Foyer: വീടിന്റെ മുഖശ്രീ
വീടിനുള്ളിലേക്കുള്ള പ്രവേശനമുറിയെന്ന് ഫോയറിനെ വിശേഷിപ്പിക്കാം. അതിനാല്‍ത്തന്നെ വീടിന്റെ മുഖശ്രീയാണ് ഫോയര്‍. ഫോയര്‍ ഏരിയ എപ്പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിക്കണം. ഇല്ലെങ്കില്‍ അതിഥികള്‍ക്ക് ആദ്യകാഴ്‌ചയില്‍ തന്നെ നിങ്ങളുടെ വീട് മോശമായി തോന്നും.
ഫോയറില്‍ പെയിന്റ് ചെയ്യുമ്പോള്‍ വീടിന്റെ മറ്റുഭാഗങ്ങളുമായി പൊരുത്തപ്പെട്ട് നില്ക്കാന്‍ ശ്രദ്ധിക്കണം. വീട്ടില്‍ നിന്നും വിട്ട് നില്‍ക്കുന്ന ഭാഗമാണ് ഫോയറെങ്കില്‍ കളറിലും പാറ്റേണിലും പരീക്ഷണം നടത്താം. കടുംനിറങ്ങളാണ് എപ്പോഴും ഫോയര്‍ ഏരിയയ്ക്ക് അനുയോജ്യം. ഭിത്തിയുടെ ഒരു ഭാഗത്തിന് മാത്രം കടുംനിറം നല്‍കി വേറിട്ടുനിറുത്തുകയും ആവാം.
ഫര്‍ണിച്ചറാണ് ഫോയറിലെ അടുത്ത ഘടകം. ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കുമ്പോള്‍ ഫോയറിനനുസരിച്ചുള്ള വലുപ്പം മതി. ഇവിടെ കണ്‍സോള്‍ ടേബിള്‍, റൗണ്ട് ഹാള്‍ ടേബിള്‍ അതുമല്ലെങ്കില്‍ ബഞ്ച് വരെ ഇടാം. ഫര്‍ണിച്ചര്‍ യഥാസ്ഥാനങ്ങളില്‍ ഇടുകയാണ് പ്രധാനം. സ്ഥലം കുറവാണെങ്കില്‍ ടേബിള്‍ ഭിത്തിയില്‍ ചേര്‍ത്തിടാം. വിശാലമായ ഫോയറാണെങ്കില്‍ മധ്യഭാഗത്തായി ഒരു റൗണ്ട് ടേബിള്‍ ഇടുന്നതാണ് നല്ലത്.
ഒരു റഗോ, മാറ്റോ ഫോയറില്‍ അവശ്യം വേണ്ടതാണ്. ഇത് തെരഞ്ഞെടുക്കുമ്പോള്‍ അടിവശത്ത് റബര്‍ കോട്ടിങ്ങുള്ളതാകണം. തെന്നിവീഴുന്നത് ഒഴിവാക്കാനാണിത്. ലൈറ്റിംഗാണ് ഫോയറിലെ മറ്റൊരു ആകര്‍ഷണം. Wall scone കളാണ് ഫോയറില്‍ നല്ലത്. മനോഹരമായ ഡിസൈനിലും ഷെയ്ഡുകളും ഉള്ള സ്‌കോണുകള്‍ തെരഞ്ഞെടുക്കാം.ഇവ മുറിയിലെ പെയിന്റിങ്ങും ആക്‌സസറീസും എടുത്തുകാട്ടുവാന്‍ പര്യാപ്തമാണ്. പ്രധാനവാതിലിന് മുന്നിലായി ഒരു ഷാന്‍ഡ്‌ലിയര്‍ തൂക്കുന്നതും നല്ലതാണ്. ഫോയറിലെ ആക്‌സസറീസ് എപ്പോഴും മനോഹരമായിരിക്കണം. പെയിന്റിങ്ങിനും ചുവര്‍ചിത്രങ്ങള്‍ക്കുമൊപ്പം അലംകൃതമായ കണ്ണാടിയും ഫോയറിനെ വേറിട്ടുനിറുത്തും.
ഫോയറിന് പച്ചപ്പ് നല്‍കാന്‍ ചെടികളും പുഷ്പങ്ങളും കൊണ്ടുള്ള അലങ്കാരമാകാം. വീടിനുള്ളില്‍ വയ്ക്കാവുന്ന ചെടികള്‍ക്കൊപ്പം ചുവരില്‍ ഹാങ്ങിങ്ങ് ഫ്ലവര്‍വേസും വയ്‌ക്കാം. ആക്‌സസറീസില്‍ പ്രതിമകളും ഉള്‍പ്പെടുത്താം. എന്നാല്‍ നിരവധി എണ്ണം ഒന്നിച്ചുവയ്ക്കരുതെന്നു മാത്രം.
| Gijimol P

