HOME

Vaasthu: ആറ് അടിസ്ഥാന തത്ത്വങ്ങള്‍

വെളിച്ചം, വായു, വെള്ളം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ക്കു മുന്‍തൂക്കം നല്‍കി വീട് നിര്‍മിക്കുന്നതാണു പ്രായോഗികം. എന്നാല്‍  വീട് വയ്ക്കുമ്പോള്‍ വാസ്തുശാസ്ത്രത്തിലെ ചില അടിസ്ഥാന തത്ത്വങ്ങള്‍ മറന്നു പോകരുതെന്ന് ആര്‍ക്കിടെക്‍ടും  വാസ്തു വിദഗ്‌ധനുമായ കെ ദാമോദരന്‍ പറയുന്നു.

1. വീടു പണിയാന്‍ തെക്കു പടിഞ്ഞാറു ഭാഗമാണ് അനുയോജ്യം. വടക്കു കിഴക്കും ആവാം. എന്നാല്‍ വടക്കു കിഴക്കു ഭാഗത്ത് കുറച്ചു ഭൂമി വെറുതെ കിടക്കണം എന്നാണ് പറയുന്നത്. അതുകൊണ്ട് ഒഴിവാക്കാനാവില്ലെങ്കില്‍ മാത്രം വടക്കു കിഴക്കു തിരഞ്ഞെടുക്കുക. വീടിന്റെ ദര്‍ശനം കിഴക്കോട്ടോ വടക്കോട്ടോ ആകണം. ശുദ്ധ വായുവിന്റെ പ്രവാഹം വേണ്ടുവോളം ഉണ്ടാകുമെന്നതാണു  കാരണം. തറ പണിയുമ്പോള്‍ തറ തെക്കു പടിഞ്ഞാറു ഭാഗത്ത് താഴ്ന്നു വരാതിരിക്കാന്‍ ശദ്ധിക്കണം. അതായത് തെക്കു പടിഞ്ഞാറെ മൂല വടക്കു കിഴക്കിനേക്കാള്‍ ഉയര്‍ന്നിരിക്കണം.

2. അടുക്കള അഗ്നി മൂലയില്‍ അതായതു തെക്കു കിഴക്കു വരുന്നതാണ് നല്ലത്. കിഴക്കു നിന്നുള്ള സൂര്യരശ്മി അടുക്കളയില്‍ വന്നു പതിച്ചാല്‍ ബാക്ടീരിയകളെ നശിപ്പിക്കുമെന്നു മാത്രമല്ല പടിഞ്ഞാറു നിന്നുമുള്ള കാറ്റ് പ്രവേശിച്ച് അടുക്കളയിലെ ഗന്ധങ്ങള്‍ കിഴക്കു വശത്തെ ജനലിലൂടെ പുറത്തേയ്ക്കു പോവുകയും ചെയ്യും.  കൂടാതെ പാചകം ചെയ്യുമ്പോള്‍ തീ കത്തിക്കുന്നത് കിഴക്കോട്ടു തിരിഞ്ഞു നിന്നാവണം.

3. കിണര്‍ വടക്കു കിഴക്കു വന്നാല്‍ പ്രഭാത രശ്മി കിണറില്‍ പതിച്ച് വെള്ളം ശുദ്ധമാകാന്‍  സഹായിക്കും. ഇത് വീട്ടിലുള്ളവരെ അസുഖങ്ങളില്‍ നിന്നും മറ്റും അകറ്റി നിറുത്തും. വടക്കു പടിഞ്ഞാറ് കിണര്‍ കുത്തുന്നത് നല്ലതല്ല. അതുപോലെ വീടിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തായി സെപ്റ്റിക് ടാങ്ക് വരാതിരിക്കാനും ശ്രദ്ധിക്കണം.

4. വീട്ടിലെ പ്രധാന വാതിലുകള്‍ വടക്കു കിഴക്കായിരിക്കണം. ശുദ്ധവായുവിന്റെ പ്രവാഹം കണക്കാക്കിയാണിത്. വീടിനകത്തെ ഷെല്‍ഫുകള്‍ തുറക്കുന്നത് വടക്കു കിഴക്ക് വശത്തേയ്ക്കായിരിക്കണം.

5. ബെഡ്‌റൂമുകള്‍ തെക്കു പടിഞ്ഞാറായിരിക്കുന്നതാണ് നല്ലത്. പടിഞ്ഞാറു നിന്നുള്ള കാറ്റ് അകത്തളങ്ങളിലേക്ക്  നല്ലപോലെ എത്താന്‍ ഇതു  സഹായിക്കും. വീടിന്റെ പടിഞ്ഞാറു ഭാഗത്തായി തിങ്ങി നിറഞ്ഞ വൃക്ഷങ്ങള്‍ വയ്ക്കുന്നത് ഒഴിവാക്കണം. പകരം വാസനയുള്ള ചെറിയ വൃക്ഷങ്ങള്‍ വയ്ക്കുക.

6. വീടിനോട് ചേര്‍ന്ന് ക്ഷേത്രങ്ങളുണ്ടെങ്കില്‍ അവയേക്കാള്‍ ഉയരത്തില്‍ വീട് വയ്‌ക്കരുത്. ക്ഷേത്രത്തിലെ കൊടിമരം പിച്ചളയിലോ, ചെമ്പിലോ ഒക്കെയായിരിക്കും.  അവ ഇടിമിന്നല്‍ ചാലകമായി പ്രവര്‍ത്തിക്കും. എന്നാല്‍ വീട് അതിനു മുകളില്‍ വന്നാല്‍ വീടായിരിക്കും ചാലകമാകുന്നത്.

വീടു പണിയുമ്പോള്‍ കണക്കുകള്‍ കൃത്യമാകണം എന്നു പറയുന്നതില്‍ കാര്യമില്ല എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം. കാരണം പണ്ട്  കല്ലും മരവും വച്ച് വീടു പണിയുമ്പോള്‍ ഒരിടത്ത് കല്‍പ്പണി നടക്കുമ്പോള്‍ മറ്റൊരു ഭാഗത്ത് തടിപ്പണി നടക്കുന്നുണ്ടാവും. വീടുകയറ്റുമ്പോള്‍ മരപ്പണി അതിനോട് യോജിക്കണമെന്നാണ് കണക്ക് എന്നതു കൊണ്ട് ഉദ്ദേശിച്ചിരുന്നത്. കോണ്‍ക്രീറ്റു കെട്ടിടങ്ങളെ സംബന്ധിച്ച് കണക്കെന്നതിന് പ്രസക്തിയില്ല. മാത്രമല്ല കണക്കെല്ലാം കൃത്യമാക്കി വീടിന് വേണ്ടത്ര ജനലും വാതിലുകളുമില്ലെങ്കില്‍ അവിടത്തെ ജീവിതം സുഖകരമാവില്ല.

| Savitha Sijo

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.