HOME

സീലിങിന് തടിയോ പ്ലാസ്റ്റര്‍ ഓഫ് പാരീസോ?

വീടിന് ഫ്‌ളോറിങ് പോലെ പ്രധാനമാണ് സീലിങ്. മുകളിലായത്‌കൊണ്ട് ശ്രദ്ധ പതിയില്ലെന്നൊന്നും സീലിങിന്റെ കാര്യത്തില്‍ ചിന്തിക്കരുത്. വിവിധതരത്തിലുളള സീലിങ്ങുകള്‍, അവയുടെ ഗുണദോഷങ്ങള്‍.

തടി കൊണ്ടുളള സീലിങ് വളരെ പണ്ടുതൊട്ടേ നിലവിലുളളതാണ്. മുറിയില്‍ ഏററവും സുഖപ്രദമായ അന്തരീക്ഷമാണ് ഈ സീലിങ് നല്കുന്നത്. തടി മച്ചില്‍ നിരവധി ഡിസൈനുകള്‍ ചെയ്യാം. തടി കൊണ്ടുളള സീലിങ് കലാചാരുതയേറുന്നതാണ്. പോളീഷിങിലാണ് തടി സീലിങ്ങിന്റെ ഭംഗി ഇരിക്കുന്നത്. ഇവയ്ക്ക് ചിലവേറും. തടി ഗുണനിലവാരം കുറഞ്ഞതാണെങ്കില്‍ വളരെ പെട്ടെന്ന് ചിതലിന്റെ ആക്രമണം ഉണ്ടാകാം. പൊടിയും മാറാലയും മറ്റും പറ്റിപ്പിടിച്ചാല്‍ വൃത്തിയാക്കുക ദുഷ്‌കരമാകും.

പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ടുളള ജിപ്‌ബോര്‍ഡുകളാണ് സീലിങ്ങിലെ മറ്റൊരു താരം. വളരെ കടുത്ത പ്രതലമായിരിക്കും. വളരെ വേഗം ലെവല്‍ ചെയ്യാന്‍ കഴിയും. വിളളലുകള്‍ ഉണ്ടാകില്ല.പെയിന്റുമായി പ്രതിപ്രവര്‍ത്തനം ഉണ്ടാകില്ല. ഫയര്‍ റസിസ്റ്റന്റാണ്. ഡെക്കറേറ്റിവ് ഇന്റീരിയര്‍ ഫിനിഷിങ്ങിന് അനുയോജ്യമാണ്. സിമന്റുമായി സംയോജിപ്പിക്കാനാവില്ല എന്നത് ഇവയുടെ പോരായ്മയാണ്. കൂടാതെ സിമന്റിനേക്കാളും സിമന്റ് ലൈം പ്ലാസ്റ്ററിങ്ങിനെക്കാളും വിലയേറും. ഈര്‍പ്പമുളള അന്തരീക്ഷത്തില്‍ ഉപയുക്തമല്ല. ലേബര്‍കോസ്റ്റും കൂടുതലാണ്. കട്ടിയുളളതും സ്മൂത്തായുമായ ഫിനിഷിങ്ങാണ് പ്ലാസ്റ്റര്‍ ഓഫ് പാരീസ് നല്കുന്നത്. സീലിങ്ങിന് അരികിലും വശങ്ങളിലും കമാനങ്ങളിലും ഇവ കൊണ്ട് പ്രത്യേക ഡിസൈന്‍ തീര്‍ത്താല്‍ ഭംഗി കൂടും.

സീലിങ് ടൈലുകള്‍ മുറിയുടെ മുഖച്ഛായ തന്നെ മാറ്റും. വ്യത്യസ്തമായ ഡിസൈനുകളിലും സ്റ്റൈലിലും ഇവ ലഭിക്കും. റൂം ഒരുപരിധിവരെ സൗണ്ട്പ്രൂഫ് ആയിരിക്കാനും സീലിങ് ടൈല്‍ സഹായകമാണ്. ഇവ വളരെ വേഗം ഇവ വൃത്തിയാക്കാം. സെറാമിക് ടൈലുകള്‍ വിവിധആകൃതിയില്‍ സീലിങ്ങില്‍ ചെയ്യാറുണ്ട്. ടിന്‍, മെറ്റല്‍, കോപ്പര്‍, വിനൈല്‍, ഫൈബര്‍ഗ്ലാസ് എന്നിങ്ങനെ പോകുന്നു ടൈലുകള്‍. ഇവയില്‍ ഗ്ലേസ്ഡ് ടൈലുകള്‍ക്കാണ് പ്രിയം. വില കുറച്ച് കൂടുമെന്നത് ആണ് ഇവയുടെ പോരായ്മ. പ്ലാസ്റ്റര്‍ ടൈലുകളെക്കാള്‍ മെററല്‍ ടൈലുകളാണ് ഗുണങ്ങളില്‍ മുന്നില്‍ നില്ക്കുന്നത്. ഇവ ഈടുനില്ക്കുന്നതും ഈര്‍പ്പത്തെ പ്രതിരോധിക്കുന്നതുമാണ്. ഉറപ്പിക്കാന്‍ അധികം സമയം ആവശ്യമില്ല.

കോണ്‍ക്രീറ്റ് ചെയ്ത സാധാരണവീടുകളില്‍ സ്ലാബുകളാണ് സീലിങായി വരുന്നത്. ഇവ നന്നായി തേച്ച് പെയിന്റ് ചെയ്താണ് ഭംഗിയാക്കുന്നത്. എളുപ്പം അഴുക്കാകാത്ത ഇടമായതിനാല്‍ എമല്‍ഷന്‍ പെയിന്റ് അടിച്ചാല്‍ തിളക്കം കൂടും. മുഴകളോ തടവോ ഇല്ലാതെ തേച്ചു ഫിനിഷ് ചെയ്തവയായിരിക്കണം സീലിങ്. പെയിന്റ് ചെയ്യുമ്പോള്‍ സീലിങ് ലൈറ്റിന്റെയും ഫാനിന്റെയും നിറത്തിനിണങ്ങണം. ഇനി സീലിങ്ങില്‍ ഓടുകള്‍ പാകിയിരിക്കുകയാണെങ്കില്‍ മധ്യഭാഗം എടുത്തുനില്ക്കത്തവിധം പെയിന്റ് ചെയ്യാവുന്നതാണ്. കാശുണ്ടെങ്കില്‍ കണ്ണാടികളും സീലിങില്‍ പതിക്കാം. മുറിക്കൊരു ത്രിഡി എഫക്ട് കിട്ടും.

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.