കാറ്റും വെളിച്ചവും നിറയാന്‍ Pergola
പര്‍ഗോള വീടിന് ആധുനികതയുടെ പരിവേഷമാണ് നല്‍കുന്നത്. കോണ്‍ക്രീറ്റിലോ തടിയിലോ തീര്‍ത്ത ബീമുകള്‍ നെടുകയും കുറുകെയും നിരത്തിയിട്ടുള്ള സെമി ഓപ്പണ്‍ സ്‌പെയ്‌സാണിത്. ഒരു പ്രത്യേക ഏരിയയില്‍ തണലിന് വേണ്ടി പര്‍ഗോള നിര്‍മിക്കാം. തണലിനൊപ്പം കാറ്റും വെളിച്ചവും കയറിയിറങ്ങും. ഹൗസ് അറ്റാച്ച്ഡ്, ഫ്രീ സ്റ്റാന്‍ഡിങ്ങ് ഇങ്ങനെ രണ്ടുവിധമാണ് പര്‍ഗോള.
വീടിനുള്ളില്‍ നടുമുറ്റത്തും വരാന്തയിലും പര്‍ഗോള സാധാരണമാണ്. ഒരു പ്രത്യേക ഭാഗം വേര്‍തിരിച്ചെടുക്കാനും പര്‍ഗോള ഉപയോഗിക്കാം. വീടിനുള്ളില്‍ നന്നായി കാറ്റും വെളിച്ചവും കയറിയിറങ്ങാന്‍ ഇത് പര്യാപ്തമാണ്. ചതുരാകൃതിയില്‍ ആണ് സാധാരണ പര്‍ഗോള. വൃത്താകൃതിയില്‍ ഉള്ള പര്‍ഗോളയും ഉണ്ട്. എന്നാല്‍ നിര്‍മ്മാണച്ചെലവ് കൂടുതലാണ്. വിവിധ ആകൃതിയിലും നിറത്തിലും ഉള്ള ബീമുകള്‍ കൊണ്ട് തീര്‍ക്കുന്ന പര്‍ഗോള ആകര്‍ഷകമായിരിക്കും. ഫ്രീസ്റ്റാന്‍ഡിങ്ങ് പര്‍ഗോളയെക്കാളും വേഗത്തില്‍ ചെയ്യാവുന്നത് അറ്റാച്ച്ഡ് പര്‍ഗോളയാണ്. കാരണം വീടിനുളളില്‍ പ്രത്യേക തൂണുകള്‍ ആവശ്യമായി വരുന്നില്ല. വീടിനുള്ളിലെ പര്‍ഗോളയില്‍ ഊഞ്ഞാല്‍കട്ടില്‍ തൂക്കാം.
ഫ്രീ സ്റ്റാന്‍ഡിങ്ങ് പര്‍ഗോള സ്വിമ്മിങ്ങ് പൂള്‍ ഡെക്ക്, patio, ഗാര്‍ഡന്‍ എന്നിവിടങ്ങളിലാണ് അനുയോജ്യം. തൂണുകളില്‍ മുകളില്‍ ബീം വാര്‍ത്ത് നടവഴി പോലെയും പര്‍ഗോള തീര്‍ക്കാം. പര്‍ഗോളയില്‍ ഊഞ്ഞാല്‍ കസേര ഇട്ടാല്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള ഇടമായി. പടര്‍ന്ന് കയറുന്ന ചെടികള്‍ പര്‍ഗോളയില്‍ വളര്‍ത്താം. മുന്തിരി വള്ളികളും പടര്‍ന്ന് കയറുന്ന റോസാച്ചെടിയും എല്ലാം പര്‍ഗോളയ്‌ക്ക് വ്യത്യസ്തമുഖം നല്‍കും. ഹാംങ്ങിങ്ങ് ഗാര്‍ഡനിങ്ങും പര്‍ഗോളയില്‍ അനുയോജ്യമാണ്. പര്‍ഗോളയില്‍ വ്യത്യസ്തനിറങ്ങളിലുള്ള പെയിന്റ് നടത്തി കൂടുതല്‍ മനോഹരമാക്കാം.
| Gijimol P

