HOME

Painting: അറിയേണ്ട 6 കാര്യങ്ങൾ

വീട് എത്ര സുന്ദരമാണെങ്കിലും ഭംഗിയായി പെയ്‌ന്റ് ചെയ്‌തില്ലെങ്കിൽ എല്ലാം പോയി. വീടിന്റെ ഡിസൈനും സ്‌റ്റൈലിനും വീടിരിക്കുന്ന പശ്‌ചാത്തലത്തിനും യോജിച്ച നിറങ്ങൾ കണ്ടു പിടിക്കുന്നതും ഒരു കല തന്നെ. വീടിന്റെ ആർക്കിടെക്റ്റ് അല്ലെങ്കിൽ ഇന്റീരിയർ ഡിസൈനറോട് ചോദിച്ചാൽ യോജിച്ച കളറുകൾ തെരഞ്ഞെടുക്കാം. പെയ്‌ന്റ് കമ്പനികൾക്ക് പോലുമുണ്ട് ഡിസൈൻ കൺസൾട്ടന്റ്സ്. എങ്കിലും വീടിന്റെ ഉടമകൾക്കും പെയ്‌ന്റിംഗിനെക്കുറിച്ച് അല്പം ധാരണയുള്ളത് നല്ലതു തന്നെ.

1. ഇപ്പോൾ പെയ്‌ന്റ് അടിക്കണോ അതിനു മുമ്പ് പുട്ടിയിടണം എന്ന മട്ടാണ്. പുട്ടിയിട്ട് പെയ്‌ന്റ് ചെയ്‌താൽ മിനുസവും ഭംഗിയും കൂടുമെങ്കിലും ചെലവും അധികമാകും. പുട്ടിയിടാതെ പ്രൈമർ മാത്രം അടിച്ചു പെയ്‌ന്റ് ചെയ്‌താൽ പെയ്‌ന്റിംഗ് ചെലവ് നാല്പതു ശതമാനമെങ്കിലും കുറയ്‌ക്കാം.

2. വെള്ളപെയ്‌ന്റിനാണ് ഏറ്റവും ചിലവു കുറവ്. കണ്ണിനും കുളിർമ തരുന്ന വെള്ള അടിസ്‌ഥാനനിറമായി സ്വീകരിച്ച് കടും നിറങ്ങൾ ബോർഡറായോ മുറിയുടെ ഒരു വശത്തെ ഭിത്തിക്കു മാത്രമോ നൽകാം. നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ വിലയും ശ്രദ്‌ധിക്കണം. കാരണം ചില നിറങ്ങൾക്ക് വില പ്രകടമായി കൂടുതലാണ്.

3. ഗ്ലോസി, മാറ്റ് എന്നിങ്ങനെ വ്യത്യസ്‌ത ഫിനിഷിൽ ഇന്നു പെയ്‌ന്റ് കിട്ടും. ഗ്ലോസി പെയ്‌ന്റ് അടിച്ചാൽ ചെളിയോ മറ്റോ പറ്റിയാൽ എളുപ്പം വൃത്തിയാക്കാം. എന്നാൽ പെയ്‌ന്റിംഗിലെ പാളിച്ചകൾ അതായത് ബ്രഷിന്റെ പാടുകളും മറ്റും ഇത്തരം പെയ്‌ന്റ് എടുത്തുകാട്ടും.

4. വളരെ കടും നിറങ്ങൾ അടിച്ചാൽ വീടിന്റെ ഡിസൈൻ, ആർക്കിടെക്‌ച്ചർ ഇതെല്ലാം അതിൽ മുങ്ങിപ്പോകും. അതേ സമയം തീരെ ഡൾ ആയ കളറുകൾ തെരഞ്ഞെടുത്താൽ വീടിനു ഒരു മുഷിഞ്ഞ മട്ടാകും.

5. ഒരു മുറിയിൽ ഒന്നിലേറെ നിറങ്ങൾ അടിക്കുമ്പോൾ അത് ഇളം കടും നിറങ്ങളുടെ കോമ്പിനേഷൻ ആകാൻ ശ്രദ്ധിക്കുക. ഒന്നിലേറെ കടും നിറങ്ങൾ ഒരേ മുറിയിൽ വരുന്നത് തീർച്ചയായും ഒഴിവാക്കണം.

6. വെന്റിലേഷന്റെ കുറവു കൊണ്ട് ഇരുണ്ടു പോയ മുറികൾ പെയ്ന്റ് ചെയ്യുമ്പോൾ മഞ്ഞയുടെ ഷേയ്‌ഡുകൾ നൽകിയാൽ അല്പം കൂടെ വെളിച്ചം കിട്ടും. കിടപ്പുമുറികളിൽ ഇളം നീല, പിങ്ക്, ഇളം പച്ച തുടങ്ങിയ കൂൾ നിറങ്ങളാണ് അഭികാമ്യം.

| Zeba

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.