പാചകം രസകരമാക്കാന്‍ Open Kitchen
അടുക്കള എന്നാല്‍ നാലു ഭിത്തികള്‍ക്കുള്ളില്‍ ഒതുങ്ങുന്നുവെന്ന സങ്കല്പത്തിനു വിട. ഓപ്പണ്‍ കിച്ചണ്‍ ആണ് ഇപ്പോഴത്തെ ട്രെന്‍ഡ്. ഇടഭിത്തി ഇല്ലാതെ ഡൈനിങ്ങ് റൂമിനോടോ ലിവിങ്ങ് റൂമിനോടോ ചേര്‍ന്നുള്ള അടുക്കളയാണ് ഓപ്പണ്‍ കിച്ചണ്‍. വിദേശരാജ്യങ്ങളില്‍ ലിവിങ്ങ് റൂമിനൊപ്പമാണ് ഓപ്പണ്‍ കിച്ചന്റെ സ്ഥാനം. അതിഥികള്‍ വന്നിരിക്കുമ്പോള്‍ അവരോടു സംസാരിച്ച് കൊണ്ടു പാചകം ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇവിടെയത് ഡൈനിങ്ങ് റൂമിനൊപ്പം ആകുന്നുവെന്ന് മാത്രം.
ഓപ്പണ്‍ കിച്ചണ്‍ വീട്ടിലെ മറ്റ് ഭാഗങ്ങളുമായി ചേര്‍ന്നും എന്നാല്‍ വേറിട്ടും നില്ക്കുന്നതാകണം. കിച്ചണ്‍ വേറിട്ടു നിറുത്താന്‍ ഒരു ആര്‍ച്ചോ, വൃത്യസ്തമായ ഫ്‌ളോറിങ്ങോ ആകാം. കിച്ചണ്‍ ഏരിയയും ലിവിങ്ങ്/ഡൈനിങ്ങ് റൂമും തമ്മില്‍ വേര്‍തിരിക്കാന്‍ ഫ്‌ളോറിന് ഒന്നോ രണ്ടോ സ്‌റ്റെപ്പ് ഉയരം കൂട്ടിയാലും മതി. അതുമല്ലെങ്കില്‍ ഒരു ഡൈനിങ്ങ് ടേബിളിട്ടും വേര്‍തിരിക്കാം. കിച്ചണ്‍ ഏരിയ വേര്‍തിരിയുന്നിടത്ത് ഒരു നീളന്‍മേശയുടെ വലിപ്പത്തില്‍ കൌണ്ടര്‍ടോപ്പ് നിര്‍മിച്ചാല്‍ ഇവിടെയിരുന്ന് ഭക്ഷണം കഴിക്കാം. അല്ലെങ്കില്‍ കപ്‌ബോര്‍ഡുകള്‍ പണിത് സ്‌റ്റോറേജ് സൌകര്യമൊരുക്കാം.
കിച്ചനു നടുവില്‍ ഐലന്‍ഡ് കൗണ്ടര്‍ നിര്‍മ്മിച്ച് ഭക്ഷണമേശയാക്കുന്നവരുമുണ്ട്. നിങ്ങള്‍ പാചകം ചെയ്യുമ്പോള്‍ കുട്ടികള്‍ക്കിരുന്ന് ഹോംവര്‍ക്ക് ചെയ്യാനും കൊള്ളാം. എന്നാല്‍ ഐലന്‍ഡ് കൗണ്ടറില്‍ സിങ്ക് വയ്ക്കരുത്. വെള്ളം താഴെ വീണ് കിച്ചണ്‍ വൃത്തികേടാകും. റഫ്രിജറേറ്ററും സിങ്കും ഗ്യാസ് സ്റ്റൗവും കൃത്യമായ അകലത്തില്‍ ട്രയാംഗിള്‍ മാതൃകയില്‍ വേണം. ഇത് പാചകം എളുപ്പമാക്കും.
എക്‌സ്‌ഹോസ്‌ററ് ഫാനോ ചിമ്മിനിയോ ഓപ്പണ്‍ കിച്ചന് അത്യാവശ്യമാണ് . ഗ്യാസ് സ്റ്റൗ ഐലന്‍ഡിന് മുകളിലാണെങ്കില്‍ ഓവര്‍ഹങ്ങ് ചിമ്മിനി വയ്ക്കണം. ഡക്ടഡ് ചിമ്മിനി ആണ് നല്ലത്. ഇത് സീലിങ്ങിനടിയിലൂടെ ആയാല്‍ അടുക്കളയുടെ ഭംഗിയും നഷ്ടപ്പെടില്ല. ഇത്തരം അടുക്കള എപ്പോഴും വൃത്തിയാക്കി വയ്‌ക്കുന്നതിലും ശ്രദ്‌ധിക്കണം.
| Gijimol P

