കുറഞ്ഞ ചെലവില്‍ Vinyl Flooring
കുറഞ്ഞ ചെലവില്‍ വൈവിധ്യമാര്‍ന്ന നിറങ്ങളും പാറ്റേണുകളും. ഇതാണ് വിനൈല്‍ ഫ്‌ളോറിങ്ങിന്റെ പ്രത്യേകത. നോണ്‍ വാക്‌സി സര്‍ഫസാണ് വിനൈല്‍ ഷീറ്റുകളുടേത്. അതിനാല്‍ അവ പോളീഷ് ചെയ്യേണ്ട ആവശ്യമില്ല. സ്ഥിരമായി നടക്കുന്ന ഭാഗത്ത് തിളക്കം നഷ്ടമായാല്‍ അവിടെ മാത്രമായി പോളീഷ് ചെയ്യാം.
സൂര്യപ്രകാശം കൂടുതല്‍ ഏല്‍ക്കുന്ന മുറിയില്‍ ന്യൂട്രല്‍ കളറുകള്‍ ആണ് നല്ലത്. സ്‌ളേറ്റ്, ഹാര്‍ഡ് വുഡ്, മാര്‍ബിള്‍, സ്റ്റോണ്‍, ടൈല്‍ തുടങ്ങി ഏതിലെയും ഡിസൈനുകള്‍ വിനൈല്‍ ഫ്‌ളോറിങ്ങില്‍ ലഭ്യമാണ്. ഈര്‍പ്പം മൂലം പൊളിഞ്ഞുപോകുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്യുന്നില്ല. കിച്ചണും ബാത്ത്‌റൂമും ഉള്‍പ്പടെ എവിടെയും വിനൈല്‍ ഷീറ്റ് ഉപയോഗിക്കാം. ഇവയ്ക്ക് മെയ്ന്റനന്‍സ് കുറവാണ്. മാര്‍ബിളും ടൈലും പോലെ ഇടയ്ക്ക് വിടവുകള്‍ ഇല്ലാത്തതു മൂലം ഈര്‍പ്പം അടിയിലേക്കിറങ്ങില്ല. ഒരിക്കല്‍ ഒട്ടിച്ച് കഴിഞ്ഞാല്‍ കാലങ്ങളോളം കുഴപ്പമുണ്ടാകില്ല. ഇനി ഇടയ്ക്ക് മുറിച്ച് ഒട്ടിക്കേണ്ടി വന്നാല്‍ അവിടെ ഹീറ്റ് വെല്‍ഡറോ കെമിക്കല്‍ ബോണ്ടിങ്ങോ ചെയ്യാം.
വളരെ പെട്ടെന്ന് തന്നെ വിനൈല്‍ ഫ്‌ളോറിങ്ങ് ചെയ്യാന്‍ സാധിക്കും. ആറു മുതല്‍ 12 ഇഞ്ച് വരെ വിസ്തീര്‍ണ്ണത്തിലാണ് വിനൈല്‍ ഷീറ്റുകള്‍ നിര്‍മ്മിക്കുന്നത്. ഇത് ഒരു വലിയ ഏരിയ പൂര്‍ണ്ണമായി മൂടാന്‍ പര്യാപ്തമാണ്. ഫെല്‍റ്റ് ബാക്കിങ്ങ് വിനൈല്‍ ഷീറ്റും, ഫൈബര്‍ ഗ്ലാസ് വിനൈല്‍ ഷീറ്റുമാണ് ഫ്‌ളോറിങ്ങിന് ഉപയോഗിക്കുന്നത്. ഫൈബര്‍ ഗ്ലാസ് ഫെല്‍റ്റ് ബാക്കിനെ അപേക്ഷിച്ച് മൃദുലവും നവീനമായ ഡിസൈനുമാണ്.
വിനൈല്‍ ഷീറ്റിന് മൂന്ന് അപ്പര്‍ ലെയറാണുള്ളത്.
ടോപ് കോട്ട്-ഇതൊരു പ്രൊട്ടക്ടീവ് ലെയറാണ്. ഇത് യൂറിത്തീന്‍ നിര്‍മ്മിതമാണ്.വൃത്തിയാക്കാന്‍ എളുപ്പമാണ്. പോറലും വരകളും ഉരച്ചിലും ഉണ്ടാകാതെ സംരക്ഷിക്കുന്നു.
പെര്‍ഫോമന്‍സ് ലെയര്‍- ഷീറ്റ് മുറിയാതെയും കീറാതെയും സംരക്ഷണം നല്‍കുന്നു. ടോപ്‌കോട്ടിന് ബലം നല്‍കുന്നത് ഈ ലെയറാണ്. ഈ ലെയറിന് നല്ല കനമുണ്ടായിരിക്കും.
പ്രിന്റ് ലെയര്‍-ഈ ലെയറാണ് മനോഹരമായ നിറത്തിലും ഡിസൈനിലും കാണപ്പെടുന്നത്. വിനൈല്‍ ഫ്‌ളോറിലൂടെ ഫര്‍ണിച്ചറുകളും സാധനസാമഗ്രികളും നീക്കുകയും മാറ്റിയിടുകയും ചെയ്യുമ്പോള്‍ നല്ല ശ്രദ്ധ വേണം. വലിച്ച് നീക്കിയിടാന്‍ ശ്രമിക്കാതിരുന്നാല്‍ ഫ്‌ളോര്‍ കൂടുതല്‍ കാലം നിലനില്‍ക്കും.
Photo courtesy: thefloorauthority.com
| Gijimol P

