Architect Inesh V Speaks
ഇത് എനിക്കായി സൃഷ്ടിക്കപ്പെട്ട വീടാണെന്ന് ഓരോ ക്ലയന്റും പറയണമെന്ന് കൊതിക്കുന്ന ആളാണ് ആര്‍ക്കിടെക്ട് ഇനേഷ് വി. ചിത്രകാരന്‍ കൂടി ആയ ഇനേഷിന്റെ ഓരോ വര്‍ക്കും വര്‍ണ്ണങ്ങള്‍ വാരി വിതറിയ ക്യാന്‍വാസു പോലെയാണ് അനുഭവപ്പെടുന്നത്.
ഓരോ പ്രോജക്ടിനേയും എങ്ങനെയാണ് സമീപിക്കാറുള്ളത്?
ഓരോ മനുഷ്യനും വ്യത്യസ്തനാണ്. അവരുടെ താല്പര്യങ്ങള്‍, ആവശ്യങ്ങള്‍ എല്ലാം തന്നെ വളരെ വ്യത്യസ്‌തമാണ്. അതുകൊണ്ടു തന്നെ ഓരോ പ്രോജക്ടും ചലഞ്ചിങ്ങ് ആണെന്നാണ് എനിക്കു തോന്നുന്നത്. ഒരിക്കലും ഒന്ന് മറ്റൊന്നു പോലെയിരിക്കില്ല. ഓരോ വ്യക്തിയുടേയും അഭിരുചികള്‍ തിരിച്ചറിഞ്ഞ് അതിന്റെ പ്രതിഫലനമാകണം പണിയുന്ന വീട്.

Inesh V.
എന്തൊക്കെ പ്രോജക്ടുകളാണ് എടുക്കാറുള്ളത്?
എന്റെ പ്രിയ വര്‍ക്കുകള്‍ എപ്പോഴും വീടുകള്‍ തന്നെയാണ്. വളരെ ആസ്വദിച്ചാണ് ഞാന്‍ ഓരോ വര്‍ക്കും ചെയ്തു തീര്‍ക്കാറുള്ളത്. കമേര്‍ഷ്യല്‍ ബില്‍ഡിങ്ങുകള്‍, ടൂറിസം പ്രോജക്ടുകള്‍ എന്നിവയൊക്കെ ചെയ്തു വരുന്നുണ്ട്. മറ്റൊന്ന് കാലങ്ങളോളം പഴക്കമുള്ള കെട്ടിടങ്ങളെ പുതുക്കി പണിയുന്നതാണ്.
ജീവിതത്തില്‍ ഏറ്റവും മുന്‍ഗണന എന്തിനാണ് നല്‍കുന്നത്?
കുടുംബം, ആര്‍ക്കിടെക്ച്ചര്‍ ഇതാണ് എന്റെ ലോകം. ക്ളബ്ബില്‍ പോകുക, പൊതു വേദികളില്‍ ചെല്ലുക എന്നിവയ്‌ക്കൊന്നും ഞാനില്ല. ഇത്തരം കാര്യങ്ങളില്‍ എനിക്കു യാതൊരു താല്പര്യവുമില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ ഞാന്‍ ഒറ്റയ്ക്ക് യാത്ര പോകാറുണ്ട്. ഇതിലൂടെയാണ് എന്റെ പ്രൊഫഷനാവശ്യമുള്ള അറിവ് ഞാന്‍ സമ്പാദിക്കുന്നത്.
ഈ യാത്രകളെ കുറിച്ചൊന്നു പറയാമോ?
മുറ്റത്തെ മുല്ലയ്ക്കു മണമില്ല എന്നു പറയുന്നതു പോലെയാണ് നമ്മുടെ കാര്യം. ഇവിടെ പലരും യാത്ര പോകും എന്നാല്‍ അവര്‍ പോകുന്നത് അമേരിക്കയിലോ, സിങ്കപ്പൂരോ, മലേഷ്യയിലോ ഒക്കെയാണ്. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ നമ്മള്‍ യാത്ര ചെയ്യേണ്ടത് ഇന്ത്യയിലാണ്. ഇവിടെ നിന്നും പഠിക്കാന്‍ നിരവധി കാര്യങ്ങളുണ്ട്.
രാജസ്ഥാന്‍ , ഗുജറാത്ത്, എന്നിവടങ്ങളിലെ ഗ്രാമങ്ങളിലേക്കാണ് ഞാന്‍ യാത്ര ചെയ്യാറുള്ളത്. അവിടെ നിന്ന് വീഡിയോകളും ഫോട്ടോകളും ശേഖരിക്കുകയും പലതും കാണുമ്പോള്‍ തന്നെ പെയിന്റ് ചെയ്തു സൂക്ഷിക്കുകയും ചെയ്യാറുണ്ട്. എന്റെ വര്‍ക്കുകളില്‍ ഞാനിതൊക്കെ നന്നായി ഉപയോഗിക്കാറുമുണ്ട്. ഇന്ത്യന്‍ ആര്‍ക്കിടെക്ച്ചറെന്നാല്‍ വളരെ അമൂല്യമായതാണെന്ന് പുറത്തുള്ളവര്‍ക്കറിയാം. അതുകൊണ്ടാണ് അവിടന്ന് ആളുകള്‍ ഇങ്ങോട്ട് വരുന്നത്. എന്നാല്‍ നമ്മള്‍ ഇതിനേക്കുറിച്ച് അജ്ഞരാണ്.
ഇന്റീരിയര്‍ ചെയ്യാറുണ്ടോ?
ഉണ്ട്, ഏതൊരു പ്രോജക്ടും മുഴുവനായി ചെയ്യുന്നതാണ് അതിന്റെ പൂര്‍ണ്ണത. എന്റെ വര്‍ക്കുകള്‍ക്ക് പറഞ്ഞ സമയത്തിലും 20% കൂടുതല്‍ ഞാന്‍ എടുക്കാറുണ്ട്. ഒരു വര്‍ഷത്തില്‍ തീര്‍ക്കാമെന്നാണ് പറഞ്ഞതെങ്കില്‍ രണ്ടു മാസം കൂടി എടുക്കാറുണ്ട്. ഇത് വര്‍ക്കു തീര്‍ക്കാന്‍ കഴിയാഞ്ഞിട്ടല്ല. എന്റേതായ ചിലതൊക്കെ കൊണ്ടു വരണം എന്ന് ആഗ്രഹം ഉള്ളതിനാലാണ്. അതുപെലെ തന്നെ കയ്യില്‍ കിട്ടുന്ന വര്‍ക്കുകള്‍ മുഴുവന്‍ എടുക്കുന്ന രീതിയും എനിക്കില്ല. ഒരു വര്‍ഷം 12 പ്രോജക്ടൊക്കെയാണ് എടുക്കാറുള്ളത്. എടുക്കുന്നതില്‍ പൂര്‍ണ്ണമായും ശ്രദ്ധചെലുത്തി നന്നായി ചെയ്യാനാണ് എനിക്കിഷ്ടം.
ഈ രംഗത്ത് ആരെങ്കിലും പ്രേരണയായിട്ടുണ്ടോ?
നമുക്കു മുന്നേ കടന്നു പോയ എല്ലാവരും എപ്പോഴും പ്രേരണയാണ്.
എന്തെങ്കിലും ഡ്രീം പ്രോജക്ടുകള്‍ മനസ്സിലുണ്ടോ?
ഒരു ടൂറിസം ഗ്രാമം സൃഷ്ടിക്കാനാവണം എന്നുണ്ട്. അതിനെ പൂര്‍ണ്ണമായും ടൂറിസത്തിനു വേണ്ടി ഉപയോഗപ്പെടുത്തുക. രാജസ്ഥാനിലെ മരുഭൂമികളിലൂടെ യാത്ര ചെയ്തു ചെല്ലുമ്പോള്‍ മണ്ണു കൊണ്ട് ഒരു പോലെ നിര്‍മ്മിച്ച വീടുകള്‍ കാണാം. എണ്ണൂറോളം വര്‍ഷം പഴക്കമുള്ളവയാണ് അവ. ഒരു ഗാമത്തില്‍ ഒരു പോലെയുള്ള 57 വീടുകളൊക്കെ കാണും.
ബാംഗ്ളൂരിലെ ബിഎംസ് കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്നും ബിആര്‍ക്ക് സ്വന്തമാക്കിയ ഇനേഷ് കൊച്ചിയില്‍ ഇനേഷ് ഡിസൈന്‍സ് എന്ന സ്വന്തം സ്ഥാപനം നടത്തി വരുന്നു.
Architect Inesh V
Inesh designs,
41/3534 A1, saharacomplex, Providence junction, Old railway station road Cochin-18
Phone:0484-6514309
Savitha Sijo

