HOME

ഇട്ടീസ്; മുളയില്‍ ഒരു റസ്‌റ്ററന്റ്

കൊച്ചിക്കാരുടെ സായാഹ്നങ്ങള്‍ ഇപ്പോള്‍ പനമ്പള്ളിനഗറിലെ ഇട്ടീസിലാണ്. മുളയില്‍ തീര്‍ത്ത ഈ റസ്‌റ്ററന്റ് നഗരവാസികള്‍ക്കു നല്‍കുന്ന കൌതുകം കുറച്ചൊന്നുമല്ല.  കൊച്ചിയിലെ ത്രീസ്റ്റാര്‍-ഫൈവ് സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്ന തിരക്കാണിപ്പോള്‍ ഇട്ടീസില്‍.

മൂവാറ്റുപുഴക്കാരന്‍ ഡേവിഡ്  ഇട്ടിച്ചെറിയയ്‌ക്കു വേണ്ടി ഈ റസ്‌റ്ററന്റ് ഡിസൈന്‍ ചെയ്തത് പനമ്പള്ളിനഗര്‍ ഡിസൈന്‍സ്റ്റുഡിയോയിലെ ജോര്‍ജ്  സിറിയക്കാണ്. ഇട്ടീസിന്റെ നിര്‍മാണരഹസ്യങ്ങള്‍ ഇതാ ജോര്‍ജ് സിറിയക്കിന്റെ വാക്കുകളില്‍..

കുറഞ്ഞ ചെലവില്‍ ഇക്കോഫ്രണ്ട്‌ലി ആയി കെട്ടിടമുണ്ടാക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായിരുന്നു ഈ പ്രോജക്ട്. ഇട്ടീസിന്റെ ഉടമസ്ഥന് ഈ സ്ഥലത്തൊരു ഹോട്ടല്‍ പണിയുക എന്നതായിരുന്നു ഉദ്ദേശം. അദ്ദേഹം എന്നോട് കുറഞ്ഞ ചെലവില്‍ എന്ത് ചെയ്യാനാവുമെന്നു ചോദിച്ചു. അങ്ങനെ അദ്ദേഹത്തിന്റെ ആവശ്യങ്ങളൊക്കെ പരിഗണിച്ചു കൊണ്ടു തന്നെയാണ് ഇങ്ങനെയൊരു കൊണ്‍സെപ്റ്റ് വികസിപ്പിച്ചെടുക്കുന്നത്. ഇതിന്റെ തൊണ്ണൂറ്റിയഞ്ച് ശതമാനവും മുളയില്‍ തന്നെയാണ് പണിതിരിക്കുന്നത്. ടോയ്‌ലറ്റിന്റെ ഭാഗം മാത്രമേ കോണ്‍ക്രീറ്റില്‍ ചെയ്തിട്ടുള്ളു. 2300 സ്‌ക്വയര്‍ ഫീറ്റില്‍ പണി തീര്‍ത്തിരിക്കുന്ന റസ്‌റ്ററന്റിന്റെ മൊത്തം ചെലവ് ആറുലക്ഷത്തില്‍ താഴെ മാത്രം.

ഭൂമിയെ ഒട്ടും ശല്യപ്പെടുത്താതെ ഫൗണ്ടേഷന്‍ പോലും താഴ്ത്താതെയാണ് ഇട്ടീസ് പണിതത്. മുളയില്‍ കെട്ടിടങ്ങള്‍ പണിതു കൊടുക്കുന്നതില്‍ വിദഗ്‌ധരായവരെ വയനാട്ടില്‍ നിന്നു കൊണ്ടു വന്നു. അവര്‍ പതിനഞ്ചു വര്‍ഷത്തെ ഗ്യാരണ്ടി ഉറപ്പു തരുന്നുണ്ട്. പ്രത്യേക രീതിയില്‍ ട്രീറ്റ് ചെയ്‌തെടുത്ത മുളയാണ് പണിയാനായി  ഉപയോഗിക്കുന്നത്. വാവു ദിവസം വെട്ടിയെടുത്ത മുള വലിയ കുഴിയുണ്ടാക്കി രാസവസ്തുക്കളിട്ട് ട്രീറ്റ് ചെയ്‌തെടുക്കും. പിന്നീട് ഇതിനു മുകളില്‍ കശുവണ്ടിയെണ്ണ  പുരട്ടും. ഞങ്ങള്‍ ഇതിനു മുന്‍പ് ഒരു സ്‌കൂള്‍ മുളയില്‍ പണിതു കൊടുത്തിട്ടുണ്ട് . ഇപ്പോള്‍ അഞ്ചു വര്‍ഷം കഴിഞ്ഞു,  ഇതുവരെ യാതൊരു അനക്കവും തട്ടിയിട്ടില്ല.

രണ്ടു നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഹോട്ടല്‍. മുകള്‍ നിലയില്‍ എക്‌സിബിഷനും, ബോട്ടിക്കിനുമൊക്കെയായി മാറ്റിയിട്ടിട്ടുണ്ട്. ഓരോ റൂമുകളിലേക്കും പ്രത്യേകം പ്രത്യേകം കയറാനുളള സൗകര്യവുമുണ്ട്. മുകള്‍ നിലയിലേക്കുള്ള ഗോവണി സ്റ്റീലിലാണ് പണിതിരിക്കുന്നത്. മുളയില്‍ ചവിട്ടി കയറുമ്പോള്‍ ചെറിയൊരു ആട്ടമുണ്ടാകും, ഇതുകൊണ്ട് ആളുകള്‍ക്ക് പേടി തോന്നണ്ട എന്നു കരുതിയാണ് സ്റ്റീലിലാക്കിയത്.

താഴത്തെ നിലയിലെ ഫ്‌ളോറിങ്ങ് മുഴുവന്‍ റെഡ് ഓക്‌സൈഡാണ്. മുകള്‍ നിലയില്‍ തടി പാകിയിട്ട് അതിനു മുകളില്‍ കയര്‍ മാറ്റ് ഇട്ടു. ഏത് നട്ടുച്ചയ്ക്കും ഇതിനകത്ത് നല്ല തണുപ്പാണെന്നതാണ് മറ്റൊരു പ്രത്യേകത. കൊച്ചിയില്‍ കൊതുകു കൂടുതലാണെന്നതു കൊണ്ട് മാത്രമാണ് ഏ സി വച്ചത്.

അകത്തളങ്ങളിലെ വാതിലുകളും, ജനാലകളും വുഡണ്‍ ഫ്രെയ്മില്‍ അക്രിലിക് ഷീറ്റ് ഉപയോഗിച്ചാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഗ്ലാസാണെങ്കില്‍ കനം കൂടുതല്‍ വരും. ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത് വുഡണ്‍ ഫ്രെയ്‌മും മുളയുടെ കാലുകളും വച്ചു കൊണ്ടാണ്. നല്ല പോലെ വെളിച്ചം കയറുന്ന വിധത്തിലാണ് ഓരോ മുറികളും. റൂഫിങ്ങ് പനമ്പിലാണ്. അകത്തേക്ക്  മഴയും വെയിലുമടിക്കാത്ത രീതിയിലാണിത് പണിതിരിക്കുന്നത്. രാത്രികാലങ്ങളില്‍ റസ്‌റ്ററന്റിനെ കുടുതല്‍ ഭംഗിയാക്കുന്നത്, അവിടെ തൂക്കിയിട്ടിരിക്കുന്ന മുളയില്‍ തീര്‍ത്ത ലാമ്പ് ഷേഡുകളാണ്. റസ്‌റ്ററന്റിനു യോജ്യമാകുന്ന വിധത്തിലാണ് ഇവിടത്തെ ലാന്‍ഡ്‌സ്‌‌കേപ്പും. സാധാരണ ഉരുളന്‍ കല്ലുകള്‍ക്കു പകരം കക്കകളാണ് ഇട്ടിരിക്കുന്നത്.

| Savitha Sijo

1 Comment

  1. Dears,
    Can I have contact details of this designer George Cyriac?

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.