HOME

ടെറസില്‍ ഒരു പൂന്തോട്ടം

വീട് വയ്ക്കാന്‍ സ്ഥലം തികയാത്ത കാലമാണ്. അപ്പോള്‍ പിന്നെ പൂന്തോട്ടത്തെ കുറിച്ച് പറയാനുണ്ടോ?എന്നാല്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെങ്കില്‍ വെയിലേറ്റ് വെറുതെ കിടക്കുന്ന ടെറസില്‍ പൂന്തോട്ടമോ പച്ചക്കറിത്തോട്ടമോ നിര്‍മിക്കാം. കലാബോധവും പ്രയത്‌നവും ആണ് ടെറസ് ഗാര്‍ഡന്‍ അഥവ റൂഫ് ഗാര്‍ഡന്‍ തീര്‍ക്കാന്‍ ആവശ്യം.

റൂഫിന് പൂന്തോട്ടത്തിന്റെ ഭാരം താങ്ങാനാകുമോ എന്നതാണ് ആദ്യം നോക്കേണ്ടത്. ഒപ്പം ഫലപ്രദമായ ഒരു ഡ്രെയിനേജ് സംവിധാനവും ടെറസില്‍ ഉണ്ടാകണം. റൂഫ് ഗാര്‍ഡനില്‍ ഒരു ലീക്കും ഉണ്ടാകാന്‍ പാടില്ല. റൂഫ് ഗാര്‍ഡന്‍ ചെയ്യുമ്പോള്‍ ആസ്‌ബസ്റ്റോസ്, ഫൈബര്‍-ഗ്ലാസ്, പ്ലാസ്റ്റിക്, അലുമിനിയം എന്നിവ ഉപയോഗിച്ചാല്‍ അമിതഭാരം കുറയ്‌ക്കാം.

രണ്ടുവിധത്തില്‍ ടെറസ് ഗാര്‍ഡന്‍ തീര്‍ക്കാം. ചെടിച്ചട്ടികള്‍ മാത്രം വച്ചുള്ള ഗാര്‍ഡന്‍ ആണ് ആദ്യത്തേത് . വര്‍ണവൈവിധ്യമുള്ള ചെടികള്‍ മനോഹരമായ ചട്ടികളില്‍ വലുപ്പമനുസരിച്ച് ക്രമീകരിക്കാം. ഇനിയൊന്ന് ടെറസില്‍ മണ്ണിട്ട് പുല്ലും ചെടികളും നട്ടുവളര്‍ത്തുന്നതാണ്. വെള്ളം തങ്ങിനില്ക്കാതെ പോകുന്ന ചെരിവാണ് ടെറസിനെങ്കില്‍ അത് അടിയന്തരമായി പരിഹരിച്ച് വേണം ഗാര്‍ഡന്‍ ഒരുക്കാന്‍. ഇനി വാട്ടര്‍ പ്രൂഫിങ്ങ് ചെയ്ത് പ്രതലത്തില്‍ കല്ലുകള്‍ നിരത്തി നെറ്റ് വിരിച്ച് പ്രതലം തയ്യാറാക്കാം. മണ്ണ് തെരഞ്ഞെടുക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കാത്തത് ആകണം. കെട്ടിടത്തിന് അമിതഭാരമാകാത്തവിധമുള്ള മണ്ണ് ആണ് തെരഞ്ഞെടുക്കേണ്ടത്.പീറ്റ് മോസ് (peat moss) അനുയോജ്യമാണ്. ചെലവേറുമെങ്കിലും സാധാരണ മണ്ണുമായി ചേര്‍ത്ത് ഉപയോഗിക്കാം. ടെറസിന് 500 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ ആണ് വലുപ്പം  എങ്കില്‍ ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഡ്രയിനേജ് പൈപ്പ് വേണം.

ഇനി ചെടികള്‍ തെരഞ്ഞെടുക്കാം. ഫൈബര്‍ റൂട്ടുള്ള  ചെടികളാണ് ഗാര്‍ഡനില്‍ വേണ്ടത്. ടാപ് റൂട്ട് ആണെങ്കില്‍ മേല്‍ക്കുരയില്‍ വേരിറങ്ങി വിള്ളല്‍ സൃഷ്ടിച്ചേക്കാം. ചെടികളുടെ നീളം ആഴ്‌ചയില്‍ ഒരിക്കല്‍ 2.5 സെന്റിമീറ്റര്‍ വച്ച് മുറിച്ച് നിറുത്തുന്നത് കുറ്റിച്ചെടിയായി തഴച്ചുവളരാന്‍ സഹായിക്കും. പടര്‍ന്ന് കയറുന്ന ചെടികള്‍ക്കായി പന്തലിട്ട് നല്‍കാം. ഹാങ്ങിങ്ങ് ബാസ്‌കറ്റുകളിലും ഇത്തരം ചെടികള്‍ വയ്ക്കാം. കോഴിവാലന്‍ ചെടി, ബൊഗെയ്ന്‍വില്ല, വിവിധയിനം റോസ്, മുല്ല, കുറ്റിചെമ്പരത്തി, ബിഗോണിയ,സൂര്യകാന്തി,ഡാലിയ,കള്ളിമുള്‍ച്ചെടി എന്നിവക്കൊപ്പം വെണ്ട, തക്കാളി, മുളക്, പാവല്‍, പടവലം, പയര്‍, ചീര എന്നിവയും കണ്ടെയ്‌നറില്‍ കപ്പയും റൂഫ് ഗാര്‍ഡനില്‍ വളര്‍ത്താം. ബോണ്‍സായ് ഫലവൃക്ഷങ്ങളും സ്ഥലസൗകര്യത്തിനനുസരിച്ച് ഗാര്‍ഡന്റെ ഭാഗമാക്കാം.

ചട്ടിയില്‍ ആണ് ചെടി വളര്‍ത്തുന്നതെങ്കില്‍  പ്ലാസ്റ്റിക്, ഫൈബര്‍ ചട്ടികളാണ് നല്ലത്. ജലസേചനം കൂടാനോ കുറയാനോ പാടില്ല. ഡ്രിപ് ഇറിഗേഷനോ നേരിട്ട് വെള്ളമൊഴിക്കുകയോ ആകാം. കളകള്‍ പറിക്കുകയും ഇലകളും അഴുക്കുകളും നീക്കം ചെയ്യുകയും വേണം. വളം ആവശ്യാനുസരണം പ്രയോഗിക്കാം. ടെറസ് ഗാര്‍ഡനില്‍ നടപ്പാത, അലങ്കാരവിളക്കുകള്‍, ചെറിയ ഫൗണ്ടെയ്ന്‍, ചെറിയ കുളം എന്നിവ ഉണ്ടെങ്കില്‍ മനോഹരമായിരിക്കും. വീടിനുള്ളില്‍ ചൂട് കൂടാതിരിക്കാന്‍ സഹായിക്കുമെന്ന് മാത്രമല്ല, വീടിന് ഭംഗിയുമാണ് റൂഫ് ഗാര്‍ഡന്‍.

Photo courtesy: homedesigndecorating.com

| Gijimol P

1 Comment

  1. valuable advise

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.