HOME

വീടിനഴകായി മരങ്ങള്‍

നിങ്ങളുടെ പൂന്തോട്ടത്തിലോ വീടിനു സമീപമോ ഒരു മരം നട്ടു വളര്‍ത്തിയാലോ? മരങ്ങള്‍ കണ്ണിനഴകാണ്, തണലേകും, വീടിനുള്ളിലെ ചൂടു കുറയ്‌ക്കും. വീടിനു പരിസരത്തു വളര്‍ത്താവുന്ന  വൃക്ഷങ്ങളുണ്ട്. അവയില്‍ ഫലവൃക്ഷങ്ങളും സുഗന്ധവൃക്ഷങ്ങളും ഔഷധഗുണമുള്ളവയും ഉണ്ട്. ഇതാ അവയില്‍ ചിലത്.

ഇലഞ്ഞി- പേര് പറയുമ്പോള്‍ തന്നെ മനസിലേക്ക് വരിക പൂവിന്റെ സുഗന്ധമാണ്. വാടിയാലും ഇലഞ്ഞിയുടെ ഗന്ധം മാറില്ല. തണല്‍മരമായും അലങ്കാരവൃക്ഷമായും ഇലഞ്ഞി വളര്‍ത്തുന്നു. നിത്യഹരിതവൃക്ഷമായ ഇലഞ്ഞിയുടെ വളര്‍ച്ച പതുക്കെയാണ്. പൂവിടുന്നത് മാര്‍ച്ച്-ഏപ്രില്‍ മാസമാണ്. ഔഷധഗുണമുള്ള പൂവും തൊലിയും കായുമാണ് ഇവയുടേത്.
മന്ദാരം- മഴ കുറവുള്ളിടത്താണ് അലങ്കാരവൃക്ഷമായ മന്ദാരം വളരുന്നത്. ഇവയ്ക്ക് നല്ല സൂര്യപ്രകാശം വേണം. വളക്കൂറുള്ള മണ്ണും ജലാംശവും വേണം. സെപ്റ്റംബര്‍ -ഡിസംബര്‍ മാസമാണ് പൂവിടല്‍ കാലം.
കണിക്കൊന്ന- ചിരപരിചിതമായ വൃക്ഷമാണിത്. വലുപ്പം ഇടത്തരമാണെങ്കിലും കേരളത്തിന്റെ ഔദ്യോഗികവൃക്ഷം. വിഷുക്കാലമാണ് പൂക്കാലം. ഇലപൊഴിക്കുന്ന ഇവയ്ക്ക് ഔഷധഗുണവുമുണ്ട്. വരള്‍ച്ചയെ നേരിടാന്‍ കഴിവുള്ള ഇവ ഏതു മണ്ണിലും വളരും. ചെറിയ തണല്‍ വേണമെന്ന് മാത്രം
നെല്ലി- വളരാന്‍ സൂര്യപ്രകാശം വേണം. തുറസ്സായ സ്ഥലമാണ് നെല്ലിക്ക് നല്ലത്. വെറുതെ കഴിച്ചാല്‍ പോലും ഗുണകരമാണ്. ച്യവനപ്രാശത്തിലെ ചേരുവ. മുടി വളര്‍ച്ചയ്‌ക്ക് ഉത്തമ ഔഷധം.
അശോകം- അലങ്കാരത്തിനും ഔഷധത്തിനും കൊള്ളാം നിത്യഹരിതമാണ്. പുരാണപ്രാധാന്യമുള്ള പൂമരം. തണലും ഈര്‍പ്പമുള്ള മണ്ണും അനുയോജ്യം. ജനുവരി-മാര്‍ച്ച് കാലയളവിലാണ് പൂക്കാലം.
വേപ്പ്-ശ്രേഷ്ഠവൃക്ഷമാണ് വേപ്പ്. വീട്ടുമുറ്റത്തെ വൈദ്യന്‍ എന്ന് വിശേഷണം. പൈതൃകമഹിമയും ഉണ്ട്.
കൂവളം- ആയുര്‍വേദത്തില്‍ ദശമൂലഗണത്തില്‍ പെടുന്നു. മഴ കുറഞ്ഞിടത്തും വളരും. ഇലപൊഴിക്കും. മേയില്‍ പൂവിടും.
ചമത-കടുംചുവപ്പ് നിറത്തില്‍ പൂത്തുലഞ്ഞ് നില്‍ക്കും. പ്ലാശ് എന്നും വിളിക്കും. ഫെബ്രുവരി മാര്‍ച്ച് മാസമാണ് പുഷ്പിതകാലം. ഫ്‌ളെയിം ഓഫ് ഫോറസ്‌ററ് എന്നാണ് വിശേഷണം. വളരാന്‍ വളക്കൂറുള്ള മണ്ണ് വേണമെന്നില്ല. വരള്‍ച്ചയിലും വളരുന്ന അലങ്കാരവൃക്ഷം
ചെമ്പകം-പൂവുകളുടെ  സുഗന്ധമാണ് ചെമ്പകത്തെ വേറിട്ട് നിറുത്തുന്നത്. നിത്യഹരിതമാണ്. ഉദ്യാനവൃക്ഷമാക്കാം. വീടിന് സമീപമാണെങ്കില്‍ ശിഖരങ്ങള്‍ വെട്ടി നിറുത്തണം. വളര്‍ച്ച സാവധാനമാണ്
പേര- എവിടെയും വളരും. ഏത് കാലാവസ്ഥയെയും അതിജീവിക്കും. മാര്‍ച്ച് മുതല്‍ പൂക്കാലം. പഴത്തില്‍ നാരുകള്‍ കൂടുതലുണ്ട്.
മാതളം- മാതളനാരങ്ങ ഔഷധമൂല്യമുള്ള പഴമാണ്. കാലാവസ്ഥ വളര്‍ച്ചയ്‌ക്ക് പ്രശ്‌നമല്ല.
ചന്ദനം-ഉയര്‍ന്ന സ്ഥലമായിരിക്കണം, മഴ കുറവായിരിക്കണം. വളര്‍ച്ച സാവധാനമാണ്.

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.