ്. പച്ച, ചുവപ്പ്, ചോക്‌ലേറ്റ്, കറുപ്പ് തുടങ്ങിയ നിറങ്ങളിൽ ഇവ കിട്ടും. ഇനി ഈ ഫ്ലോറിംഗിന്റെ കുറവുകൾ അറിയാം. പാടും പോറലും വേഗം വീഴും എന്നതാണ് പ്രധാനപ്രശ്‌നം. ഫർണിച്ചറിനു കീഴിൽ ബുഷ് പിടിപ്പിച്ചാൽ ഇതു കുറെയൊക്കെ പരിഹരിക്കാം. പട്ടി, പൂച്ച തുടങ്ങിയ വളർത്തു മൃഗങ്ങൾക്ക് നിങ്ങളുടെ വീട്ടിനുള്ളിൽ പ്രവേശനമുണ്ടെങ്കിലും കോർക്ക് ടൈൽസ് വേണ്ട. കാരണം മൃഗങ്ങളുടെ മൂർച്ചയുള്ള നഖങ്ങൾ ഈ ടൈലുകളിൽ പോറൽ വീഴ്‌ത്തും. പോളിയുറത്തേൻ കോട്ടിംഗ് നൽകി, ഇടയ്‌ക്കിടെ റീകോട്ട് ചെയ്യുന്നത് ഈ പ്രശ്‌നത്തിനു പരിഹാരമാണ്. വെയിലേറ്റാൽ നിറം മങ്ങും എന്നതാണ് മറ്റൊരു കുറവ്. അതു കൊണ്ട് സൂര്യപ്രകാശം നന്നായി പതിക്കുന്ന മുറികളിൽ ഇവ ഒഴിവാക്കാം.
Photo courtesy: duro-design.com
| Zeba

