Architect Premlal A S Speaks

Room at Hotel Hill Palace, Thrippunithara
മികച്ച രൂപകല്പന ചെയ്ത കെട്ടിടത്തിനേ ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യാനാവു എന്ന് വിശ്വസിക്കുന്ന ആളാണ് ആര്‍ക്കിടെക്ട് പ്രേംലാല്‍ ഏ എസ്. 1994-ല്‍ മണിപ്പാലില്‍ നിന്നും ആര്‍ക്കിടെക്ച്ചര്‍ പാസ്സായി. എറണാകുളത്ത് ജെഎല്‍പി ആര്‍ക്കിടെക്സ് എന്ന സ്ഥാപനം നടത്തി വരുന്നു.
എന്തൊക്കെ പ്രോജക്ടുകളാണ് ചെയ്തു വരുന്നത്?
ഇന്‍ഡസ്ട്രിയല്‍ സ്ട്രക്ച്ചേഴ്സ്, വെയര്‍ ഹൌസുകള്‍, ത്രീസ്‌റ്റാര്‍ ഹോട്ടലുകള്‍, കമേഷ്യല്‍ ബില്‍ഡിങ്ങ്, ഫ്ളാറ്റ്, കൂടാതെ റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളും ചെയ്യുന്നുണ്ട്. ഇന്‍ഡസ്ട്രിയല്‍ സ്ട്രക്ച്ചേഴ്സും വെയര്‍ഹൌസുകളും പ്രി എന്‍ജിനീയര്‍ ബില്‍ഡിങ്ങുകളായിട്ടാണ് (പി ഇ ബി) ചെയ്യുന്നത്.

Architect Premlal A S
എന്താണ് പ്രി എന്‍ജിനീയര്‍ ബില്‍ഡിങ്ങ്?
സൂപ്പര്‍ സ്ട്രക്ച്ചര്‍ പൂര്‍ണ്ണമായും ഫാക്ടറിയില്‍ ഫാബ്രിക്കേറ്റ് ചെയ്ത് സൈറ്റില്‍ അസംബിള്‍ ചെയ്യുന്ന രീതിയാണിത്. പ്രി എന്‍ജിനീയറിങ്ങ് ഭാഗങ്ങള്‍ സൈറ്റില്‍ എത്തുമ്പോഴേയ്ക്കും ഫൌണ്ടേഷന്‍ വര്‍ക്കുകള്‍ ചെയ്തു തീര്‍ന്നിരിക്കും. ഇന്നു ലോകത്ത് എല്ലാ പ്രധാന ഇന്‍ഡസ്ട്രിയല്‍, വെയര്‍ഹൌസുകളും മറ്റു വലിയ കെട്ടിടങ്ങളും പിഇബി സമ്പ്രദായമാണ്. വരും നാളുകള്‍ പി ഇ ബിയുടേതാണ്.
ഏതു തരം വര്‍ക്കുകളാണ് കൂടുതല്‍ സംതൃപ്തി നല്‍കുന്നുത്?
അങ്ങനെ ഒരു പ്രത്യേക വിഭാഗം ഉണ്ടെന്നു പറയാനാവില്ല. ഓരോ വര്‍ക്കിനും നമ്മുടെ കഠിനാധ്വാനമുണ്ടല്ലോ. ചില പ്രത്യേക പ്രോജക്ടുകളില്‍ കുറെകൂടി സ്വാതന്ത്ര്യം കിട്ടുമെന്നു മാത്രം.
റെസിഡന്‍ഷ്യല്‍ പ്രൊജക്ടുകള്‍ കുറച്ചു ചെയ്യുന്നത് എന്തു കൊണ്ടാണ്?
വീടുകള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. ആര്‍ക്കിടെക്ട് എന്ന രീതിയില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ പറ്റും എന്ന് ഉറപ്പുള്ള പ്രോജക്ട് ചെയ്താല്‍ മതി എന്ന് തീരുമാനിച്ചിട്ടുണ്ട്.
അത് എങ്ങനെ നിശ്‌ചയിക്കും?
റെസിഡന്‍ഷ്യല്‍ പ്രോജക്ടുകളില്‍ ക്ലയന്റും ആര്‍ക്കിടെക്ടും തമ്മിലുള്ള മാനസീക ഐക്യമാണ് പ്രധാനം. ക്ലയന്റിന് എന്നില്‍ പൂര്‍ണ്ണവിശ്വാസം വേണം. ഏതൊരു പ്രോജക്ടിലും ക്ലയന്റിനാണ് പ്രഥമ സ്ഥാനം നല്‍കാറുള്ളത്. എന്നാല്‍ കുറെനാളത്തെ അനുഭവത്തില്‍ നിന്നും ആര്‍ക്കിടെക്ടിനു ലഭിക്കുന്നൊരു അറിവുണ്ടല്ലോ. ഇത് ക്ലയന്റുമായി പങ്കു വയ്ക്കുമ്പോള്‍ അവര്‍ക്കതു സ്വീകരിക്കാനുളള മനസുണ്ടാകണം.
എന്താണ് താങ്കളുടെ ആര്‍ക്കിടെക്ച്ചര്‍ ഫിലോസഫി?
ജീവിതത്തെ ഏറ്റവും ലഘുവാക്കാന്‍ ആഗ്രഹിക്കുന്ന ആളാണ് ഞാന്‍ . അതുകൊണ്ടു തന്നെ എന്റെ പ്രോജക്ടുകളിലും മിനിമലിസം എന്ന കാഴ്ച്ചപ്പാട് പ്രതിഫലിക്കും. അനാവശ്യ അലങ്കാരങ്ങളെ ഒഴിവാക്കി കാലങ്ങളോളം നിലനില്‍ക്കുന്ന കെട്ടിടം എന്നതാണ് എന്റെ ഫിലോസഫി.
ഓരോ പ്രോജക്ടിലും മുന്‍ഗണന നല്‍കാറുള്ളത്?
ഒരാളുടെ ഉപയോഗത്തെ അടിസ്ഥാനമാക്കിയാണ് മുഴുവന്‍ കാര്യങ്ങളും തീരുമാനിക്കുന്നത്. എന്തൊക്കെ സൌകര്യങ്ങള്‍ ആവശ്യമാണ്, അതായത് റൂമുകള്‍ ഏരിയ എന്നിങ്ങനെ. ഇത് ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. മറ്റൊന്ന് കാലാവസ്ഥയ്ക്കു അനുയോജ്യമാകണം. കാറ്റ്,വെളിച്ചം എന്നിവ ശരിയായ രീതിയില്‍ ലഭിക്കണം. ഡിസൈനിങ്ങില്‍ ശ്രദ്ധിച്ചാല്‍ ഏതൊരു കെട്ടിടത്തിന്റെയും ആയുസ്സ് കൂട്ടാനാവും. മഴ,വെയില്‍, കാറ്റ് എന്നിവയെ നേരിടാനാവുന്ന സാമഗ്രികള്‍ ഉപയോഗിക്കണം. മെയിന്റനന്‍സ് (ഇലക്ട്രിസിറ്റി,വയറിങ്,പെയിന്റിങ്) കുറയ്ക്കാനുള്ള വഴികള്‍ കണ്ടെത്തുകയും, പൊടിയും മറ്റും പിടിച്ചാല്‍ പെട്ടെന്നു തന്നെ വൃത്തിയാക്കാന്‍ കഴിയുന്ന രീതിയിലുമായിരിക്കും ഡിസൈനിങ്. ആരോഗ്യകരമായൊരു കെട്ടിടം സൃഷ്ടിച്ചെടുത്താല്‍ മാത്രമേ അതിനകത്ത് ആരോഗ്യകരമായൊരു ജീവിതം കിട്ടു എന്ന് വിശ്വസിക്കുന്നൊരാളാണു ഞാന്‍ .
കുടുംബാംഗങ്ങള്‍ തമ്മില്‍ ആരോഗ്യകരമായ ബന്ധമുണ്ടാകാന്‍ വീടിന്റെ പങ്ക് ?
വീടിനകത്തെ റൂമുകളെല്ലാം തിരിച്ച് തമ്മില്‍ ബന്ധമില്ലാത്തതാക്കരുത്. സ്വകാര്യതയ്ക്കു ഭംഗം വരാത്ത രീതിയില്‍ ഓരോ സ്ഥലവും തമ്മില്‍ പരമാവധി സമ്പര്‍ക്കം വേണം. വാതിലുകള്‍ അകത്തെ ഭിത്തികള്‍ ഇവയൊക്കെ അത്യാവശ്യം വേണ്ട സ്ഥലങ്ങളില്‍ മാത്രം ഉപയോഗിക്കുക.
ഡ്രീം പ്രോജക്ടുകള്‍ എന്തെങ്കിലുമുണ്ടോ?
തനതായ ലാന്‍ഡ് സ്കേപ്പില്‍ ആയിരത്തോളം വര്‍ഷം പഴക്കമുള്ള ചരിത്ര പ്രധാനമായ പല കെട്ടിടങ്ങളും നമുക്കുണ്ട്. കാലങ്ങളോളം നിലനില്‍ക്കുന്ന സ്ട്രക്ച്ചറാണിതിനുള്ളത്. ഈ വിധം കാലാകാലത്തോളം നിലനില്‍ക്കുന്ന ഒരു കെട്ടിടം പണിയണമെന്നൊരു സ്വപ്നമുണ്ടെനിക്ക്. പക്ഷെ അന്നത്തെ സാമൂഹിക വ്യവസ്ഥിതിയും സാഹചര്യവുമൊക്കെ തികച്ചും വ്യത്യസ്തമായിരുന്നു. ഇതൊക്കെ ഒരു സ്വപനമാണ്. സ്വപ്നം കാണാന്‍ ബുദ്ധിമുട്ടില്ലല്ലോ.
അംഗീകാരം നേടിത്തന്ന പ്രോജക്ട്?
തൃപ്പൂണത്തുറയിലെ ഹോട്ടല്‍ ഹില്‍പാലസ്. ഒരു സാധാരണ കമേഷ്യല്‍ ബില്‍ഡിങ് ഹോട്ടല്‍ ആക്കിമാറ്റുകയായിരുന്നു ഇവിടെ. തൃപ്പൂണിത്തുറയുടെ ചരിത്രവുമായി ബന്ധപ്പെടുത്തിയാണ് ഇതു ചെയ്തത്.
എറണാകുളത്തു ചെയ്ത പി.സി ജേക്കബിന്റെ വീടും എടുത്തു പറയാവുന്നൊരു പ്രോജക്ട് ആയിരുന്നു. ഇത് യാഥാസ്ഥിതിക സമീപനത്തില്‍ നിന്നും വ്യത്യസ്തമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉടമസ്ഥന്‍ ഈ വീട്ടില്‍ താമസിച്ചു തുടങ്ങിയതിനു ശേഷം വളരെ സംതൃപ്തനായിട്ടാണ് സംസാരിച്ചത്.
പ്രധാന പ്രോജക്ടുകള്‍ ഏതൊക്കെയാണ്?
ത്രി സ്റ്റാര്‍ഹോട്ടല്‍ ബ്ളൂ വാട്ടേഴ്സ് ചെറായ്, വെയര്‍ഹൌസ് വാഴക്കുളം, ഇന്‍ഡസ്ട്രയല്‍ ബില്‍ഡിങ്ങ് പുത്തന്‍ കുരിശ്ശ്, മേലഡൂര്‍, മാള എന്നിവയാണ് നിലവിലുള്ള പ്രധാന പ്രോജക്ടുകള്‍.
ക്ലയന്റ് ആര്‍ക്കിടെക്ടിനെ എങ്ങനെ സമീപിക്കണം?
ആദ്യമേ താന്‍ ഉദ്ദേശിക്കുന്നതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുക. തന്റെ ആശയം തുറന്ന് പറയാന്‍ കഴിയുന്ന രണ്ട്, മൂന്നു പേരെ കാണുക. ചുറ്റുപാടും അവര്‍ ചെയ്ത വര്‍ക്കുകള്‍ ഉണ്ടാവും. ഇവ കണ്ടതിനു ശേഷം മാത്രം തീരുമാനിച്ചാല്‍ മതി. ആര്‍ക്കിടെക്ട് എന്തൊക്കെ സേവനങ്ങള്‍ നല്‍കും എന്നൊക്കെ മുന്‍പേ തന്നെ ചോദിച്ചറിയണം. എല്ലാത്തിനുപരി നന്നായി ചെയ്യും എന്ന് നമുക്കുളള വിശ്വാസമാണ് പ്രധാനം.
വാസ്തു അനുസരിച്ച് ഡിസൈന്‍ ചെയ്യാറുണ്ടോ?
ഞാന്‍ അത്ര വാസ്തു വിദഗ്‌ധനല്ല. അതിനെ കുറിച്ചുള്ള അറിവു ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതേയുള്ളു. പണ്ട് എങ്ങനെ ചെയ്തിരുന്നു അതുപോലെ തന്നെ തുടരണം എന്ന് എനിക്ക് അഭിപ്രായമില്ല. വാസ്തു സംബന്ധിച്ച് കൂടുതല്‍ ഗവേഷണം നടത്തി കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തുക. ആശയങ്ങളെ കടന്നാക്രമിക്കാത്ത വിധത്തില്‍ രണ്ടും ഒന്നിപ്പിച്ചു കൊണ്ടു പോവുക.
Premlal A S
JLP Architects, IInd floor, Apple Tower, Padivattom, Kochi-24
Phone: 0484-4055613
Savitha Sijo

