HOME

വീടുപണിക്കും തെങ്ങ്

വീട് വയ്ക്കുമ്പോള്‍ പറമ്പിലെ തെങ്ങ് വെട്ടി കളയേണ്ടി വന്നാലും വിഷമിക്കേണ്ട. വീടുനിര്‍മ്മാണത്തിന് ആ തെങ്ങിന്‍ തടി നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. പട്ടിക, കഴുക്കോല്‍, ഫര്‍ണിച്ചര്‍, വാതില്‍, ജനല്‍, കപ്‌ബോര്‍ഡ്  തുടങ്ങിയവയെല്ലാം തെങ്ങിന്‍തടിയില്‍ തീര്‍ക്കാം.

വിലക്കുറവ് തന്നെയാണ് തെങ്ങിന്റെ മുഖ്യആകര്‍ഷണം. ഒരു തെങ്ങിന് 500-600 രൂപ വരെയാണ് വില ആകുക. തേക്കിനും മറ്റ് തടികള്‍ക്കും പതിനായിരത്തിന് മുകളിലാണ് ചെലവെന്നോര്‍ക്കണം. 50 വര്‍ഷമെങ്കിലും മൂപ്പുള്ള തെങ്ങാണ് നിര്‍മ്മാണത്തിനു വേണ്ടത്. കടുപ്പക്കൂടുതല്‍ ലഭിക്കാനാണ് മൂപ്പുള്ള തെങ്ങ്. തെങ്ങുമുറിച്ചാല്‍ ഉടന്‍ തന്നെ അറപ്പിക്കണം. പിന്നീട് തടി കെമിക്കല്‍ ട്രീറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനായുള്ള കെമിക്കല്‍ ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ ഇപ്പോള്‍ വ്യാപകമാണ്. കട്ടിളയും വാതിലും ഫര്‍ണിച്ചറും നിര്‍മ്മിക്കാന്‍ തടിയുടെ പുറംഭാഗമാണ് അനുയോജ്യം. പാര്‍ട്ടിക്കിള്‍ ബോര്‍ഡിനും വാതിലിന്റെ ഫില്ലറിനും ഏറ്റവും ഉള്ളിലെ ഭാഗം എടുക്കാം.

മൂപ്പെത്തിയ തെങ്ങില്‍ നിന്ന്  ആറ്- എട്ട് കോല്‍ തടി ലഭിക്കും. അറക്കുമ്പോള്‍ 3.2 ക്യൂബിക് അടിയാണ് കിട്ടുന്നത്. ഒരു വാതിലിന് ഇത് ധാരാളം. ഒരു തെങ്ങ് അറുത്താല്‍ രണ്ട് കട്ടിള കിട്ടും.  ഭംഗിയും ഉറപ്പുമുള്ള ഫര്‍ണിച്ചറും തെങ്ങിന്‍ തടിയില്‍ നിര്‍മ്മിക്കാം. നന്നായി പോളീഷ് ചെയ്താല്‍ തനിമയാര്‍ന്ന ഡിസൈനില്‍ സ്‌റ്റൈലന്‍ ഫര്‍ണിച്ചര്‍ ലഭിക്കും. സ്റ്റെയര്‍കേസ് കൈവരികളുടെ നിര്‍മ്മാണത്തിനും തെങ്ങിന്‍തടി ഉപയോഗിച്ച് വരുന്നു. അടുക്കളയില്‍  തെങ്ങിന്‍തടി ഉപയോഗിക്കുമ്പോള്‍ പോളീഷ് ചെയ്യരുത്. പകരം പെയിന്റ് ചെയ്യാം. പോളീഷ് ചെയ്താല്‍ തെങ്ങിന്‍തടി അടുക്കളയിലെ ഗന്ധങ്ങള്‍ പിടിച്ചെടുക്കും.

Photo coutresy: ittrademarket.com

| Gijimol P

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.