HOME

Colours 4 Home

സ്വപ്നസൗധം പണിതു കഴിഞ്ഞാല്‍ അതിന് ചാരുത കൂട്ടാന്‍ ഭംഗിയുളള പെയിന്റുകള്‍ തന്നെ വേണം. ഒരു വീടിന്റെ ആകൃതി, വലിപ്പം അവിടെ താമസിക്കുന്നവരുടെ വികാരങ്ങള്‍ എന്നിവയെല്ലാം കണക്കിലെടുത്താകണം  നിറങ്ങള്‍. അതിനാല്‍ വീടിനു യോജിച്ച നിറങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആര്‍ക്കിടെക്ട് അനൂജ് ഗോപകുമാര്‍ പറയുന്നു.

ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ആഘോഷത്തിന്റേതാണ്. ഒരാളെ വിജയത്തിലേക്ക്  നയിക്കാന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം എപ്പോഴും ഉന്മേഷവാനാക്കാനും സഹായിക്കുന്നു. ഫുട്‌കോര്‍ട്ട്, ഓഫീസുകള്‍, കുട്ടികളുടെ മുറി എന്നിവയ്ക്ക്  യോജിക്കും.
സമാധാനവും സുരക്ഷിതത്വവും ആഗ്രഹിക്കുന്നവര്‍ക്ക് നീലനിറം തിരഞ്ഞെടുക്കാം. അതോടൊപ്പം സര്‍ഗാത്മകത വളരുന്നതിനും നീല നിറം യോജ്യമാണ്. ഇവ സ്റ്റഡിസ്‌പേസ്, പ്രായമായവരുടെ മുറി, കിടപ്പു മുറി എന്നിവിടങ്ങളിലാണ് ഏറ്റവും നല്ലത്. ഉത്സാഹത്തിന്റെയും പരിശുദ്ധിയുടെയും നിറമാണ് മഞ്ഞ. പൂജാമുറിക്കും മറ്റും ഇവ നല്‍കാം.  കുട്ടിക്കുരുന്നുകളുടെ കുസൃതിയ്ക്കിണങ്ങുന്ന പിങ്ക് നിറം നിഷ്‌കളങ്കതയുടേതാണ്.  പച്ച നിറം നിശ്ചയദാഢ്യത്തിന്റെയും, ആത്മവിശ്വാസത്തിന്റെയുമാണ്.

ഓരോ മുറിയും എന്തിന് എന്നത് മനസ്സില്‍ വച്ച് നിറങ്ങള്‍ കണ്ടെത്തുക. നിറങ്ങള്‍ തന്നെ പല വിധത്തിലുണ്ട്. ഇവയില്‍ നിന്നും ഏറ്റവും അനുയോജ്യമായവ കണ്ടെത്തുന്നതിലാണ് നിങ്ങളുടെ വിജയവും വീടിന്റെ സൗന്ദര്യവും. നിറങ്ങളെ ലൈറ്റ് കളേഴ്‌സ്, എക്‌സോട്ടിക് കളേഴ്‌സ്, നാച്വറല്‍ കളേഴ്‌സ്, എര്‍ത്ത് കളേഴ്‌സ്, ന്യൂട്രല്‍ കളേഴ്‌സ് എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു.
എക്‌സോട്ടിക് കളേഴ്‌സ്- കടുംമഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്
നാച്വറല്‍ കളേഴ്‌സ്- നീല, പച്ച, അക്വാമറൈന്‍
എര്‍ത്ത് കളേഴ്‌സ്- മണ്ണും മണ്ണിന്റെ നിറങ്ങളുമായി യോജിക്കുന്നത്
ന്യൂട്രല്‍ കളേഴ്‌സ്-ലൈറ്റ് നിറങ്ങള്‍ ലൈറ്റ് ബിസ്‌ക്കറ്റ് കളര്‍,  ലൈറ്റ്‌ഗ്രേ

ഭിത്തിക്കു ലൈറ്റ്കളര്‍ കൊടുത്താല്‍ അകത്തളത്തിന് കൂടുതല്‍ വലിപ്പം തോന്നും. എന്നാല്‍ ഡാര്‍ക്ക് കളര്‍ ഉളളതിനേക്കാള്‍ വലിപ്പം കുറച്ചേ കാണിക്കൂ. ഏതു മുറിയും പെയിന്റു ചെയ്യുമ്പോള്‍ അവിടെ ഇട്ടിരിക്കുന്ന ഫര്‍ണിച്ചറുകളുടെ നിറവുമായി യോജിച്ചു പോകുന്നുണ്ടോ എന്നു കൂടി ശ്രദ്ധിക്കണം. ഗ്രേബ്ലാക്ക് ആന്റ് ഡാര്‍ക്ക് ടോണ്‍സും ഇന്ന് ട്രെന്റായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇവ ഫോര്‍മല്‍ ഏരിയകള്‍ക്കാണ് ഏറ്റവും അനുയോജ്യം. മുറികളില്‍ ഒരു ആന്റിക്‌ ലുക്ക് കൊണ്ടു വരുന്നതിന് വ്യത്യസ്ത തരത്തിലുള്ള റെസ്റ്റിക്‍ ഫിനിഷ്, ടെക്‌സ്ച്ചര്‍ പെയിന്റുകളെല്ലാം ഇന്നു വിപണിയിലുണ്ട്. വാര്‍‌ഡ്രോബ്‌സിനും, ഡോറുകള്‍ക്കും പ്രത്യേക തരത്തിലുള്ള മെറ്റാലിക് ടോണ്‍സ് ലഭ്യമാണ്. ഇവ സില്‍വര്‍, ഗോള്‍ഡ്, മെറ്റാലിക് ഫിനിഷുകളിലാണ് കൂടുതലായും എത്തുന്നത്.

ഡ്യൂവല്‍ ടോണ്‍സ് ഇന്നു പലരും പരീക്ഷിച്ചു വരുന്നുണ്ട്. വ്യത്യസ്ത ദിശകളില്‍ നിന്നും വ്യത്യസ്ത കളറുകളായി അനുഭവപ്പെടുന്നതാണിവ. രണ്ടു കളറുകള്‍ യോജിപ്പിച്ചു കൊണ്ടാണ് ഇവ ഭിത്തിയില്‍ അടിക്കുന്നത്. മറ്റെല്ലാ ഭിത്തികള്‍ക്കും ന്യൂട്രല്‍ കളര്‍ നല്‍കി ഏതെങ്കിലും ഒന്നിനു മാത്രം കടുത്ത നിറങ്ങള്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ ഫാഷനാണ്. അതു പോലെ തന്നെ ചുവരുകള്‍ക്ക് ഇളം നിറം നല്‍കി സീലിങ്ങിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് കടും നിറം പൂശുന്നവരുമുണ്ട്. പുറം ചുവരുകള്‍ക്ക് ലൈറ്റ് കളേഴ്‌സാണ് ഏറ്റവും അനുയോജ്യം. നമ്മുടെ കാലാവസ്ഥയ്ക്കും ഇതാണ് നല്ലത്.

പെയിന്റിങ്ങ് ചെയ്യുമ്പോള്‍ അത്യാവശ്യമായും ലൈറ്റിങ്ങു കൂടി ശ്രദ്ധിക്കണം.കാരണം ഓരോ പ്രകാശത്തിലും നിറങ്ങള്‍ക്ക് വ്യത്യസ്തത അനുഭവപ്പെട്ടു കൊണ്ടിരിക്കും. ഇത്തരം കാര്യങ്ങളെ കുറിച്ചല്ലാം വ്യക്തമായ അറിവു നേടാന്‍ നല്ലൊരു ആര്‍ക്കിടെക്ടിന്റെ സഹായം തേടുന്നത് നന്നായിരിക്കും.

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.