HOME

ഫര്‍ണിച്ചര്‍ സുന്ദരമാക്കും upholstery

ഫര്‍ണിച്ചറിന്റെ ഭംഗി അതിന്റെ അപ്‌ഹോള്‍സ്റ്ററിയിലൂടെയാണ് പുറത്തുവരുന്നത്. അപ്‌ഹോള്‍സ്റ്ററി മോശമായാല്‍ ഫര്‍ണിച്ചറും മോശമാകും. ഫര്‍ണിച്ചര്‍ അപ്‌ഹോള്‍സ്റ്ററി രണ്ടുവിധത്തിലാണ് . കവേഡ് (covered) അപ്‌ഹോള്‍സ്റ്ററിയും ലൂസ് അപ്‌ഹോള്‍സ്റ്ററിയും. കവേഡെന്നാല്‍ കാലുകളും കൈപ്പിടികളും ഒഴികെയുള്ള ഭാഗം പൂര്‍ണമായും അപ്‌ഹോള്‍സ്‌റററി ചെയ്തതായിരിക്കും. കുഷ്യനുകള്‍ പിടിപ്പിച്ചിരിക്കുന്നതിനാല്‍ എടുത്തുമാറ്റാന്‍ കഴിയില്ല. തടിയധികം പുറത്തു കാണില്ലെന്നതിനാല്‍ വിലകൂടിയ തടി ആവശ്യമില്ല. ഫിക്‌സ്ഡ് ആയതിനാല്‍ ഇവ വൃത്തിയാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. ലൂസ് അപ്‌ഹോള്‍സ്റ്ററിയില്‍ കുഷ്യനും ഹെഡ്‌റെസ്റ്റും എടുത്തുമാറ്റാനാവും. തേക്ക്, ഈട്ടി പോലുള്ള വിലകൂടിയ തടികളാണ് ഇത്തരം ഫര്‍ണിച്ചറിന് അഭികാമ്യം. ലൂസ് അപ്‌ഹോള്‍സ്റ്ററിയില്‍ പുറംകവര്‍ ഇടുന്നത് നല്ലതാണ്.

അപ്‌ഹോള്‍സ്റ്ററി ചെയ്യുമ്പോള്‍ പ്ലൈവുഡ് ഫ്രെയിം അടിച്ചു സ്പ്രിങ്ങും ഇലാസ്റ്റിക് ടേപ്പും പിടിപ്പിക്കുന്നു. ഇതിനുമുകളില്‍ ഡിസൈന്‍ അനുസരിച്ച് പിയുഫോം പിടിപ്പിക്കുന്നു. ഫോമിന് മുകളിലാണ് വൂള്‍, കോട്ടണ്‍, റെക്‌സിന്‍, വെല്‍വറ്റ്, ലെതര്‍, റെയോണ്‍, പോളിയെസ്റ്റര്‍, നൈലോണ്‍ എന്നിവയില്‍ ഏതെങ്കിലും മെറ്റീരിയല്‍ കൊണ്ട് പൊതിയുന്നത്. ലെതറില്‍ കൂടിയ വിലയുള്ളതിനാണ് ഈടുനില്പ്. റെക്‌സിനും വലിയ ഗുണമേന്‍മയില്ല. ഇവയ്ക്ക് രണ്ടിനും ചൂടും കൂടിയിരിക്കും. ഈടുനില്ക്കുന്ന പ്ലൈവുഡ് തിരഞ്ഞെടുത്തില്ലെങ്കില്‍ പ്രാണികളുടെ ഉപദ്രവത്താല്‍ ദ്രവിക്കാന്‍ സാധ്യതയുണ്ട്. അതുപോലെ ഫോമും പശയും ഗുണനിലവാരം ഉള്ളതാകണം. ഇല്ലെങ്കില്‍ വളരെ വേഗം പൊളിഞ്ഞു പോകും. പെട്ടെന്ന് ദ്രവിക്കുകയും ചെയ്യും. ആഞ്ഞിലി, പൂവരശ് എന്നിവ കുത്തല്‍ വീഴാത്ത തടികളാണ്. ആണിയടിക്കാതെ സ്റ്റേപ്പിള്‍ ചെയ്യുന്ന അപ്‌ഹോള്‍സ്റ്ററിയും ഉണ്ട്. ഇവയ്ക്ക് ഫിനിഷിങ്ങും ഈടുനില്പും ഉണ്ടാകുമെങ്കിലും വിലകൂടും.

| Gijimol P

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.