LED Lights വീട്ടില് ഒഴിവാക്കാം
ദീര്ഘകാല നിലനില്പ്പ്, ചൂടുകുറവ്, അധികം ഊര്ജം വേണ്ട, കാഴ്ചയിലെ വ്യത്യസ്തത; കുറഞ്ഞ കാലയളവിനുള്ളില് എല്ഇഡി ലൈറ്റുകള് സൂപ്പര്ഹിറ്റാകാന് കാരണങ്ങള് നിരവധി. വളരെ കുറച്ച് ഊര്ജം മതിയെന്നതുതന്നെയാണ് എല്ഇഡികളുടെ ഏറ്റവും വലിയ ഗുണം.
സിഎഫ്എല് ബള്ബുകളെ അപേക്ഷിച്ച് ഇവയ്ക്ക് രണ്ടു മടങ്ങ് അധികം പ്രകാശം നല്കാനാവും. അതായത് സിഎഫ്എല് 20വാട്ട്സിന്റേതാണെങ്കില് എല്ഇഡി 10വാട്ട്സ് മതി. 35വാട്ട്സ് ഹാലോജന്റെ സ്ഥാനത്ത് 5 വാട്ട്സ് എല്ഇഡി മതി. നീല, ചുവപ്പ്, പച്ച എന്നിങ്ങനെ ഏതു നിറത്തിലും ഇവ ലഭിക്കും. ഓരോ ദിവസവും ഓരോ നിറങ്ങളാണ് വേണ്ടതെങ്കില് അതിനുളള കണ്ട്രോളര് ലൈറ്റുകളും ഉണ്ട്. കൂടാതെ ലൈറ്റുകള് ദീര്ഘകാലം നിലനില്ക്കും. മൂന്നു വര്ഷവും അഞ്ചുവര്ഷവുമൊക്കെ പല കമ്പനികളും ഈ ലൈറ്റുകള്ക്ക് ഗാരന്റി നല്കുന്നു.
ഇത്രയും ഗുണങ്ങളുണ്ടല്ലോ സിഎഫ്എല്ലിന് പകരം ഒരു എല്ഇഡി എന്റെ വീട്ടിലും ഇടാമെന്നു കരുതരുത്. കാരണം സിഎഫ്എല്ലിനേക്കാള് ഇവയ്ക്ക് വില അധികമാണ്. വിലകുറഞ്ഞ ലോക്കല് എല്ഇഡികള് വിപണിയിലുണ്ട്. എന്നാല് nichia പോലുള്ള നല്ല കമ്പനികളുടേതാണെങ്കില് 1500രൂപ മുതലാണ് വില തുടങ്ങുന്നത്. സാധാരണ വീടുകളില് 60വാട്ടിന്റെ ബള്ബുകളൊക്കെയാവും ഉപയോഗിക്കുക. അപ്പോള് എല്ഇഡി എട്ട് വാട്ടെങ്കിലും വേണ്ടി വരും ഇതിന് 3000 രൂപയോളം ചെലവു വരും.
എന്നാല് വീടുകളില് ഡെക്കറേറ്റീവ് ലൈറ്റായി എല്ഇഡികള് ഉപയോഗിക്കാം. പെയ്ന്റിംഗും ക്യൂരിയസുകളുമെല്ലാം എടുത്തുകാട്ടാന് എല്ഇഡിയുടെ ലൈറ്റുകള് ഉപയോഗിക്കുന്നവരുണ്ട്. അതിന് അധികം വാട്ട് വേണ്ടാത്തതിനാല് വില കുറവാണ്.
ജൂവലറികള്ക്കും വന്ഹോട്ടലുകള്ക്കുമാണ് ഈ ലൈറ്റുകള് കൂടുതല് യോജിക്കുക. സ്പോട്ട്ലൈറ്റ്, ഡൗണ്ലൈറ്റ്, ഡിമ്മര് സിസ്റ്റവുമായി ഘടിപ്പിച്ചിരിക്കുന്ന ഡിം ലൈറ്റ്, കണ്ട്രോളര് ഉള്ള ലൈറ്റുകള്, സ്ട്രിപ്പ് ലൈറ്റ്സ്, ട്യൂബ്, ഹോലോജന്, മൊഡ്യൂളുകള് എന്നിങ്ങനെ വിവിധതരം എല്ഇഡി ലൈറ്റുകള് ഉണ്ട്. ഏതെങ്കിലും ഒരു വസ്തുവിനെ കൃത്യമായി എടുത്തു കാണിക്കാനാണ് സ്പോട്ട്ലൈറ്റുകള്. നമ്മുടെ ആവശ്യത്തിനനുസരിച്ച് പ്രകാശം കുറയ്ക്കാനും കൂട്ടാനുമാവുന്നതാണ് ഡിമ്മര്ലൈറ്റ്സ്. അതുപോലെ തന്നെ ഡെക്കറേറ്റീവ് ആയി വീടുകളിലും ജ്വല്ലറികളിലും മറ്റും ഉപയോഗിക്കാവുന്നതാണ് സ്ട്രിപ്സ്.
ജപ്പാന്കാരാണ് ആദ്യമായി എല്ഇഡികള് രംഗത്തെത്തിക്കുന്നത്. ചൈന, ജപ്പാന്, തയ്വാന് എന്നിങ്ങനെ പല സ്ഥലങ്ങളില് നിന്നും എല്ഇഡികള് കേരളത്തിലെത്തുന്നുണ്ട്.
| Savitha Sijo

