ലെതർ ഫർണിച്ചർ വാങ്ങും മുമ്പ്
ലെതർ ഫർണിച്ചർ എലഗന്റാണ്. അത് മുറിക്ക് ഒരു റിച്ച് ലുക്ക് നൽകുന്നു. എന്നാൽ ലെതറിനെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് പലരും ലെതർ ഫർണിച്ചർ സ്വന്തമാക്കുന്നത്. ഒരു ലെതർ സോഫാ സെറ്റ് വാങ്ങിയിടും മുമ്പ് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ.
1. ലെതർ ഫർണിച്ചറിന് മെയ്‌ന്റനൻസ് വേണ്ട എന്നാണ് പലരും ധരിച്ചിരിക്കുന്നത്. എന്നാൽ ഇത് ശരിയല്ല. ലെതർ വർഷത്തിലൊരിക്കൽ നിർബന്ധമായും വൃത്തിയാക്കുകയും മോയ്‌സ്ച്ചറൈസ് ചെയ്യുകയും വേണം. ഫർണിച്ചർ വാങ്ങുന്ന ഷോറൂമിൽ ഈ സേവനം ലഭ്യമാണോ, എങ്കിൽ എത്ര ചാർജ് ആകും എന്ന് അറിഞ്ഞു വയ്‌ക്കുക. വീട്ടിൽ ഉള്ള വൃത്തിയാക്കൽ മതി എന്നു കരുതിയാൽ അത് ഫർണിച്ചറിന്റെ ആയുസിനെ ബാധിക്കും.
2. വെള്ളയോ മറ്റ് ഇളം നിറങ്ങളിലോ ഉള്ള ലെതർ ഫർണിച്ചറിനൊപ്പം കടും നിറങ്ങളിലുള്ള കുഷ്യനുകൾ ഒഴിവാക്കുക. കുഷ്യൻ കവറിന്റെ നിറം കൊണ്ട് ലെതറിന്റെ നിറം മാറാം.
3. രണ്ടു തരം ലെതറാണ് ഫർണിച്ചറിന് ഉപയോഗിക്കുന്നത്- അനിലൈൻ (aniline), പിഗ്‌മെന്റഡ്. കറകളും മറ്റും വേഗം വലിച്ചെടുക്കും അനിലൈൻ ലെതർ. കുട്ടികളുള്ള വീട്ടിൽ ഇത് ഒഴിവാക്കുക. പിഗ്‌മെന്റ്ഡ് ലെതർ കണ്ടാൽ യഥാർഥ ലെതർ പോലെ തോന്നിക്കില്ലെങ്കിലും മെയ്‌ന്റനൻസ് എളുപ്പമാണ്, അതു കൊണ്ട് വീടുകളിൽ ഇതു തന്നെ നല്ല ചോയ്‌സ്.
4. ആഴ്‌ചതോറും വളരെ മൃദുവായ ഒരു ബ്രഷ് ഉപയോഗിച്ച് ഫർണിച്ചറിന്റെ പൊടി തട്ടി കളയണം. കെമിക്കലുകളോ, സാധാരണ ഡിറ്റർജന്റോ, പരുക്കൻ വസ്‌തുക്കളോ ഉപയോഗിച്ച് ലെതർ ഫർണിച്ചർ വൃത്തിയാക്കരുത്.
5. പിഗ്‌മെന്റ്ഡ് ലെതർ സോഫയിൽ എന്തെങ്കിലും വീണാൽ ഒരു തുണി കൊണ്ട് അത് ഒപ്പിയെടുക്കുക. പിന്നീട് ഡിസ്‌റ്റിൽഡ് വെള്ളം ഉപയോഗിച്ച് വൃത്തിയാക്കാം. കെമിക്കലുകളുടെ സാന്നിദ്ധ്യം കാണുമെന്നതിനാൽ പൈപ്പ് വെള്ളം ഒഴിവാക്കുക.
| Zeba

