വീട്ടില്‍ വെളിച്ചം നിറയ്‌ക്കാന്‍
വൈദ്യുതിബില്ല് കൂടുന്നതിന് തലയില്‍ കൈവച്ചിട്ട് കാര്യമില്ല. സ്വാഭാവിക പ്രകാശം വീട്ടിനുള്ളില്‍ നിറയ്ക്കുകയാണ് പോംവഴി. സ്വാഭാവികമായ വെളിച്ചമുണ്ടെങ്കില്‍ 30-40 ശതമാനം വരെ വൈദ്യുതി ഉപയോഗം കുറയ്ക്കാം. കൃത്രിമലൈറ്റിംഗിന്റെ ആവശ്യവും പരിമിതമാകും.
ഇതു സാധ്യമാകാന്‍ വീടിനുള്ളില്‍ സൂര്യപ്രകാശം കടന്നുവരാന്‍ പാകത്തിനുള്ള ക്രമീകരണങ്ങള്‍ നല്‍കണം. ചുവരുകള്‍, സീലിങ്ങ്, ഫ്‌ളോറിങ്ങ് എന്നിവയുടെ നിറം അതിപ്രധാനമാണ്. ഇളം നിറങ്ങളാണ് കൂടുതല്‍ പ്രകാശം പ്രതിഫലിപ്പിക്കുന്നത്. കണ്ണഞ്ചിക്കുന്ന പ്രകാശം ഒഴിവാക്കും വിധമാകണം ജനാലയും വെന്റിലേഷനും. ജനാലയ്‌ക്ക് തെരഞ്ഞെടുക്കുന്ന ഗ്ലാസിന്റെ വലുപ്പം, ആകൃതി, ഡിസൈന്‍, സ്ഥാനം എന്നിവയും ഇന്റീരിയറില്‍ ഉപയോഗിക്കുന്ന നിറങ്ങള്‍, ഇടഭിത്തിയുടെ സ്ഥാനം, ഡിസൈന്‍ എന്നിവയും സ്വാഭാവികപ്രകാശത്തെ സ്വാധീനിക്കും.
ലൈറ്റുകള്‍ വെളിച്ചത്തിനൊപ്പം ചൂടും പുറപ്പെടുവിക്കും. പകല്‍ സമയത്ത് ഇവ ഉപയോഗിക്കുമ്പോള്‍ പുറത്തെ ചൂടിനൊപ്പം ഈ ചൂടും അനുഭവിക്കേണ്ടിവരും. സ്വാഭാവിക വെളിച്ചത്തിനുള്ള ക്രമീകരണം വഴി പകല്‍ സമയത്ത് ലൈറ്റ്, ഫാന്‍, എയര്‍കണ്ടീഷണര്‍ എന്നിവ കൂടാതെ തന്നെ വീടിനുള്ളില്‍ സുഖമായി ഇരിക്കാം. കൂടാതെ ലൈറ്റും എസിയും മൂലമുണ്ടാകുന്ന അന്തരീക്ഷമലിനീകരണം ഒരു പരിധി വരെ കുറയ്ക്കാനാകും.
അതോടൊപ്പം ആരോഗ്യകരമായ ഒരു ജീവിതഅന്തരീക്ഷമാണ് പകല്‍വെളിച്ചത്തിലൂടെ ലഭിക്കുക. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ വിറ്റമിന്‍ ഡി യുടെ സ്രോതസാണ്. വിറ്റമിന്‍ ഡി എല്ലിനും പല്ലിനും ഗുണം ചെയ്യുന്ന കാല്‍സ്യത്തിന്റെ നിര്‍മ്മാണത്തിന് സഹായിക്കുന്നു. കണ്ണുകളില്‍ പ്രകാശരശ്മികള്‍ പതിയുമ്പോള്‍ ഉണ്ടാകുന്ന വിദ്യുത്ആവേഗങ്ങള്‍ സെറടോണിന്‍ പുറപ്പെടുവിക്കും. ഇത് വൈകാരികഉന്മേഷത്തിന്റെ താക്കോലാണ്. എന്നാല്‍ പകല്‍വെളിച്ചത്തിന്റെ അഭാവം Seasonal Affective Disorder (SAD) നു കാരണമാകും.
സ്‌കൂള്‍ ലൈബ്രറികളില്‍ നന്നായി പകല്‍ വെളിച്ചം കയറിയിറങ്ങും വിധമുള്ള ജനലുകളും വാതിലുകളും വയ്ക്കണം. ഇത് വിദ്യാര്‍ത്ഥികളുടെ ഏകാഗ്രത 50 ശതമാനം കൂട്ടും. പഠനത്തിലുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുകയും സ്ട്രസ് ലെവല്‍ കുറയ്ക്കുകയും ചെയ്യും. ക്രിയാത്മകശേഷിയും കാര്യക്ഷമതയും കൂട്ടുമെന്നതിനാല്‍ ജോലിസ്ഥലങ്ങളിലും സ്വാഭാവികപ്രകാശം അനിവാര്യമാണ്.
| Gijimol P

