Many Sides Of Laurie Baker
പ്രശസ്ത വാസ്തുശില്പി ലാറി ബേക്കര്‍ വരച്ച ലാന്‍ഡ്‌സ്കേപ്പുകളുടെ പ്രദര്‍ശനം ഇന്ന് ആരംഭിക്കുകയാണ് വാസ്തുലേഖയില്‍. അദ്ദേഹത്തിന്റെ കൊളാഷുകളുടെ പ്രദര്‍ശനം മുന്‍പ് നമ്മള്‍ നടത്തിയിരുന്നു; Mango Mania എന്ന പേരില്‍. ഭട്ടതിരിക്കൊപ്പം ഷോ ക്യുറേറ്റ് ചെയ്ത സുന്ദര്‍ (Sundar Ramanathaiyer) ലാറി ബേക്കറെക്കുറിച്ചും ഈ ചിത്രങ്ങളെക്കുറിച്ചും എഴുതുന്നു…
- Editor
ലാറി ബേക്കറിന് ഒരു ആമുഖത്തിന്റെ ആവശ്യമുണ്ടെന്ന് ഇന്ദുലേഖയുടെ സുഹൃത്തുക്കള്‍ക്ക് തോന്നില്ലെന്നറിയാം. എങ്കിലും, പ്രമുഖ വാസ്തുശില്പി എന്നതിനപ്പുറം എന്തുമാത്രം പലര്‍ക്കുമറിയാമെന്ന സന്ദേഹം. കടന്നു വരുന്ന പുതുതലമുറകള്‍ക്ക് ഇങ്ങനെയൊരു മനുഷ്യന്‍ നമുക്കിടയില്‍ ഉണ്ടായിരുന്നു എന്നു വിശ്വസിക്കാന്‍ പ്രയാസമാവും; ബേക്കര്‍ജിയുടെ പ്രതിഭ തെളിഞ്ഞ മേഖലകള്‍ അത്രയധികം വൈവിധ്യമുള്ളവയാണല്ലോ ~
ഈ ഒരു ചെറിയ കുറിപ്പിലൂടെ വളരെ കുറച്ചു മാത്രമേ ബേക്കര്‍ജിയേക്കുറിച്ച് പറയാന്‍ കഴിയൂ എന്നും അറിയാം __ എങ്കിലും ~
~
അറിയാമല്ലോ, വാസ്തുശില്പകലയില്‍ നമ്മുടെ കണ്‍വെട്ടത്തു വിടര്‍ന്ന ഒരു വിസ്മയമായിരുന്നു ലാറി ബേക്കര്‍. അനായാസമായി ആ മനുഷ്യന്‍ വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും ഒരു പുതിയ തലവും മാനവും സമ്മാനിച്ചു. അനാവശ്യമായ ആഢംബരങ്ങളും നമ്മുടെ നിരര്‍ഥകമായ പൊങ്ങച്ചമുഖംമൂടികളും, ബേക്കര്‍ വാസ്തുശില്പകലയുടെ ലാളിത്യവും, ടെയ്‌ലര്‍മേഡ് ഇടങ്ങളും ഉള്‍ക്കൊള്ളാന്‍ നമ്മെ പ്രാപ്തികെട്ടവരാക്കി. ബേക്കര്‍ജിയുടെ ലളിതസുന്ദരമായ പാരിസ്ഥിതിക അവബോധത്തിനെ നമ്മുടെ വികലമായ (പാശ്ചാത്യ) വികസനസൌന്ദര്യബോധത്തിന്റെ തിമിരം മറച്ചു. ഒരു സ്യൂഡോ ഇക്കൊസെന്‍സിറ്റീവ് ചട്ടക്കൂടിന്റെ കള്ളക്കുടക്കീഴിനെ ബേക്കര്‍ മോഡല്‍ എന്നു പേരിട്ട് അവിടെ നാം അഭയം തേടി. പലരും ഇപ്പേരില്‍ പ്രമാണികളായി, സമ്പന്നരായി.
നമ്മുടെയൊക്കെ ജീവിതത്തിന്റെ പങ്കപ്പാടുകള്‍ കൊണ്ടോ, ഒരു കാലഘട്ടത്തിന്റെ സാമൂഹ്യപരവേശങ്ങള്‍ കൊണ്ടോ, നമുക്കീ മനുഷ്യന്റെ ജീവിതമൂല്യസങ്കല്പങ്ങളെ വേണ്ടത്ര ഗൌനിക്കാനോ, പഠിക്കാനോ, ഉള്‍ക്കൊള്ളാനോ കഴിഞ്ഞില്ല. അംഗീകാരത്തിന്റെ എളുപ്പം വാടിപ്പോകും ചെറുപൂച്ചെണ്ടുകളുടെ പ്രശ്നമല്ലിത്. അതിലൊക്കെയേറെ വലുതായിട്ടെന്തോ ഒന്ന് __ പത്തുനാല്പതു വര്‍ഷം നമുക്കിടയില്‍ സൌമ്യമായ ഒരു ഇളംകാറ്റു പോലെ കടന്നുപോയ ഈ പരദേശി/ സ്വദേശിയെ നമുക്കു മനസ്സിലാക്കാന്‍ കഴിയാത്തത് നമ്മുടെ നഷ്ടം.
എല്ലാ നഷ്ടബോധങ്ങളും മായ്ക്കാന്‍ ശ്രമിക്കാവുന്നതാണ്; ചിലതൊക്കെയേ വിജയിക്കൂ എങ്കിലും.
~
ഒരു വര്‍ഷത്തിനേറെ മുന്‍പ്, ബേക്കര്‍ജിയുടെ കൊളാഷുകളുടെ പ്രദര്‍ശനം ഇന്ദുലേഖ നടത്തിയിരുന്നു; മാംഗോ മേനിയ. മാങ്ങയുടെ ആകൃതിയില്‍ മുറിച്ചെടുത്ത നൂറുകണക്കിനു കടലാസു കഷണങ്ങള്‍ ഒട്ടിച്ച നിറമാര്‍ന്ന കോമ്പിനേഷനുകള്‍, പെര്‍മ്യൂട്ടേഷനുകള്‍ __ ജീവിതത്തിന്റെ അവസാനകാലത്ത്, ഉറക്കം ഒഴിഞ്ഞുപോവും രാവുകളില്‍ മങ്ങിയ കാഴ്ചശക്തിയും മറികടന്ന്, ഒരു കുട്ടിമനസ്സോടെ, തഴക്കം വന്ന ഒരു ആര്‍ട്ടിസ്റ്റിന്റെ പാറ്റേണുകള്‍ കൊണ്ടുള്ള കളി.
മനസ്സിട്ടു മെനയുന്ന ആര്‍ക്കിടെക്ചറിലും ഇതേ പാറ്റേണുകളല്ലേ തെളിയുന്നത്?
~
ഇക്കുറി ബേക്കര്‍ജിയുടെ ലാന്‍ഡ്‌സ്കേപ്പുകളുടെ പ്രദര്‍ശനം ~ അഭിമാനത്തിലേറെ ആദരവോടെ, ഇവ ഒത്തിണക്കാന്‍ കഴിഞ്ഞതിന്റെ നിറസന്തോഷത്തോടെ, ഇന്ദുലേഖയുടെ സുഹൃത്തുക്കള്‍ക്കായി സമര്‍പ്പിക്കുന്നു__ ഇംഗ്ലണ്ടും ഹിമാലയസാനുക്കളും അഴകിയപാണ്ടിപുരവും തുടങ്ങി സ്വന്തം ജീവിതത്തിലൂടെ കടന്നുപോയ ഇടങ്ങളുടെ ചന്തവും നിറവും വെട്ടവും ടെക്‍സ്ചറും ബേക്കര്‍ജി കാന്‍വാസില്‍ പകര്‍ത്തിയത്__ ഒരു പ്രധാന വഴിത്തിരിവായ ചൈനയില്‍ വച്ച് അദ്ദേഹം വരച്ച ചിത്രങ്ങള്‍ കാലത്തിന്റെ ഒഴുക്കില്‍ എവിടെയൊക്കെയോ നഷ്ടപ്പെട്ടു പോയതാവാം__ അല്ലെങ്കില്‍ ഏതൊക്കെയോ ആരുടെയൊക്കെയോ പാവം വീടുകളുടെ ചുവരുകളുടെ അലങ്കരിക്കുന്നുണ്ടാവാം __ അറിയില്ല.
പല പെയിന്റിങ്ങുകളും ബേക്കര്‍ജി, തന്റെ ക്ലയന്റ് – കം- ഫ്രണ്ട്‌സിനു സമ്മാനിച്ചു. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന എല്ലാ ചിത്രങ്ങളും, ബേക്കര്‍ജിയുടെ കേരളത്തറവാട്ടില്‍ – തിരുവനന്തപുരത്ത് നാലാഞ്ചിറയിലെ ഹാംലെറ്റില്‍ നിന്നും ഒരുക്കിയെടുത്തതാണ് __ ബേക്കര്‍ജിയുടെ കുടുംബത്തിനു നന്ദി.
~
ഇതൊരു തുടര്‍ച്ചയാണെന്ന് സങ്കല്‍പ്പിക്കാനാണ് താല്പര്യം. ബേക്കര്‍ കെട്ടിടങ്ങളില്‍ കാണാവുന്ന ബോട്ടില്‍വര്‍ക്കുകള്‍ (നിറഭംഗിയുള്ള വലിച്ചെറിയും കുപ്പികള്‍ ചുമരില്‍ പതിച്ച്, വെളിച്ചം കടത്തിവിടുന്ന സൃഷ്‌ടികള്‍ – പുരാതനമായ ഗ്ലാസ് വര്‍ക്കുകളുടെ ഒരു റിസൈക്കിളിംഗ് പാഠഭേദം) മുതല്‍ ബേക്കര്‍ കാര്‍ട്ടൂണുകള്‍ വരെ (സങ്കല്പിക്കുംപോലെയൊക്കെ നടന്നാല്‍) പ്രദര്‍ശിപ്പിക്കാനാണ് മോഹം.
~
മമ്മിയുടെ (അടുത്തിടപെട്ട കേരളീയര്‍ക്ക് ബേക്കര്‍ജി ഡാഡി, ഡോ. എലിസബത്ത് ബേക്കര്‍ മമ്മി) The Other Side Of Laurie Baker-ല്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍, Landscapes എന്ന ഈ ചിത്രപ്രദര്‍ശനത്തിന്റെ ചൂണ്ടുപലകയായി ഇവിടെ കൊടുത്തിട്ടുണ്ട്.
~
ഇന്ദുലേഖയുടെ സുഹൃത്തുക്കളോടൊരു അപേക്ഷ: ലാറി ബേക്കറിന്റെ ചിത്രങ്ങള്‍ കണ്ടതും എന്തു തോന്നുന്നു എന്ന് കമന്റ് ചെയ്യുക, ബേക്കര്‍ജിയുടെ മാംഗോ മേനിയ കൊളാഷുകള്‍ കണ്ടിട്ടില്ലെങ്കില്‍ അവ കാണുക, ഡോ. എലിസബത്ത് ബേക്കറിന്റെ The Other Side Of Laurie Baker വായിക്കാന്‍ കിട്ടുമോ എന്ന് നോക്കുക. അതോടോപ്പം, നിങ്ങളുടെ സുഹൃത്തുക്കളെ ഈ ലാറി ബേക്കര്‍ ലാന്‍ഡ്‌സ്ക്കേപ്പുകളുടെ പ്രദര്‍ശനത്തിലേക്ക് ക്ഷണിക്കുക.
~



like a god ,looks like adivine power his face