മുറിക്കു വലുപ്പം തോന്നിക്കാന്‍ നീലയും പച്ചയും പര്‍പ്പിളും
നിറങ്ങള്‍ക്ക് ജീവിതത്തില്‍ ഉള്ള സ്വാധീനം വളരെ വലുതാണ്. നമ്മുടെ വികാരങ്ങളെയും വിചാരങ്ങളെയും ആശയങ്ങളെയും പെരുമാറ്റത്തെയും വരെ ഇവ സ്വാധീനിക്കും. വീടിന് പെയിന്റ് ചെയ്യാന്‍ നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്‌ധ വേണം. ഓരോ മുറിക്കും ഏതു നിറം ഇണങ്ങുമെന്നു നോക്കാം.
നീലനിറം ശാന്തതയും ഉന്മേഷവും റിലാക്‌സേഷനും പ്രദാനം ചെയ്യും. നീലനിറത്തില്‍ മുറിക്ക് വലുപ്പം കൂടുതല്‍ തോന്നിക്കും. ബഡ്‌റൂമിന് ഏറ്റവും അനുയോജ്യം. എന്നാല്‍ ഈ നിറം ഡൈനിങ്ങ് റൂമില്‍ അടിക്കരുത്. പച്ച നിറം മനസിന് സുഖം പകരുന്നതാണ്. നാഡീവ്യവസ്ഥയെ റിലാക്‌സ് ചെയ്യും. രക്തസമ്മര്‍ദ്ദം കുറയ്ക്കും. ഭാഗ്യത്തിന്റെ നിറമായാണ് പച്ചയെ പരിഗണിക്കുന്നത്. ചെറിയ മുറിക്ക് വലുപ്പം തോന്നാനും ഈ നിറം അനുയോജ്യമാണ്.
മനസിനെയും നാഡീവ്യവസ്ഥയെയും ഉത്തേജിപ്പിക്കാന്‍ കഴിവുള്ളതാണ് ചുവപ്പ് നിറം. സംഭാഷണപ്രേരിതവും വിശപ്പ് കൂട്ടുന്നതുമാണ് ചുവപ്പ്. ഡ്രോയിങ്ങ് റൂമിലും ഡൈനിങ്ങ് റൂമിലും ചുവപ്പടിക്കാം. വസ്തുക്കള്‍ ചെറുതായി കാണിക്കുമെന്നതിനാല്‍ ചെറിയ മുറികളില്‍ ചുവപ്പ് നിറം അടിക്കരുത്. തെളിച്ചമുളള സന്തോഷം വിതറുന്ന അന്തരീക്ഷമാണ് മഞ്ഞ നല്‍കുന്നത്. ശക്തിയുടെ നിറമാണ് മഞ്ഞ. മതിയായ സൂര്യപ്രകാശം കടന്നുവരാത്ത മുറികളില്‍ മഞ്ഞനിറം ബെസ്റ്റ് ചോയ്‌സാണ്. എന്നാല്‍ മഞ്ഞ നിറം മുറി ചെറുതായി കാണിക്കും.
പിങ്ക് കണ്ണിന് വളരെ കുളിര്‍മ നല്‍കുന്ന നിറമാണ്. പെണ്‍കുട്ടികളുടെ ബഡ്‌റൂമിന് ഏറ്റവും അനുയോജ്യം. എന്നാല്‍ മുറി മുഴുവനായി പിങ്ക് അടിക്കരുത്. വെള്ളയോ മറ്റേതെങ്കിലും നിറമോ ബോര്‍ഡര്‍ നല്‍കണം. പിങ്ക് നിറം കൂടിപ്പോകാനും പാടില്ല. ചുവപ്പിന്റെയും മഞ്ഞയുടെയും കോമ്പിനേഷനാണ് ഓറഞ്ച്. അതിനാല്‍ ഈ രണ്ടിന്റെയും ഗുണം ഓറഞ്ചിനുണ്ട്. വിശപ്പിനെ ഉത്തേജിപ്പിക്കാന്‍ ഈ നിറത്തിന് കഴിവുണ്ട്. ഈ നിറം അടിച്ചാല്‍ ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമാകും. പര്‍പ്പിള്‍ റോയല്‍ നിറമാണ്. ഒപ്പം ആത്മീയതയെയും പ്രതിനിധാനം ചെയ്യുന്നു. ക്രിയേറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ കോള്‍ഡ് കളറായതിനാല്‍ കൂടുതല്‍ കടുപ്പത്തില്‍ ഇവ അടിച്ചാല്‍ വിഷാദവും വിരസതയും ഉളവാക്കും. മഞ്ഞയുമായി ചേര്‍ത്ത് അടിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. ചെറിയ മുറിയെ വലുതാക്കികാട്ടുവാനും പര്‍പ്പിള്‍ ഉപയോഗിക്കാം.
ബ്രൗണ്‍ അടുപ്പത്തിന്റെ നിറമാണ്. ശാന്തവും സ്വച്ഛവുമായ അവസ്ഥയാണ് ബ്രൗണ്‍ പ്രദാനം ചെയ്യുന്നത്. അമിത ആകാംക്ഷയും ഉത്കണ്ഠയും ഉള്ളവര്‍ക്ക് ഈ നിറം ഗുണകരമാണ്. കറുപ്പ് നിറം അതിന്റെ ഉപയോഗം അനുസരിച്ചാണ് ഫലങ്ങള്‍ തരുന്നത്. സ്റ്റൈലിഷും എലഗന്റുമാണ് കറുപ്പ് നിറം. എന്നാല്‍ ചിലപ്പോഴത് മുറിക്ക് ഒരു വിഷാദച്ഛായ നല്‍കും. ബ്ലാക്ക് തനിച്ചുപയോഗിക്കാതെ വൈറ്റിനൊപ്പം ഉപയോഗിക്കണം. ഉണര്‍വ്, പവിത്രത,സമാധാനം,കാരുണ്യം എന്നിവയാണ് വെള്ളയുടെ ഗുണങ്ങള്‍. മുഴുവന്‍ ഭിത്തിയിലും അടിക്കാതെ ഒരു ബാക്ക് ഗ്രൗണ്ട് നിറമായോ ഭിത്തിയുടെ ചില വശങ്ങളിലോ വെള്ളനിറം അടിക്കാം. സീലിങ്ങ് വെള്ളനിറമാക്കുന്നതാണ് ഏറ്റവും നല്ലത്.
| Gijimol P

