Gym @ Home
നിങ്ങളുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് വ്യായാമം ചെയ്യാന് വീട്ടിലെ ഒരു മുറി മാത്രം മതിയാകും. അതിരാവിലെ എഴുന്നേറ്റ് ജിംനേഷ്യത്തിലേക്ക് ഓടാതെ തന്നെ വ്യായാമം ചെയ്യാം. ആദ്യം അത്യാവശ്യം കാറ്റും വെളിച്ചവും കയറുന്ന മുറി ജിംനേഷ്യത്തിനായി തെരഞ്ഞെടുക്കുക. മുറിയില് പ്രചോദനം പകരുന്ന ചിത്രങ്ങള് വയ്ക്കുന്നത് വളരെ നല്ലതാണ്. ഒട്ടും മൂഡില്ലാത്ത ദിവസവും മാനസികമായി ഉത്തേജനം പകരാന് ഇത്തരം ചിത്രങ്ങള്ക്ക് കഴിയും.
നിശബ്ദമായ മുറിയില് നിന്ന് എക്സര്സൈസ് ചെയ്യുന്നത് നിങ്ങളെ ബോറടിപ്പിക്കും. അതുകൊണ്ട് ഒരു മ്യൂസിക് സിസ്റ്റം ആകാം. ഇത്തിരി ഫാസ്റ്റായ സംഗീതത്തിനൊപ്പം വ്യായാമം ചെയ്യാം. പക്ഷേ ടെലിവിഷന് വയ്ക്കരുത്. വ്യായാമം ചെയ്ത് കൊണ്ട് ടിവി കാണുന്നത് ശല്യപ്പെടുത്തുകയേയുള്ളു. ഒന്നോ രണ്ടോ ചെടികള് മുറിയില് വയ്ക്കുന്നത് ഫ്രഷ്നസ് നല്കും. തന്നെയുമല്ല ഇത് അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കും. അടുത്തതായി എക്സര്സൈസ് റൂമില് ശരിയായ ലൈറ്റിങ്ങാണെന്ന് ഉറപ്പുവരുത്തണം. നിങ്ങളുടെ ശരീരം നന്നായി കാണത്തക്കവിധമാകണം ലൈറ്റിങ്ങ്. യോഗ പോലുള്ള നിലത്തിരുന്ന് ചെയ്യുന്ന എക്സര്സൈസുകള്ക്ക് റബര് മാറ്റുകളും കുഷ്യന്ഡ് മാറ്റുകളും ജിമ്മിലുണ്ടാകണം.
വ്യത്യസ്തമായ നിറങ്ങളിലും ഡിസൈനിലും ഉള്ള മാറ്റുകള് തെരഞ്ഞെടുക്കണം.വളരെ തെളിച്ചമുള്ള നിറങ്ങളാണ് ചുവരില് അടിക്കേണ്ടത്. പേസ്റ്റല് ഷെയ്ഡുകളായ ക്രീം,മഞ്ഞ കലര്ന്ന ക്രീം എന്നീ നിറങ്ങള് അടിക്കരുത്. ഇവ നിങ്ങളുടെ മൂഡ് ഇല്ലാതാക്കും. ജിംനേഷ്യം മെഷീനുകള് ഉണ്ടെങ്കില് അതിനനുസരിച്ച് വലുപ്പം മുറിക്ക് ഉണ്ടാകണം. എന്നാല് ആവശ്യത്തിലധികം സാധനങ്ങള് മുറിയില് നിറയ്ക്കരുത്. വ്യായാമത്തിനിടയില് ക്ഷീണിക്കുമ്പോള് വെള്ളത്തിനായി ഒരു മിനി ഫ്രിഡ്ജ് വയ്ക്കുന്നത് നല്ലതാണ്. മറ്റേതൊരു മുറി പോലെയും അലങ്കരിക്കാവുന്നതാണ് എക്സര്സൈസ് റൂം. നിങ്ങള്ക്കിഷ്ടമുള്ള ചിത്രങ്ങളും ഫോട്ടോകളും ഇങ്ങനെ അലങ്കരിക്കാന് ഉപയോഗിച്ചു നോക്കൂ.
Photo courtesy: wgtacc.com
| Gijimol P

