HOME

ഇനി റെഡിമെയ്‌ഡ് വീടുകളും!

മോഡുലാര്‍ കിച്ചന്‍  എന്ന റെഡിമെയ്‌ഡ് കിച്ചനുകള്‍ നമുക്ക് സുപരിചിതമായി കഴിഞ്ഞു. ഒരു ഷര്‍ട്ട് വാങ്ങുന്ന ലാഘവത്തോടെ റെഡിമെയ്‌ഡ് കിച്ചനുകളില്‍ നിന്ന് ഇഷ്‌ടമുള്ളത് തെരഞ്ഞെടുക്കുന്നു. അടുക്കള മാത്രമല്ല വീടും ഇങ്ങനെ റെഡിമെയ്‌ഡായി കിട്ടിയാലോ? അതിശയിക്കേണ്ട, പ്രീ-ഫാബ്രിക്കേറ്റഡ് വീടുകള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ പതിവു കാഴ്‌ചയാണ്.

പൂര്‍ണമായും പണിതെടുത്ത കെട്ടിട ഭാഗങ്ങളെ  നമുക്കാവശ്യമുള്ള സ്ഥലത്ത് കൊണ്ടുവന്ന് അസംബിള്‍ ചെയ്യുന്ന രീതിയാണ് പ്രീ-ഫാബ്രിക്കേറ്റഡ് ബില്‍ഡിങ്ങ് എന്നു പറയുന്നത്. ഫാക്ടറികള്‍, കണ്‍സ്ട്രക്ഷന്‍ ഏരിയാസ്, ഷോറൂമുകള്‍ തുടങ്ങിയവയാണ് ഈ രീതിയനുസരിച്ച് പണിതെടുക്കാറുള്ളത്. എന്നാല്‍ സുനാമി, യുദ്ധ ബാധിത പ്രദേശങ്ങളിലൊക്കെ ആളുകളെ പുനരധിവസിപ്പിക്കുന്നതിനായി ഇത്തരം വീടുകള്‍ ഉപയോഗിക്കുന്നു. മണിക്കൂറുകള്‍ കൊണ്ട് നൂറും നൂറ്റന്‍പതും വീടുകള്‍ പണിതെടുക്കാമെന്നതാണിവയുടെ പ്രധാന ഗുണം. ഏത് കാലാവസ്ഥയിലും യാതൊരു കുലുക്കവുമില്ലാതെ നിലനില്‍ക്കുകയും ചെയ്യും.

വിദേശരാജ്യങ്ങളില്‍ നിലവിലുള്ള ഈ കെട്ടിട നിര്‍മ്മാണ സമ്പ്രദായമിന്ന് കേരളത്തിലും പ്രബലമായി വരുന്നുണ്ട്. ഫാക്ട് പോലുള്ള പല കമ്പനികളും പ്രീ ഫാബ്രിക്കേറ്റഡ് ബില്‍ഡിങ്ങുകള്‍ പണിതു കഴിഞ്ഞു. ഡല്‍ഹിയിലും മറ്റും വീടുകളും ഈ  രീതിയില്‍ ഇപ്പോള്‍ പണിയുന്നുണ്ട്. ചൈനയില്‍ നിന്നുമാണ് മററു രാജ്യങ്ങള്‍ ഇത് ഇറക്കുമതി ചെയ്യുന്നത്.

ഇത്തരം കെട്ടിടങ്ങള്‍ പണിതെടുക്കുന്നതിന് വളരെ ചെലവു കുറവാണ് . താല്ക്കാലികം എന്ന ഉദ്ദേശത്തോടെയാണിവ സാധാരണയായി പണിയുന്നത്. മറ്റൊരു സ്ഥലത്തേയ്ക്ക് പൊളിച്ചു കൊണ്ടു പോയി സ്ഥാപിക്കാനും സാധിക്കും. കമ്പ്രസ്ഡ് വുഡ്, പ്‌ളാസ്റ്റിക് പോലുള്ള സാമഗ്രികളാണ് ഇവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്നത്. വിദേശരാജ്യങ്ങള്‍ ഇതിന്റെ ഗുണം മനസിലാക്കി പല സാധ്യതകളും വികസിപ്പിച്ചു കൊണ്ടു വരുന്നുണ്ട്.

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.