വീടിനുള്ളിൽ ഒരു കൊച്ചു തോട്ടം
അല്പം ഭാവനയും ക്ഷമയുമുള്ളവർക്ക് വീടിന്റെ അകത്തളം ഒരുക്കാൻ ഇതാ ഒരു ട്രെൻഡി ഐഡിയ. വീടിനുള്ളിൽ ഒരു തോട്ടം തന്നെ സൃഷ്‌ടിച്ചെടുക്കാം. ഒരു നീണ്ട ട്രേയിലോ വാ വട്ടം കൂടിയ ഒരു മൺച്ചട്ടിയിലോ ആകാം ഈ കുഞ്ഞിതോട്ടം.
എന്നാൽ ഇവ ഒരു സാധാരണ തോട്ടത്തിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്. ഒരു ചിത്രം വരച്ച്, പെയ്‌ന്റ് ചെയ്‌തെടുക്കും പോലെ ഈ ഇത്തിരി സ്‌ഥലത്ത് നമ്മൾ ഒരു ദൃശ്യം ആവിഷ്‌കരിക്കുകയാണ്. ചെടിയും പൂവും മണ്ണും മാത്രല്ല്ല ഈ തോട്ടത്തിലുള്ളതെന്നു ചുരുക്കം. ഒരു കളിവീട്, ഊഞ്ഞാലാടുന്ന ഒരു പെൺകുട്ടി, നടപ്പാത, ചെറിയ ഫൗണ്ടൻ ഇങ്ങനെ നമ്മുടെ ഭാവന അനുസരിച്ച് ഇതിൽ പലതും ഒരുക്കാം.
ബോൺസായ് നടാനായി മണ്ണ് ഒരുക്കുന്നതു പോലെ ചട്ടിയിൽ മണ്ണു നിറയ്‌ക്കണം. മണ്ണ് ഈർപ്പം നിലനിർത്തുന്നതാകണം, വെള്ളം വാര്‍ന്ന് പോകാന്‍ ദ്വാരവും ഉണ്ടാകണം. ഇനി നമ്മുടെ തോട്ടത്തിനായി ഒരു ദൃശ്യം മനസിലൊരുക്കണം. പരിചയമുള്ള എന്തെങ്കിലും ദൃശ്യങ്ങളോ, കാർട്ടൂണുകളിലെ സീനുകളോ ആകാം. ഇനി ഫേണുകൾ, പായലുകൾ, കാക്‌ടസുകൾ തുടങ്ങി പരിചരണം അധികം ആവശ്യമില്ലാത്ത ചെടികൾ നടാം.കക്ക, പെബിൾസ്, ഉരുളൻ കല്ല്, ചെറിയ കമ്പുകൾ, തൂവലുകൾ എന്നിവയും കുട്ടികളുടെ കുഞ്ഞുപ്ലാസ്റ്റിക് കളികോപ്പുകളും ഒക്കെ ഉപയോഗിക്കാം.
വീടിന്റെ ഇന്റീരിയറുമായി ഒത്തുപോകുന്ന ഒരു സീൻ ഒരുക്കുന്നതാണ് ഭംഗി. ചെടികൾ നനച്ചു കൊടുക്കാനും വെയിലു കൊള്ളിക്കാനും മറക്കരുത്. ഒരു ബോൺസായ് മരത്തിന്റെ പശ്‌ചാത്തലത്തിലും ഒരു സീൻ സൃഷ്‌ടിച്ചെടുക്കാം. മരത്തിൽ ഒരു കൊച്ച് ഊഞ്ഞാലു തുക്കിയിടാം. പൂക്കളുണ്ടാകുന്ന മരമാണെങ്കിൽ ഭംഗി ഇരട്ടിയാകും.
Photo courtesy: thebasicsofanything.com
| Zeba

