Steam Bath സ്വന്തം വീട്ടില്‍
സൗന്ദര്യവും ആരോഗ്യവും വീണ്ടെടുക്കാന്‍ ഇന്ന് പലരും സ്റ്റീംബാത്ത് എടുക്കുന്നു. സ്റ്റീംബാത്ത് എടുക്കുമ്പോള്‍ ശരീരത്തിലെ മുഴുവന്‍ രോമകൂപങ്ങളും തുറന്ന് ചെളി പുറത്തു പോകുന്നതു വഴി ശരീരത്തിന് പ്രത്യേക തിളക്കവും, വിയര്‍പ്പിലൂടെ അനാവശ്യ കൊഴുപ്പും നീക്കം ചെയ്യപ്പെടും. ഹൃദയത്തിന് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും, ക്ഷീണം കുറയ്ക്കാനും, കഫക്കെട്ടിനെ ഇല്ലാതാക്കാനുമൊക്കെ സ്റ്റീംബാത്ത് നല്ലതാണെന്ന് അഭിപ്രായമുണ്ട്.
സ്റ്റീംബാത്ത് എടുക്കാനായി പുറത്തു പോകണമെന്നില്ല. സ്വന്തം വീട്ടില്‍ തന്നെ ഇതിനുള്ള സൌകര്യം ഒരുക്കാം. നല്ല വായു സഞ്ചാരമുള്ള ഒരു മുറിയോ, ബാത്ത്റൂമോ സ്റ്റീം റൂമായി ഒരുക്കിയെടുക്കാം. പലതരത്തിലുള്ള സ്റ്റീംബാത്ത് യൂണിറ്റുകള്‍ ഇന്നുണ്ട്. നിങ്ങളുടെ ഇഷ്ടം അനുസരിച്ച് സെറ്റു ചെയ്ത് തരുന്നവ, വീടുമാറുന്നതിനനുസരിച്ച് എടുത്തു കൊണ്ടു പോകാവുന്നവ (പോര്‍ട്ടബിള്‍), സ്വന്തം ബാത്ത്‌റൂമില്‍ തന്നെ സ്ഥിരമായി സെറ്റു ചെയ്യാവുന്നവ. അങ്ങനെ ദിനംപ്രതി പുതിയ മോഡലുകള്‍ ഇറങ്ങുന്നു.
ഒന്നരലക്ഷം രൂപയോളം വരും വീട്ടില്‍ തന്നെ സെറ്റു ചെയ്യുന്നതിന്. വീട്ടില്‍ സ്റ്റീം റൂം ഒരുക്കുമ്പോള്‍ മുന്‍പേ തന്നെ നല്ല ധാരണയുണ്ടായിരിക്കണം. എവിടെ ജെനറേറ്റര്‍ വയ്ക്കുന്നുവോ അതിനോടു ചേര്‍ന്ന് പ്ലംബിങ്ങ്‌ലൈന്‍, ഇലക്ട്രിക്ക്‌പോയിന്റ്, ഡ്രെയിനേജ് സൗകര്യങ്ങള്‍ എന്നിവയൊക്കെ ഉണ്ടായിരിക്കണം. പോര്‍ട്ടബിള്‍ സ്റ്റീംബാത്ത് പരിമിതമായ സ്ഥലത്തും ചെയ്‌തെടുക്കാം. സ്റ്റുഡിയോ അപ്പാര്‍ട്ടുമെന്റ് പോലുള്ളവയ്ക്ക് ഇത് ഏറെ സൗകര്യപ്രദമാണ്. എളുപ്പത്തില്‍ നിര്‍മിച്ചെടുക്കാവുന്നതും വളരെ ചെലവു കുറഞ്ഞതുമാണ് ഈ രീതി. ഫര്‍ണിച്ചര്‍ മോഡല്‍ സ്റ്റീം യൂണിറ്റുകളും ഇന്നുണ്ട്. ഒന്‍പതരലക്ഷം രൂപയാണ് ഇതിന്റെ വില. മൂന്നു വശങ്ങളില്‍ ഗ്ലാസ്സും, പുറകു വശത്തായി ഫര്‍ണിച്ചര്‍ മോഡല്‍ ക്യാബിനറ്റും. ക്യാബിനറ്റ് കണ്ണാടി, ടവ്വല്‍, സോപ്പ് എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കാം. ബാത്ത്റൂമിലോ, ബെഡ്‌റൂമിലോ എവിടെ വേണമെങ്കിലും വയ്ക്കാം. ഫിറ്റിങ്ങ്‌സ് എല്ലാം തന്നെ ഉയര്‍ന്ന ക്വാളിറ്റിയിലുള്ളതായിരിക്കും. എഫ്.എം റേഡിയോ, എല്‍.സി.ഡി.ടിവി, ലൈറ്റ്‌സ് എന്നിങ്ങനെ ആധുനിക സൗകര്യങ്ങളോടു സ്റ്റീംയൂണിറ്റുകളും ഇന്നുണ്ട്. 30,000 മുതല്‍ വില വരുന്ന ചൈനയുടെ സ്റ്റീം യൂണിറ്റുകളുണ്ടെങ്കിലും ഇവയ്ക്ക ഗുണനിലവാരം വളരെ കുറവാണ്. ജര്‍മ്മനി, ഇറ്റലി എന്നിവയുടേതാണ് നല്ല സ്റ്റീം യൂണിറ്റുകള്‍.
സ്റ്റീം എടുത്തതിനു ശേഷം ഉടനെ തന്നെ ഇളം ചൂടുവെള്ളത്തില്‍ കുളിച്ചതിനു ശേഷമേ പുറത്തു വരാവു.
Photocourtesy: steamsaun.com
| Savitha Sijo

