Lawn: വെള്ളമൊഴിക്കേണ്ടത് രാവിലെ
മനോഹരമായ പുല്‍ത്തകിടി വീടിന് അലങ്കാരമാണ്. പുല്‍ത്തകിടി വലുതോ ചെറുതോ ആകട്ടെ, അത് ആകര്‍ഷകമാക്കുന്നതിന് മികച്ച സംരക്ഷണം വേണം. ആവശ്യത്തിന് വെള്ളം, വളം, വൃത്തിയാക്കല്‍ എന്നിവ അനിവാര്യമാണ്. പുല്ല് വളരുന്നതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ലോണ്‍ കാടായി മാറും.
കാറ്റും വെളിച്ചവും കയറിയിറങ്ങുന്നവയാകണം ലോണുകള്‍. ദിവസേന വെള്ളമൊഴിക്കേണ്ടതില്ല എന്നു പറയുമെങ്കിലും അത് കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. പുല്ല് വളരുന്ന സമയത്ത് മൂന്ന് ദിവസം കൂടുമ്പോള്‍ വെള്ളമൊഴിച്ച് കൊടുക്കണം. വേനല്‍ക്കാലത്താണെങ്കില്‍ ഇടവിട്ട് വെള്ളമൊഴിക്കണം. അതിരാവിലെയാണ് ജലസേചനത്തിന് അനുയോജ്യം. ഇത് രോഗസാധ്യത കുറയ്ക്കും. വൈകുന്നേരങ്ങളില്‍ വെള്ളമൊഴിക്കുന്നത് ഫംഗസ് ബാധയ്‌ക്ക് കാരണമായേക്കാം. ഉച്ചക്ക് വെള്ളമൊഴിക്കുന്നത് പ്രയോജനം ചെയ്യില്ല. കൂടുതല്‍ വെള്ളമൊഴിക്കുന്നത് മണ്ണ് ഒലിച്ച് പോകാനും ഇടയാക്കും. വെള്ളം നേരിട്ട് ഒഴിക്കാതെ, തളിക്കുന്നതാണ് ഉചിതം. പൈപ്പ് ഉപയോഗിക്കുമ്പോഴും വേഗത കുറച്ച് വേണം.
പുല്ലിന്റെ നീളം കുറയ്‌ക്കുന്നത് വൈകുന്നേരങ്ങളിലാകണം . മൂന്നിലൊന്നായിട്ട് വേണം വെട്ടി നിറുത്താന്‍. പക്ഷെ പുല്ലില്‍ നനവുള്ളപ്പോള്‍ വെട്ടാന്‍ പാടില്ല. പുല്ലുവെട്ടി (lawn mower) ഉപയോഗിക്കുമ്പോള്‍ മൂര്‍ച്ച വരുത്തിവേണം ഉപയോഗിക്കാന്‍. ഇനി പുല്ലിന് നീളം വളരെ കൂടുതലാണെങ്കില്‍ രണ്ടോ മൂന്നോ തവണയായി വെട്ടിമാറ്റാം. ഇലകളുടെയും പുല്ലിന്റെയും അഴുകിയതും ചീഞ്ഞതുമായ അവശിഷ്ടങ്ങള്‍ ലോണില്‍ കിടക്കരുത്. മഞ്ഞുകാലത്ത് തനിയെ ഇലപൊഴിയുന്നതിനാല്‍ നന്നായി വൃത്തിയാക്കണം. ഇടക്ക് മണ്ണ് ഇളക്കിക്കൊടുക്കണം.ഇത് വായുസഞ്ചാരം സുഗമമാക്കും കൂടാതെ വെള്ളവും വളവും മണ്ണില്‍ ആഴ്ന്നിറങ്ങും.
വളം ഉപയോഗിക്കുമ്പോഴും നല്ല ശ്രദ്ധ വേണം. ടെസ്റ്റ് ചെയ്ത് ലോണിലെ മണ്ണിന്റെ സ്വഭാവമറിഞ്ഞാകണം വളപ്രയോഗം. നൈട്രജന്‍ അടങ്ങിയ വളം പച്ചപ്പ് നിലനിറുത്താന്‍ സഹായകമാണ്. ഫോസ്ഫറസ് വളമാണെങ്കില്‍ വേരുകളുടെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്.പൊട്ടാസ്യം ഫെര്‍ട്ടിലൈസര്‍ കീടങ്ങളോടും രോഗങ്ങളോടും പൊരുതാന്‍ സഹായിക്കും.മൂന്നോ നാലോ തവണയായി വളമിടാം. വളമിട്ടതിന് ശേഷം വെള്ളമൊഴിക്കണം. ഇല്ലെങ്കില്‍ ചുവട് കരിഞ്ഞ് പോകും.
| Gijimol P

