HOME

Staircase: ഒഴിവാക്കേണ്ട പിഴവുകള്‍

സ്‌റ്റെയര്‍കേസുകള്‍, വീടിന്റെ ആകര്‍ഷണീയത കൂടിയാണ്. വൈവിധ്യമാര്‍ന്ന മോഡലുകളില്‍ സ്റ്റെയര്‍കേസുകള്‍ തീര്‍ക്കാം. എന്നാല്‍ സ്‌റ്റെയര്‍കേസ് നിര്‍മിതിയില്‍ വരുന്ന പൊതുവായ കുഴപ്പങ്ങള്‍ തിരിച്ചറിയണം. സ്റ്റെയര്‍കേസിന്റെ വീതിയോ പടികളുടെ എണ്ണമോ പടികള്‍ തമ്മിലുളള ഉയരമോ ഇതേതും കുഴപ്പം സൃഷ്ടിക്കാം.

സ്‌റ്റെയര്‍കേസിന്റെ വീതി
വന്‍നിലക്കെട്ടിടങ്ങളില്‍ സ്‌റ്റെയര്‍കേസിന്റെ വീതി സ്ഥലപരിമിതി മൂലം കുറയ്ക്കാറുണ്ട്. ഇത്തരം സ്‌റ്റെയര്‍കേസുകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നവയാണ്. 125 സെന്റിമീറ്ററാണ് സ്റ്റെയര്‍കേസിന് മിനിമം വേണ്ട വീതി. അപ്പാര്‍ട്ട്‌മെന്റുകളില്‍ ധാരാളം ആളുകള്‍ ഉപയോഗിക്കുന്ന സ്‌റ്റെയര്‍കേസില്‍ പ്രത്യേകിച്ചും.

സ്‌റ്റെയര്‍റൈസറുകളുടെ ഉയരം
സ്‌റ്റെയര്‍ റൈസറുകള്‍ ഓരോ ചവിട്ടുപടികളുടെയും ഉയരം ക്രമീകരിക്കുന്ന വശങ്ങളിലെ ലംബമായ ബോര്‍ഡുകളാണ്. റൈസറുകളുടെ മാക്‌സിമം ഉയരം 190mm ഉം മിനിമം 150mmഉം ആണ്. 190mm ല്‍ കൂടുതല്‍ ഉയരമുളള റൈസറുകള്‍ വളരെ ദുഷ്‌കരമാണ്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ചവിട്ടിക്കയറാന്‍ ബുദ്ധിമുട്ടുണ്ടാകും. റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങില്‍ 190mm ഉം കൊമേഷ്യല്‍ ബില്‍ഡിങ്ങില്‍ 170mm ഉം ആണ് റൈസറുകളുടെ പരമാവധി ഉയരം. മുകളില്‍ നിന്ന് താഴെ വരെ റൈസറുകള്‍ക്ക് ഒരേ വലുപ്പമായിരിക്കണം. ഇല്ലെങ്കില്‍ അപകടസാദ്ധ്യതയേറെയാണ്.

കുത്തനെ ചെരിവുളള സ്റ്റെയറുകള്‍
സ്ഥലലാഭത്തിനായും ഡിസൈനിലെ അപാകത കൊണ്ടുമാണ് ഇത്തരത്തില്‍ ചെരിവ് സ്റ്റെയറിനുണ്ടാകുന്നത്. ഇങ്ങനെയുളളിടത്ത് പ്രായമായവര്‍ക്ക് നടന്നുകയറാന്‍ ബുദ്ധിമുട്ടുണ്ടാകും. ലിഫ്റ്റില്ലാത്ത വലിയ കെട്ടിടങ്ങളില്‍ മുകള്‍നിലകളിലുളളവര്‍ക്ക് ഈ സ്റ്റെയറുകള്‍ പ്രശ്‌നം സൃഷ്ടിക്കും. 30 ഡിഗ്രി ചെരിവ് സ്റ്റെയറുകള്‍ക്ക് അഭികാമ്യമാണ്. 45 ഡിഗ്രിയില്‍ കൂടാനും പാടില്ല. ചവിട്ടുപടികളുടെ വലുപ്പം 200mm ആയാല്‍ അത് അപകടത്തിനിടയാക്കും. വീടുകളില്‍ 250mm വലുപ്പവും നോണ്‍ റസിഡന്‍ഷ്യല്‍ ബില്‍ഡിങ്ങുകളില്‍ 300mm വലുപ്പവുമാണ് വേണ്ടത്. ചവിട്ടുപടികള്‍ തമ്മിലുളള ഉയരവും പ്രധാനമാണ്.

തെന്നിവീഴാവുന്ന ഫ്‌ളോര്‍
സ്‌റ്റെയര്‍ ഫ്‌ളോറില്‍ എപ്പോഴും ഉറപ്പുളള മെറ്റീരിയല്‍ വേണം ഉപയോഗിക്കേണ്ടത്. തെന്നിവീഴുന്ന ഫ്‌ളോറുകള്‍ വളരെ ഗുരുതരമായ അപകടങ്ങള്‍ വരുത്തും. മാര്‍ബിള്‍ ഫ്‌ളോര്‍ വീടുകള്‍ക്ക് ഉചിതമാണ്. മഴയേല്‍ക്കുന്ന സ്ഥലത്തെ സ്റ്റെയര്‍ സ്റ്റെപ്പുകള്‍ക്ക് പോളിഷ്ഡ് അല്ലാത്ത റഫ്‌ടൈലുകളാണ് നല്ലത്.

കൈവരികളുടെ ഉയരം
കൈവരികള്‍ സുഗമമായ സഞ്ചാരത്തെ സഹായിക്കുന്നതാവണം. രാത്രിയിലും പകലും കാണാവുന്നതായിരിക്കണം കൈവരികള്‍. സ്റ്റെയറുകളുടെ ഇരുവശത്തും കൈവരികള്‍ പിടിപ്പിക്കണം. ഭിത്തിയോടു ചേര്‍ന്നാണ് സ്‌റ്റെയര്‍ വരുന്നതെങ്കില്‍ ഭിത്തിയില്‍ ചേര്‍ത്ത് കൈവരി വയ്ക്കാം. കൈവരിയുടെ ഉയരം 800mm കുറയാന്‍ പാടില്ല. 900mm ല്‍ കൂടാനും പാടില്ല. വീടുകളിലെ സ്റ്റെയറിന്റെ കൈവരികള്‍ക്കിടയിലെ സ്ഥലം 250mm ല്‍ കൂടാന്‍ പാടില്ല.

വെളിച്ചം
സ്റ്റെയറില്‍ വെളിച്ചവിതാനം ശരിയായി ഉണ്ടാകണം. സ്റ്റെയര്‍കേസിന്റെ മുകളിലും താഴെയും സ്വിച്ചുകള്‍ പിടിപ്പിക്കുന്നതിലൂടെ രാത്രിയില്‍ അപകടം ഒഴിവാക്കാം. പകല്‍സമയങ്ങളില്‍ സ്വാഭാവികപ്രകാശം വീഴും വിധമാണ് സ്റ്റെയര്‍കേസെങ്കില്‍ അമിതവൈദ്യുതിച്ചാര്‍ജ് കുറയ്ക്കാം. കുട്ടികളുളള വീടുകളില്‍ സ്റ്റെയറുകള്‍ക്ക് അത് വീടിനുളളിലായാലും ടെറസിലായാലും ഗേററുകള്‍ വയ്ക്കുന്നത് ഉചിതമാണ്. സ്റ്റെയറുകള്‍ക്ക് സമീപം കഴിയുന്നതും പൈപ്പുകള്‍ വയ്ക്കരുത്.

| Gijimol P

1 Comment

  1. Is the Tread X Riser equal to 300mm X 150 mm for the residences as per the new amendment in the KMBR with a minimum width of the stair being 1200mm?

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.