HOME

സംയുക്‍തയുടെ പ്രിയ ഭവനം, ബിജുവിന്റെയും

Residence of Biju Menon and Samyuktha Varma

Residence of Biju Menon and Samyuktha Varma

മുറ്റത്തേയ്ക്കിറങ്ങിയാല്‍ കാറ്റും മരങ്ങളും അകത്തളങ്ങളില്‍ ഒച്ചയനക്കങ്ങളുമുളള വീടാണ് തനിക്കിഷ്ടമെന്ന് മലയാളികളുടെ പ്രിയ താരമായിരുന്ന സംയുക്ത വര്‍മ്മ പറയുന്നു. വീടുകള്‍ കുറെയുണ്ടെങ്കിലും അച്ഛന്റെ ഡിസൈനില്‍ പണിത തൃശൂരുള്ള ഈ വീടാണ് താരദമ്പതികളായ ബിജുമേനോനും സംയുക്തവര്‍മ്മയ്ക്കും ഏറ്റവും ഇഷ്‌ടം.

എന്താണ് ഈ വീടിനോട് ഇത്രമാത്രം പ്രിയം?
എന്റെ അച്ഛന്റെ കോവിലകത്തിന്റെ അതേ ശൈലിയിലാണ് ഈ വീട് പണിതിരിക്കുന്നത്. അവിടെ കുറെക്കൂടി സ്ഥലമുണ്ട്. പഴയ വീടുകളിലേതു പോലെ വശങ്ങളിലൊക്കെ. ഇവിടെ അതൊന്നും ഇല്ല.

ഇവിടത്തെ ചുറ്റുപാടാണ്   ഈ വീടിനെ ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത്. വീടിനു മുന്‍വശത്ത് ധാരാളം സ്ഥലമുണ്ട്. മുറ്റത്ത് നട്ടിരിക്കുന്ന ചെടികളെല്ലാം തന്നെ നാട്ടിന്‍ പുറത്തു സാധാരണ കാണുന്നവയാണ്. മാവ്, കശുമാവ്, ഉതിര്‍മുല്ല, ചെമ്പകം, ചെമ്പരത്തി, വാഴ എന്നിങ്ങനെ പുറത്തിറങ്ങി നിന്നാല്‍ തന്നെ മനസിനൊരു കുളിര്‍മ്മയാണ്. വീട് നില്‍ക്കുന്നത് പടിഞ്ഞാറു വശത്തിനഭിമുഖമായിട്ടാണ്. മഴ വന്നാലൊക്കെ അകത്തേയ്ക്ക് നല്ല കാറ്റ് വരും.

വീടിനടുത്തു തന്നെ അമ്പലവുമുണ്ട്. മുന്‍വശത്തെ ചാരുപടിയിലിരിക്കാനാണ് ഞങ്ങള്‍ക്ക് ഏറ്റവും ഇഷ്ടം. ഇന്നിപ്പോള്‍ മിക്ക വീടുകളിലും ചാരുപടിയൊക്കെ കാണുമെങ്കിലും അവിടെയിരുന്നാല്‍ കാണുന്നത് അപ്പുറത്തെ വലിയ കെട്ടിടമായിരിക്കും.  ഇവിടെ പുറത്തേയ്ക്കു നോക്കിയാല്‍ വലിയ കെട്ടിടങ്ങളില്ല.

വീടിന്റെ ഡിസൈന്‍ പൂര്‍ണ്ണമായും അച്ഛന്റെ ആയിരുന്നോ?
ആശയങ്ങളെല്ലാം അച്ഛന്റെ ആയിരുന്നു. അതനുസരിച്ച് ഡിസൈന്‍ ചെയ്തത് ആര്‍ക്കിടെക്ട് പുഷ്‌കരനും, അനിലുമായിരുന്നു. 2500 സ്‌ക്വയര്‍ഫീറ്റിലാണ് ഈ വീട് നില്‍ക്കുന്നത്. ഹാള്‍, മൂന്ന് ബഡ്‌റൂം, ബാല്‍ക്കണി, അടുക്കള എന്നിവയൊക്കെ ചേര്‍ന്നൊരു കൊച്ചു വീടാണിത്.

ആധുനിക വീടുകള്‍ കാണുമ്പോള്‍ അങ്ങനെയൊന്ന് പണിയണമെന്നു തോന്നിയില്ലേ?
ഒരിക്കലുമില്ല. ബിജുവേട്ടന്റെ വീട് ഞങ്ങളാണ് വാങ്ങിയത്. അത് 6000 സ്‌ക്വയര്‍ ഫീറ്റുള്ള വളരെ വലിയ വീടാണ്. ഞങ്ങള്‍ മൂന്നുപേരും വല്ലപ്പോഴും അവിടെ പോയി താമസിക്കാറുണ്ട്. അവിടെ പോയാല്‍ തന്നെ ഞങ്ങള്‍ക്ക് ഇങ്ങോട്ട് തിരിച്ചു വരണമെന്നാണ്.

മോനും ഈ വീടാണിഷ്ടം. ഇത് സാധാരണ ശൈലിയിലുള്ള വീടാണ്. അമ്മയും, അമ്മൂമ്മയും ഒക്കെയുണ്ട്. അപ്പോള്‍ തന്നെ നിറയെ ആളുള്ളതു പോലെയാണ്. ഈ വീട്ടില്‍ എന്നും അതിഥികളുണ്ടാവുമെന്ന പ്രത്യേകതയുമുണ്ട്. പിന്നെ വലിയ വീടാകുമ്പോള്‍ പരസ്പരമുളള അടുപ്പം കുറയും. ഇതിപ്പോള്‍ എല്ലാവരും ഒരുമിച്ചാണ്. ഒട്ടും അകലം തോന്നുകയില്ല.

പഴമയോടാണ് കൂടുതല്‍ അടുപ്പമെന്നു തോന്നുന്നല്ലോ?
തീര്‍ച്ചയായും പഴമയെ സ്‌നേഹിക്കുന്നുണ്ട്. നമ്മുടെ സംസ്‌കാരത്തിനു തരാന്‍ പറ്റുന്നതിന്റെ ബലം മറ്റൊന്നിനും നല്‍കാനാവില്ല. എന്നു കരുതി ഞാന്‍ പുതിയ ആശയങ്ങളെ തള്ളിക്കളയാറില്ല. പുതിയതിനെ നിരന്തരം വീക്ഷിക്കുകയും, അതിനെ ജീവിതത്തില്‍ കൊണ്ടു വരികയും ചെയ്യാറുണ്ട്. ഈ വീടിന്റെ തന്നെ ഇന്റീരിയറില്‍ കുറെയൊക്കെ മോഡേണ്‍ ശൈലി കൊണ്ടു വന്നിട്ടുണ്ട്.

ഇന്റീരിയര്‍ എങ്ങനെയാണ്?
ഫര്‍ണിച്ചര്‍ എല്ലാം ചൂരലിലാണ് ചെയ്തിരിക്കുന്നത്. അകത്തളങ്ങളിലെല്ലാം ഇന്ത്യന്‍ കളര്‍ കോമ്പിനേഷന്‍സാണ് ഉപയോഗിച്ചിരിക്കുന്നത്. മ്യൂറല്‍ പെയിന്റിങ്ങ് ചെയ്തതിനു  കൂടുതല്‍ ഭംഗി നല്‍കാന്‍ സ്‌പോട്ട് ലൈറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഫ്‌ളോറിങ്ങിനായി സാധാരണ ടൈലൊക്കെയാണ് ഉപയോഗിച്ചിരിക്കുന്നത്. സിറ്റൗട്ടില്‍ മാത്രം വിട്രിഫൈഡ് ടൈല്‍ വിരിച്ചു. ടെറാകോട്ട ടൈലിനോട് സാമ്യമുളള കളറുകളാണ് എല്ലായിടത്തും
നല്‍കിയത്.

വീട്ടില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കാറുള്ളത് എവിടെയാണ്?
അടുക്കള കം ഡൈനിങ്ങാണ് എപ്പോഴും സജീവം. അതുകൊണ്ട് ഇവിടെ ഡൈനിങ്ങില്‍ സോഫയും കട്ടിലും ഇട്ടിട്ടുണ്ട്.  ഞങ്ങളുടെ കോവിലകത്തു നിന്നു കൊണ്ടു വന്ന പഴയ കട്ടിലാണിത്. ആരു വന്നാലും ഇവിടെയാണ് കൂടുതലും ഇരിക്കാറുളളത്. അത്ര അടുപ്പമുളളവരാവുമല്ലോ  അടുക്കള വരെ വരുന്നത്. കുറച്ചു പേര്‍ അകത്ത്, കുറച്ചു പേര്‍ പുറത്ത് എന്ന സമ്പ്രദായവും ഇതുകൊണ്ട് ഇല്ലാണ്ടാവും.

കൂടുതല്‍ എന്തെങ്കിലും കൂടി ഉള്‍പ്പെടുത്താമായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?

ഒരു ലൈബ്രറി കൂടി കൂട്ടി ചേര്‍ക്കണമെന്നു കരുതുന്നുണ്ട്. മുകള്‍ നിലയിലെ ഹാളില്‍ കമ്പ്യൂട്ടറും,ജിമ്മുമൊക്കെയാണ്. ഹോം തീയറ്റര്‍ ആക്കണമെന്നു കരുതി പണിതതാണ്. ഇതിന്റെ ഒരു ഭാഗത്ത് ബാല്‍ക്കണിയില്‍ നിന്നു കാറ്റും വെളിച്ചവും വരുന്ന വിധത്തില്‍ ലൈബ്രറി വേണമെന്നു കരുതുന്നു. അച്ഛന്റെ പുസ്‌തകശേഖരം എനിക്കാണ് നല്‍കിയത്. പിന്നെ  കുറച്ച് എന്റെ പുസ്‌തകങ്ങളുമുണ്ട്.

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.