Dream Home by Architect A M Anil Kumar
ഒരിക്കല്‍ കണ്ടാല്‍ മനസില്‍ നിന്നും മായാത്ത ചില വീടുകളുണ്ട്. അത്തരത്തില്‍ ഒന്നാണ് കൊളോണിയല്‍ സ്പര്‍ശത്തോടെ പണിത ഈ വീട്. ആര്‍ക്കിടെക്ട് എ.എം അനില്‍ കുമാറാണ് ഈ വീടിന്റെ ശില്പി.
കൊളോണിയല്‍ ഡിസൈന്‍ നല്‍കാന്‍ കാരണം?
സുനിലും ഫാമിലിയും വളരെക്കാലം യു.എസില്‍ ആയിരുന്നു. തിരിച്ചെത്തി നാട്ടില്‍ താമസിക്കാന്‍ തീരുമാനിച്ചപ്പോള്‍ കൊളോണിയല്‍ കേരള കോമ്പിനേഷനോടെയുള്ള വീട് വേണമെന്നാണവര്‍ ആവശ്യപ്പെട്ടത്. പൊന്നാനി യില്‍ 4000 സ്‌ക്വയര്‍ ഫീറ്റിലാണ് വീട്.
കേരള കൊളോണിയല്‍ ഫ്യൂഷന്‍ ഒന്നു വിശദമാക്കാമോ?
ഈ വീട് നില്‍ക്കുന്നത് എതിര്‍ വശത്തുള്ള അമ്പലക്കുളത്തിലേയ്ക്ക് അഭിമുഖമായിട്ടാണ്. റൂഫ്, ജനാലകള്‍ ഇവയുടെയൊക്കെ ആകൃതി തന്നെ കൊളോണിയല്‍ ടച്ച് വ്യക്തമാക്കുന്ന വിധത്തിലാണ്. കോര്‍ട്ടിയാര്‍ഡില്‍ ഉപയോഗിച്ചിരിക്കുന്ന ചാരുപടി, തടിപ്പണികളിലൊക്കെയാണ് കേരളാശൈലി.
അകത്തളങ്ങള്‍ എങ്ങനെയാണ്?
അകത്തളങ്ങള്‍ എല്ലാം ഡിസൈന്‍ ചെയ്തിരിക്കുന്നത് കൊളോണിയല്‍ മാതൃകയിലാണ്. ഹോളോ ബ്ലോക്‍സ് ഉപയോഗിച്ച് പണിതിരിക്കുന്നതിനാല്‍ അകത്ത് എപ്പോഴും നല്ല തണുപ്പാണ്. ഏ സി ഉപയോഗിക്കേണ്ടി വരുന്നില്ല. ലിവിങ്ങിനെ അടിസ്ഥാനമാക്കിയാണ് ഡിസൈന്‍ വികസിപ്പിച്ചിരിക്കുന്നത്. ലിവിങ്ങിനും ഡൈനിങ്ങിനും ഇടയിലായാണ് കോര്‍ട്ടിയാര്‍ഡ് .
വിശാലമായ മുറികളായതു കൊണ്ടു നല്ല പോലെ കാറ്റും വെളിച്ചവുമുണ്ട്. താഴത്ത് രണ്ടു ബഡ്‌റൂമും, മുകള്‍ നിലയില്‍ രണ്ടെണ്ണവുമാണ്. ഇവയ്ക്കകത്ത് നല്‍കിയിരിക്കുന്ന വാര്‍ഡ്രോബ് എല്ലാം പ്രത്യേകം വാതില്‍ വച്ച് ഒരു മുറിപോലെ തിരിച്ചിരിക്കുകയാണ്. ബാത്തു റൂമിലും ഇതുപോലെ പ്രത്യേക ഏരിയകള്‍ നല്‍കിയിട്ടുണ്ട്. ക്ലോസെറ്റ്‌സ്, ഷവര്‍ ഏരിയയെല്ലാം പ്രത്യേകമാണ്. സുനിലിന്റെ വായനാ ശീലം കണക്കിലെടുത്ത് വിശാലമായൊരു മീഡിയാറൂമും ഡിസൈന്‍ ചെയ്തിട്ടുണ്ട്. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഐലന്റ് കിച്ചനാണു നല്‍കിയിരിക്കുന്നത്. ഇതിനകത്ത് ഒരു ഫാമിലി ഡൈനിങ്ങ് ഉള്‍പ്പെടെ ധാരാളം സൗകര്യങ്ങള്‍ ഉണ്ട്.
ഇന്റീരിയറില്‍ എന്തൊക്കെയാണ് പ്രത്യേകതകള്‍?
ഫ്‌ളോറിങ്ങിനായി വിട്രിഫൈഡ് ടൈലാണ് ഉപയോഗിച്ചിരിക്കുന്നത്. പെയിന്റിങ്ങില്‍ പൊതുവേ ലൈറ്റ് കളേഴ്‌സ് കൊണ്ടു വരാന്‍ ശ്രമിച്ചിട്ടുണ്ട്. അകത്തളങ്ങളിലെ ഫര്‍ണിച്ചര്‍ കുറെ യു.എസില്‍ നിന്നും കൊണ്ടു വന്നവയാണ്. കുറെ അതേ മാതൃകയില്‍ തേക്കു കൊണ്ട് ഇവിടെ പണിയിപ്പിച്ചു. വാതിലുകളും, വാര്‍ഡ്രോബും മഹാഗണി ഉപയോഗിച്ചാണ് ചെയ്തിരിക്കുന്നത്. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇവിടത്തെ ഒരു മരം പോലും മുറിച്ചു മാറ്റിയിട്ടില്ല എന്നതാണ്. വിദേശത്ത് ജീവിച്ചവരായതിനാല്‍ നാടിന്റെ ഇത്തരം സൗഭാഗ്യങ്ങള്‍ വേണമെന്ന് അവര്‍ ആഗ്രഹിച്ചിരുന്നു.
Anil & Associates
IInd floor Aditya Honda Building, West nadakkavu, Calicut-11
Phone: 9847165907
| Savitha Sijo


