HOME

കട്ടപ്പനയിലെ Dream Home

Home designed by K J Mathew

സ്വന്തമായൊരു വീട് എല്ലാവരുടേയും സ്വപ്നമാണ്. എന്നാല്‍ സ്വന്തം വീട് സ്വയം ഡിസൈന്‍ ചെയ്ത് സ്വന്തമായി പണിയിപ്പിച്ചാലോ? ഈ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ സന്തോഷത്തിലാണ് കട്ടപ്പനയിലുള്ള മാത്യുവും ഭാര്യ മിനിയും മക്കളായ നിരഞ്ജനയും, നീരജയും. ദേശാഭിമാനി കൊച്ചി ജില്ലാ ലേഖകനായ കെ ജെ മാത്യു അപൂര്‍വമായ ഈ വീടുപണിയെക്കുറിച്ച് പറയുന്നു.

വീടിനായി നാളുകളായി മനസ്സില്‍ കൊണ്ടു നടന്ന ഒരു പ്‌ളാനുണ്ടായിരുന്നു. അത് പൂര്‍ത്തീകരിക്കാന്‍ എന്റെ വരുമാനം മതിയാകില്ലെന്നു തോന്നിയപ്പോഴാണ് സ്വന്തമായി ചെലവുകുറഞ്ഞൊരു ഡിസൈന്‍ കണ്ടെത്തി സ്വയം പണിയിപ്പിക്കാന്‍ തീരുമാനിച്ചത്. അങ്ങനെ നാളുകളോളം നടന്ന് എന്റെ സുഹൃത്തുകളുടേയും പരിചയക്കാരുടെയുമൊക്കെ വീടുകള്‍ കണ്ടു. പിന്നീട് സുഹൃത്തുക്കളായ ആര്‍ക്കിടെക്ട് സോമനോടും, ചില എന്‍ജിനീയര്‍മാരോടും സംസാരിക്കുകയായിരുന്നു. ആര്‍ക്കിടെക്ട് എനിക്കൊരു വീടിന്റെ ഡിസൈന്‍ തന്നു. ഇവരൊക്കെ തന്നെ ചെലവു ചുരുക്കാനാവുന്ന കുറെ വഴികള്‍ പറഞ്ഞു തന്നെങ്കിലും ഇത്തരമൊരു ഉദ്യമത്തിനു മുതിരേണ്ടന്നു വിലക്കിയിരുന്നു. ഇതു കൊണ്ടൊന്നും എന്റെ തീരുമാനത്തിനൊരു മാറ്റവും വന്നില്ല. ആര്‍ക്കിടെക്ട് തന്ന പ്‌ളാനില്‍ ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തി. വീടിനു വേണ്ട സാമഗ്രികള്‍ തേടിയുളള യാത്ര തുടങ്ങി.

ഒരേക്കറില്‍ 2000 സ്‌ക്വയര്‍ഫീറ്റിലാണ് വീട് പണിതത്. മുഴുവന്‍ പണിയും കഴിഞ്ഞപ്പോള്‍ ചെലവായത് വെറും 12 ലക്ഷം രൂപ മാത്രമാണ്. കരിങ്കല്ലു കൊണ്ടാണ് വീടിന്റെ ഭിത്തി മുഴുവന്‍ പണിതിരിക്കുന്നത്. നെടുങ്കണ്ടത്ത് നല്ല കരിങ്കല്ല് കിട്ടുമെന്ന് കേട്ട്   അവിടേക്കു പോയി.   അവരോട് കല്ല് കീറി കാണിച്ചു തരാന്‍ പറഞ്ഞു. എല്ലാം ഒരേ ഡിസൈനിലുള്ള നല്ല കല്ലുകളായിരുന്നതു കൊണ്ടു  വളരെ വ്യത്യസ്തമായ രീതിയില്‍ പണിയാനാവുമെന്ന് തോന്നിയിരുന്നു. ഒരു ചെറിയ കഷ്ണം കീറിച്ച് നാട്ടിലേക്കു കൊണ്ടു വന്നു. മേസ്തിരിമാരെ കാണിച്ചപ്പോള്‍ അവര്‍ പറഞ്ഞത്  കല്ല് നല്ലതാണ് പക്ഷേ, ഇതു പോലെ പണിതിരിക്കുന്ന മറ്റൊരു വീടു കാണിച്ചു തന്നാല്‍ മാത്രം പണിയാമെന്നാണ്. എനിക്കങ്ങനെ മാതൃക കാണിക്കാനൊരു വീടില്ലായിരുന്നു. അവര്‍ക്കു പേടിയുണ്ടായിരുന്നത് ഇതിന്റെ പേരില്‍ തങ്ങള്‍ക്കെന്തെങ്കിലും പ്രശ്‌നം വരുമോ എന്നായിരുന്നു. ഞാന്‍ പറയുന്നതു പോലെ ചെയ്തു തന്നാല്‍ മതി എന്തു വന്നാലും ഉത്തരവാദിത്തം എനിക്കു മാത്രമായിരിക്കുമെന്ന് ഉറപ്പു കൊടുത്തതിനു ശേഷമാണ് പണിക്കാര്‍ വീടുപണി തുടങ്ങാന്‍ തയ്യാറായത്.

ഒരു വശം കരിങ്കല്ലും അതിന്റെ പിറകില്‍ മരത്തിനു പകരം പ്‌ളൈവുഡ് വച്ച് അതിനകത്തേയ്ക്ക് കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ചു. ഇങ്ങനെ പുറത്തു നിന്ന് കരിങ്കല്ലും അകത്ത് കോണ്‍ക്രീറ്റുമെന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്. പ്‌ളൈവുഡ് വച്ചതിനാല്‍ കോണ്‍ക്രീറ്റിട്ടതിന് നല്ല മിനുസവും, ഒരു കല്ല് ഇളക്കിയെടുക്കാനാവാത്ത വിധം കരിങ്കല്ലിനിടയിലെല്ലാം കോണ്‍ക്രീറ്റ് കയറി ഉറയ്ക്കുകയും ചെയ്തു. പ്രത്യേകിച്ച് ബീം ഇട്ടിട്ടില്ലെങ്കിലും വീട് മുഴുവന്‍ കരിങ്കല്ലിന്റെ ഒരു വലിയ ബീമിനു തുല്യമാണ്.  ജനലും വാതിലും പോകുന്നതിനു മുകളിലൂടെ രണ്ട് കമ്പി ഇട്ടിട്ടുണ്ട്.

കരിങ്കല്ലിന്റെ ഡിസൈന്‍ വളരെ മനോഹരമായിരുന്നതിനാല്‍ പുറം ഭിത്തിക്കു പ്രത്യേകിച്ച് പ്‌ളാസ്റ്ററിങ്ങ് വേണ്ടി വന്നില്ല. കല്ലില്‍ പറ്റിയിരുന്ന സിമന്റ് കളയാന്‍ ആസിഡ് വച്ച് കഴുകി ഒരു പ്രത്യേക കെമിക്കല്‍ അടിച്ചു. ഇപ്പോള്‍ കരിങ്കല്ലില്‍ വെള്ളം വീണാല്‍ തന്നെ ചേമ്പിലയില്‍ വെള്ളം വീഴുന്നതു പോലെയാണ്. വീടിന് ആകെ വേണ്ടി വന്നത് 4000 കല്ലാണ്. അതിന് നാല്‍പ്പതിനായിരം രൂപ മാത്രം. ഇഷ്ടികയായിരുന്നെങ്കില്‍ ഒന്നേകാല്‍ ലക്ഷമെങ്കിലും ഇതിനു മാത്രം വരുമായിരുന്നു.

ജനലിനു വേണ്ട കട്‌ളയെല്ലാം കോണ്‍ക്രീറ്റിന്റേതാണ് എടുത്തത്. വീടിനടുത്തുള്ള ഒരു കമ്പനിയില്‍ പോയി നിര്‍മ്മിക്കുന്ന രീതിയെല്ലാം നേരിട്ടു കണ്ടിട്ടാണ് വാങ്ങാന്‍ തീരുമാനിച്ചത്. തടി ഉപയോഗിക്കുന്നതിന്റെ  നാലിലൊന്നു ചെലവേ ഇതിനു വന്നുള്ളു. വാതിന്റെ പാളിയും മറ്റു തടി വര്‍ക്കുകളും ചെയ്തിരിക്കുന്നത് നമ്മുടെ നാട്ടില്‍ സാധാരണ കിട്ടുന്ന വേമ്പ് എന്നൊരിനം തടി വച്ചാണ്. ഇതിന് നല്ല ബലമുണ്ട്, മാത്രമല്ല ഉറുമ്പു കുത്തുകയോ ചെതലുപിടിക്കുകയോ ചെയ്യില്ല. ഇടുക്കി ഭാഗത്തൊക്കെ വേമ്പ് ധാരാളമുണ്ട് . അതിനാല്‍ അധികം പണമായില്ല, പോളിഷ് ചെയ്താല്‍ തേക്കിന്റെ ഭംഗിയും ഉണ്ടാകും.

ഫ്‌ളോറിങ്ങിലാണ് മറ്റൊരു ലാഭം കിട്ടിയത്. ഫ്‌ളോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത് ആത്തംകുടി ടൈല്‍ ആണ്. സ്ഥലത്ത് നേരിട്ടു പോയി അന്വേഷിച്ചാണിതു വാങ്ങിയത്. സ്‌ക്വയര്‍ഫീറ്റിന് ഇരുപതു രൂപ കൊടുത്താല്‍ കൈകൊണ്ട് നിര്‍മ്മിച്ച ഈ ടൈലുകള്‍ അവര്‍ തന്നെ വന്ന് ഇട്ടു തരും. എന്റെ വീടു മുഴുവന്‍ ഇട്ടിരിക്കുന്നത് ആത്തംകുടി ടെല്‍ ആണ്. ചെലവായത് വെറും 37000 രൂപ.

ആര്‍ക്കിടെക്ട് നല്‍കിയ ഡിസൈനില്‍ സ്ലോപ്പ് റൂഫ് ആയിരുന്നു. ഞാന്‍ ഫ്‌ളാറ്റ് റൂഫാണ് പണിതത്. കാരണം ഇങ്ങനെ ചെയ്യുമ്പോള്‍ മൊത്തം തറയുടെ വിസ്തീര്‍ണ്ണം എത്രയുണ്ടോ അത്രയും സ്ഥലം വീടിനു മുകളില്‍ കിട്ടും. മാത്രമല്ല രണ്ടു ടെറസും കിട്ടിയിട്ടുണ്ട്. ആദ്യത്തെ നിലയില്‍ ലിവിങ്ങ് കം ഡൈനിങ്ങും രണ്ടു ബഡ് റൂമും അടുക്കളയുമാണുള്ളത്. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയില്‍ സ്റ്റെയര്‍. സ്റ്റെയറിന്റെ കൈപ്പിടി വേമ്പിലാണ് പണിതത്. സ്റ്റെപ്പില്‍ ടെറാകോട്ട ടൈലാണ് പാകിയത്. ഇത് സാധാരണ മുറ്റത്തെല്ലാം ഇടുന്ന ടൈലാണ്. അതുകൊണ്ടു തന്നെ ഗ്രിപ്പുണ്ട്. വെള്ളമൊന്നും വീണാല്‍ തെന്നി വീഴില്ല. പോളീഷ് ചെയ്യേണ്ടി വന്നതുമില്ല, കാരണം ഇത് നിര്‍മ്മാണത്തില്‍ തന്നെ പ്രത്യേക രീതിയില്‍ പോളീഷ് ചെയ്തു വരുന്ന ടൈലാണ്.

സ്റ്റെയര്‍ കയറി ചെല്ലുമ്പോള്‍ രണ്ടു ബഡ് റൂമുകളാണുള്ളത്. ബാക്കി ഭാഗത്തായിട്ടാണ് ടെറസ് വരുന്നത്. ടെറസിലേക്കുള്ള വാതില്‍ തുറന്നാല്‍ അകത്തേക്ക് നല്ല പോലെ കാറ്റു കടക്കും. ആദ്യത്തെ നിലയില്‍ നിന്നുള്ള സ്റ്റെയര്‍ വീണ്ടും മുകളിലേക്കു പോകുന്നുണ്ട്. ടാങ്കും മറ്റും വച്ചിരിക്കുന്ന രണ്ടാമത്തെ ടെറസ് ഇവിടെയാണ്.
ചെലവേറെ വരുന്ന സണ്‍ഷേഡ് വാര്‍ക്കലും ഒഴിവാക്കി. പകരം ഇവിടെ ട്രസ്സ് വര്‍ക്ക് ചെയ്യുകയായിരുന്നു. കോണ്‍ക്രീറ്റില്‍ ചെയ്താല്‍ മഴയും വെയിലുമടിച്ച് നാളുകള്‍ കഴിയുമ്പോള്‍ ഇവിടെ ക്രാക്ക് വീഴും. കോണ്‍ക്രീറ്റില്‍ ഷേഡ് വാര്‍ത്തിരുന്നെങ്കില്‍ സ്‌ക്വയര്‍ ഫീറ്റിന് 200 രൂപ ചെലവാകുന്ന സ്‌ഥാനത്ത് സ്‌ക്വയര്‍ ഫീറ്റിന് ചെലവായത് വെറും അറുപത്തിയഞ്ചു രൂപയാണ്. ഷേഡ് വാര്‍ത്താല്‍ നമുക്ക് രണ്ടര അടി മാത്രമേ തള്ളിയിടാനാവു. ഷീറ്റായതു കൊണ്ട് നാലടി തള്ളിയിടാനായി. മാത്രമല്ല മഴ പെയ്താല്‍ വെള്ളവും മണ്ണും തെറിച്ച് ചുമര് വൃത്തികേടാവുകയുമില്ല.

ടെറസ്സില്‍ ജി.ഐ പൈപ്പു കൊണ്ട് നാലര അടി പൊക്കത്തില്‍ വേലി പോലെ കെട്ടി. കുട്ടികള്‍ ടെറസ്സില്‍ കയറിയാല്‍ താഴേയ്ക്ക് കാല്‍ വഴുതി വീഴാതിരിക്കാനാണിങ്ങനെ ചെയ്തത്. വീടിനകത്ത് പെയിന്റിങ്ങ് ചെയ്തും പണം കളയേണ്ടി വന്നില്ല. ലിവിങ്ങിലും ഡൈനിങ്ങിലുമെല്ലാം കയറി ചെല്ലുമ്പോള്‍ കാണുന്ന ഭിത്തി കരിങ്കല്ലിലാണ്. അതായത് നെടുകേയുളള ഭിത്തി കോണ്‍ക്രീറ്റിലാണെങ്കില്‍ കുറുകെയുളളത് കരിങ്കല്ലിലാണ്.

അകത്തളങ്ങളിലെ ഭിത്തിയലമാരകളെല്ലാം തന്നെ ഫെറോസ്ലാബിലാണ് ചെയ്തത്. അലമാരയ്ക്ക് തടിയുടെ വാതില്‍ പിടിപ്പിക്കുകയും ചെയ്തു. ലിവിങ്ങ് റൂമിലൊഴിച്ച് മറ്റ് മുറികളിലൊന്നും തന്നെ ഫാന്‍ ഇട്ടിട്ടില്ല. കരിങ്കല്ല് ഉപയോഗിച്ചിക്കുന്നതിനാല്‍ അത്ര നല്ല അന്തരീക്ഷമാണ് അകത്തെല്ലാം. വലിയ ചൂടു വന്നാലും, തണുപ്പു വന്നാലും പ്രശ്‌നമില്ല. വീടിന്റെ പുറകു വശത്തു ചെന്നാല്‍ പൈപ്പുകളുടെ ഒരു ഘോഷയാത്രയാണ് മിക്ക വീടുകളിലും. എന്റെ വീട്ടില്‍ എല്ലാ പൈപ്പുകളും തറയ്ക്കകത്തുകൂടിയും ഭിത്തിയ്ക്കകത്തു കൂടിയുമാണ് ഇട്ടിരിക്കുന്നത്. ടാങ്കിന്റെ എയര്‍ പൈപ്പു പോലും പുറത്തു കാണില്ല. ഇങ്ങനെ പാഴ്‌ച്ചെലവുകളൊക്കെ കുറച്ച് മറ്റു ചില അത്യാവശ്യങ്ങള്‍ക്കു പണം ചെലവാക്കി. ഇവിടെ ഹൈറേഞ്ച് ഏരിയ ആയതിനാല്‍ എപ്പോഴും ചൂടുവെള്ളം വേണം. ഇതിനുവേണ്ടി സോളാര്‍ വാട്ടര്‍ ഹീറ്റര്‍ വച്ചു. വീടിന്റെ ആറു മീറ്റര്‍ ഉയരത്തില്‍ മിന്നല്‍ രക്ഷാചാലകവും വച്ചിട്ടുണ്ട്. രണ്ടു ദിവസം മുഴുവന്‍ കറന്റില്ലെങ്കിലും ലൈറ്റ് കിട്ടുന്ന വിധത്തിലുള്ള യു.പി.എസും.

പാഴ്‌ച്ചെലവുകളൊന്നുമില്ലാതെ എന്റെ പരിമിതിയില്‍ നിന്നു കൊണ്ട് ഒരു വര്‍ഷം കൊണ്ട് വീടു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. വീടു പണി കഴിഞ്ഞപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചതിലും ഭംഗിയാക്കാനായി. പല എഞ്ചിനീയര്‍മാരും പറഞ്ഞത് ഇങ്ങനെയൊരു വീട് സാധാരണ രീതിയില്‍ പണിയാന്‍ നാല്‍പ്പതു ലക്ഷം രൂപയെങ്കിലും വരുമെന്നാണ്. വീടിനെ പറ്റി അറിഞ്ഞു കേട്ട് പലരും വന്ന് കണ്ടു. ഞാനും ഭാര്യയും മക്കളും സ്വപ്നം കണ്ട വീട് സ്വന്തമാക്കിയ സന്തോഷത്തിലാണിപ്പോള്‍.

| Savitha Sijo

13 Comments

  1. Hi Mathew,
    I’m appreciating your design skills and your courage for implemented a new building methodology. Very good design, Congratulations. I want to design my own new house with cost effective building materials.I’am also planning to build the house with rock stone. I have some doubts, in the interior of the house how could you drill the rock for Wiring and plumping purpose?Through Which part of the room, you made these connections? Or any other methods are used for these connections then please let me know that.

    Hoping for a positive reply.

    Thanks & Regards,
    Deepu D K

  2. Hi Deepu,
    I think, he might have put all the necessary piplines during the concreating in the back side of the wall.
    Excellent work Mathews!

  3. ഡിയര്‍ മാത്യു,
    congrats, i like to see your home if you dont mind
    best regards

  4. Hi Mathew,
    Good work, Can I have your full address via mail to see you home if u do not mind?
    Regards,

  5. Hi Mathew,
    Excellent job. Your dedicated work and proper knowledge made this possible for you. I have a doubt about not having a sunshade in the ground floor. Dont you face the problem of the rain water that usually falls down in an angular way in that area?
    regards,
    Bonny.

  6. Hi friends
    thanks for the good words
    You can communicate with me by email-kjmathew.k@gmail.com

  7. very practical and eco friendly house. can I HAVE YOUR PHONE NUMBER AND EMAIL ADDRESS PLEASE.WE LIKE TO BUILD SIMILAR HOUSE.

    THANKS

    STEPHEN

  8. with the permission of Mr. Mathew, I publish his phone no: 9447073633. For more assistance please contact him directly. E Mail: kjmathew.k@gmail.com, kjmathewkattappana@gmail.com

  9. Hi Mr. Mathew,
    It is very intersting to read about your work and sincerly appreciate your courage and work. I have also a plan of my dream house in my mind and want to build and was in dielema whether to go ahead with it or not but after reading this article i decided to go ahead with it.

  10. Hello Mr. Mathew, Great Job… Could you please e-mail me your floor plan and also let me know where can we find the floor stones. Thanks.

  11. Hello Mr. Mathew,
    Excellent Job, This will be inspiring for a lot of people! I congratulate you all once again!

  12. Hello
    Today I seen your dream homes photo and article. It is very interesting and really deserve appreciation. I have been researching for a small cost effective eco home . Your article brings flash on my dream (once abandoned) of making a stone house. I was informed that it is very expensive.

    Thank you. I will like to be in touch with you and and seek your advice

  13. Dear Mr. Mathew,

    Once you had a dream but now it had been fullfilled. For me, I am still in dream. Why don’t you help me to make a house similar to yours in my home town at Chengannur.Me and wife Grace is very keen to know more about your home and build a similar house.

    Please extend your support. Woould appreciate if you could text me your mobile no. to me at 00974 55719409.

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.