HOME

Dream Home by Architect Sujith K Natesh

View from couples bed room

View from Master bed room (CLICK THE IMAGE FOR MORE PHOTOS)

പ്രകൃതിയുടെ എല്ലാ സൗഭാഗ്യങ്ങളും വേണ്ടുവോളം ആസ്വദിക്കാവുന്നൊരു വീട്‌. ഒറ്റ നോട്ടത്തില്‍ ഒരു റിസോര്‍ട്ടാണോ എന്നു സംശയം തോന്നും വിധമാണ്‌ കായംകുളം തൃക്കുന്നപ്പുഴയിലെ ചന്ദ്രന്റെ  വീട്‌. കാറ്റും, കായലും, തണല്‍മരങ്ങളുമെല്ലാം ഈ ഒന്നര ഏക്കറില്‍ നിറഞ്ഞു നില്‍ക്കുന്നു. തന്റെ പ്രിയ പ്രൊജക്‍ടിനെ കുറിച്ച് ആര്‍ക്കിടെക്‌ട്‌ സുജിത്ത്‌ കെ നടേഷ്‌ പറയുന്നു.

ഡിസൈനിംഗില്‍ എന്തിനാണ്‌ മുന്‍ഗണന നല്‍കിയത്‌?
ചന്ദ്രന്‍ ഒരു വിദേശമലയാളി  ആണെന്നതിനു തന്നെയാണ്‌ മുന്‍ഗണന നല്‍കിയത്‌. കാരണം അവര്‍ കുറച്ചു ദിവസത്തേക്ക്  വരുമ്പോള്‍ നാടിനെ നഷ്‌ടപ്പെടരുത്‌.  നടക്കുന്ന ശീലമുണ്ട് ചന്ദ്രന്.   ഇത്‌ കണക്കാക്കിയാണ്‌ വലിയൊരു ലാന്‍ഡ്‌ സ്‌ക്കേപ്പും, അതിലൂടെ ജോഗിങ്ങ്‌ ട്രാക്കും നല്‍കിയത്‌. അതുപോലെ കായലിനഭിമുഖമായിട്ടാണ്‌ വീടിരിക്കുന്നത്‌. ഇത്‌ മനസിന് സുഖമുള്ളൊരു അന്തരീക്ഷം നല്‍കുന്നുണ്ട്‌.

വീടിനെ കുറിച്ച്‌ കൂടുതല്‍ പറയാമോ?
പാരമ്പര്യവും ആധുനികതയും ഒന്നിക്കുന്ന  ഡിസൈന്‍. ആകെ 4500 സ്‌ക്വയര്‍ ഫീറ്റിലാണ് വീട്. പടിപ്പുര കയറി ചെല്ലുന്നത്‌ ശാന്തമായൊരു അന്തരീക്ഷത്തിലേയ്‌ക്കാണ്‌. തുളസിത്തറയും പടിക്കെട്ടുകളുമൊക്കെ  വീടിന്‌ ഒരു ട്രഡീഷണല്‍ ടച്ച്‌ നല്‍കുന്നു. സ്ലോപ്പിങ്ങ്‌ റൂഫ്‌ നല്‍കി മുകള്‍ത്തട്ടില്‍ ഓട്‌ പതിച്ചിട്ടുണ്ട്‌.

വീടിന്റെ എല്ലാ ഭാഗങ്ങളേയും ഒന്നിപ്പിക്കുന്ന ഇടമാണ്‌ ലിവിങ്ങ്‌ ഏരിയ. ലിവിങ്ങിനോട്‌ ചേര്‍ന്നു തന്നെയാണ്‌ ഡൈനിങ്ങും. ഇവയ്‌ക്കു രണ്ടിനും മധ്യത്തിലായി  നടുമുറ്റം. താഴത്തെ മാസ്റ്റര്‍ബഡ്‌റൂമില്‍ നിന്നും ഇറങ്ങുന്നത്‌ ഡക്ക്‌ ഏരിയയിലേയ്‌ക്കാണ്‌. ലിവിങ്ങിന്റെ മറ്റൊരു ഭാഗത്തായി പൂജാമുറിയും അതിനോടു ചേര്‍ന്ന്‌ രണ്ടാം നിലയിലേയ്‌ക്കുളള സ്‌റ്റെയര്‍കേസും. രണ്ടാം നിലയിലെ പ്രധാന ആകര്‍ഷണം രണ്ടു ബഡ്‌റൂമുകളാണ്‌.  ഇവ തികച്ചും ആധുനിക രീതിയിലാണ്‌ ഡിസൈന്‍ ചെയ്‌തിരിക്കുന്നത്‌. ഇരു ബെഡ്‌റൂമില്‍ നിന്നും കായലിന്റെ സൗന്ദര്യം ആസ്വദിക്കാവുന്ന വിധത്തില്‍ ബാല്‍ക്കണി നല്‍കിയിട്ടുണ്ട്‌. ബാല്‍ക്കണിയിലൂടെ കായലില്‍ നിന്നുള്ള കാറ്റ്‌ നല്ലപോലെ ബഡ്‌റൂമുകളിലേയ്‌ക്കു ലഭിക്കും.

ഇന്റീരിയറില്‍ എന്തൊക്കെ പ്രത്യേകതകളാണുള്ളത്‌?
ആര്‍ക്കിടെക്‌ച്ചറും ഇന്റീരിയറും ഒരു തുടര്‍ച്ച പോലെ കൊണ്ടു പോകാന്‍ ശ്രമിച്ചിട്ടുണ്ട്‌. തടിപ്പണികള്‍ക്കധികവും തേക്കാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ലിവിങ്ങ്‌, ഡൈനിങ്ങ്‌ ഏരിയകളില്‍ സീലിങ്ങില്‍ ജിപ്‌സം കോര്‍ണീസുകള്‍ ( ഭിത്തിയിലും സീലിംഗിലും ചെയ്യുന്ന അലങ്കാരപ്പണികള്‍) നല്‍കിയിട്ടുണ്ട്‌. ഇത്‌ ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഈ ഭാഗത്ത്‌ ഫ്‌ളോറിങ്ങ്‌ ചെയ്‌തിരിക്കുന്നത്‌ തടിയിലാണ്‌.

ലിവിങ്ങ്‌ റൂമിന്റെ ഭംഗി മുഴുവനും നിലനില്‍ക്കുന്നത്‌ നടുമുറ്റത്തിന്റെ തൂണുകളിലാണ്‌. നാലു ഭാഗത്തെയും തൂണുകള്‍ കണ്ടാല്‍ മാര്‍ബിളില്‍ തീര്‍ത്തതാണെന്നേ തോന്നു. പ്രത്യേക തരം ടെക്‌സ്‌ച്ചറാണ്‌ ഇതിനു നല്‍കിയിരിക്കുന്നത്‌. ഇറ്റാലിയന്‍ മാര്‍ബിളിന്റെ ഫിനിഷിങ്ങ്‌ ഇതിനു ലഭിക്കും. സ്ഥലത്തിന്റെ പ്രശാന്തത പോലെതന്നെ വീടിനുപയോഗിച്ചിരിക്കുന്നത്  ഭംഗിയാര്‍ന്ന കൂള്‍ കളര്‍ പെയിന്റുകളാണ്‌. കണ്ണിനു കുളിര്‍മ്മ പകരുന്നവ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ലാന്‍സ്‌ക്കേപ്പിങ്ങ്‌ എങ്ങനെയാണ്‌ ചെയ്‌തത്‌?
വളരെ വിശാലമായ ലാന്‍സ്‌ക്കേപ്പാണ്‌. ചേര്‍ന്നുള്ള കായലാണ്‌ ലാന്‍സ്‌ക്കേപ്പിന്‌ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നത്‌. കായലിനരികില്‍ ഇരുന്നു കാറ്റുകൊള്ളുന്നതിന്‌ ഇരിപ്പിടമുണ്ട്‌. നിരവധി തണല്‍ മരങ്ങളും തുളസി മുതല്‍ ചെമ്പകം വരെയുള്ള ധാരാളം  ഔഷധ സസ്യങ്ങളും ഇവിടെയുണ്ട്‌.

രാത്രി കൂടുതല്‍ ഭംഗി കിട്ടുന്നതിനായി ഇടയ്‌ക്കിടെ ലൈറ്റുകള്‍ ഉണ്ട്‌. മൂന്നുമാസത്തില്‍ ഒരിക്കല്‍ ഇവര്‍ വീട്ടിലെത്താറുണ്ട്‌. ഇവിടെയെത്തുമ്പോള്‍ ഒരു റിസോര്‍ട്ടില്‍ എത്തിയ സുഖം  കിട്ടണം. അതിനായി ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ചിട്ടുണ്ട്‌.

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.