Kitchen: നവീകരണം ശ്രദ്ധയോടെ
വീടിന്റെ ഇന്റീരിയര്‍ മോടിപിടിപ്പിക്കുംപോലെ പ്രാധാന്യമുളളതാണ് അടുക്കളയുടെ നവീകരണം. ശ്രദ്ധയോടെ വ്യക്തമായ രൂപരേഖ തയ്യാറാക്കി നവീകരിച്ചാല്‍ എത്ര പഴയ അടുക്കളയും മോഡേണാകും. അടുക്കളക്ക് വലുപ്പം കുറവായാലും കൂടുതലായാലും ചിട്ടയായ ക്രമീകരണങ്ങളിലൂടെ പരമാവധി സൗകര്യം ഒരുക്കാം. അതിന് ചെയ്യേണ്ടത് ഇത്രമാത്രം…
പഴയ കൗണ്ടര്‍ടോപ്പ് മാറ്റി പുതിയത് ചെയ്യുകയാണ് അടുക്കളയ്ക്ക് പുതുമോടി നല്കാനുളള ആദ്യപടി. ഭംഗിയും വൃത്തിയും ലഭിക്കാന്‍ ഗ്രാനൈറ്റ് കൗണ്ടര്‍ടോപ്പാണ് ഉചിതം. അടുക്കളയില്‍ പാചകം ചെയ്യുന്ന ആളുടെ സൗകര്യാര്‍ത്ഥമായിരിക്കണം കൗണ്ടര്‍ടോപ്പിന്റെ ഉയരം. കബോഡുകളും സ്‌റ്റോറേജ് ഏരിയയും ആവശ്യത്തിനുണ്ടാവണം. പഴയ അടുക്കളയില്‍ ഇവ കുറവായിരുന്നുവെങ്കില്‍ പുതുക്കുമ്പോള്‍ കൂടുതല്‍ ക്യാബിനറ്റുകള്‍ ക്രമീകരിക്കാം. ഷെല്‍ഫുകള്‍ക്ക് ഗ്ലാസ് ഡോര്‍ ആയാല്‍ കൂടുതല്‍ ആകര്‍ഷകമായിരിക്കും. പാത്രം കഴുകാനുളള സിങ്ക് നിശ്ചയമായും ഉണ്ടായിരിക്കണം. ഫ്രിഡ്‌ജ്, മിക്‌സി, മൈക്രോവേവ് എന്നിവ വയ്ക്കാനുളള ഇടവും പ്ലഗ്‌പോയിന്റും ക്രമീകരിക്കണം. ഹോബ്, ഹുഡ്, വാട്ടര്‍ പ്യൂരിഫയര്‍, തുടങ്ങിയ സൗകര്യങ്ങള്‍ കൂടിയായാല്‍ അടുക്കള അടിപൊളിയാക്കാം.
അടുക്കളയ്ക്ക് വലുപ്പമുണ്ടെങ്കില്‍ ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് ടേബിളിനുളള സ്ഥലം കണ്ടെത്താം. വായുസഞ്ചാരത്തിനും വെളിച്ചത്തിനുമായി വെന്റിലേഷനും ജനാലയും വേണം. എക്‌സോസ്റ്റ് ഫാനും അടുക്കളയില്‍ ആവശ്യമാണ്. ഫ്‌ളോറിങ്ങിന് ഉപയോഗിക്കുന്ന മെറ്റീരിയല്‍ ഗുണനിലവാരമുള്ളതും എളുപ്പത്തില്‍ വൃത്തിയാക്കാവുന്നതുമാകണം. സെറാമിക് ടൈലുകളാണ് വൃത്തിയാക്കാന്‍ ഏറ്റവും എളുപ്പം. ഭിത്തിക്കായി കൗണ്ടര്‍ടോപ്പിനും ഫ്‌ളോറിങ്ങിനും ഇണങ്ങുന്ന നിറത്തിലുളള പെയിന്റ് തെരഞ്ഞെടുക്കാം. ചെറിയ അടുക്കളയില്‍ ഇളംനിറങ്ങളാണ് നല്ലത്. ലൈറ്റിംഗ് റിനവേഷനില്‍ പ്രധാനമാണ്. അടുക്കളയില്‍ എല്ലായിടത്തും ഒരുപോലെ പ്രകാശം വിതറുന്ന യൂണിഫോം ലൈറ്റിംഗും പ്രത്യേക ഒരു ജോലി ചെയ്യാനായി ടാസ്‌ക് ലൈറ്റിംഗും ചെയ്യാം.
| Gijimol P

