HOME

Interview: Architect Reuben D Koshy

ക്ലയന്റിന്റെ താല്പര്യത്തോട് പൂര്‍ണ്ണമായി പൊരുത്തപ്പെടുന്ന ആര്‍ക്കിടെക്ടാണ് റൂബന്‍ ഡി കോശി. സ്വന്തമായി എന്തൊക്കെ ഇഷ്ടങ്ങള്‍ ഉണ്ടെങ്കിലും ക്ലയന്റിന്റെ  സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ താന്‍ തയ്യാറാണെന്ന് റൂബന്‍ പറയുന്നു.

എങ്ങനെയാണ് ഓരോ വര്‍ക്കും തിരഞ്ഞെടുക്കാറുള്ളത്?
നമ്മള്‍  തിരഞ്ഞെടുക്കുക എന്നു പറയുന്നതിനേക്കാള്‍ നമ്മളെ  തിരഞ്ഞെടുക്കുക എന്ന് പറയുന്നതാവും ശരി. എന്റെ വര്‍ക്കുകള്‍ കണ്ട് ഇഷ്ടപ്പെട്ടാണ് ആളുകള്‍ എത്താറുള്ളത്. അപ്പോള്‍ ഞാന്‍ ചെയ്യുന്ന വര്‍ക്ക് എങ്ങനെയാണെന്ന് അവര്‍ക്കറിയാമായിരിക്കും. എന്റെ അഭിപ്രായത്തില്‍ വര്‍ക്കുകളില്‍ ഒരിക്കലും സെലക്ടീവ് ആവാന്‍ പറ്റില്ല. ഒരിക്കലും നമ്മുടെ ഇഷ്ടത്തിനാവരുത് പണിയുന്ന വീട്. കാരണം നമ്മള്‍ അല്ല അവിടെ താമസിക്കുന്നത്. ആര്‍ക്കിടെക്ടിന്റെ ഫിലോസഫി അടിച്ചേല്‍പ്പിക്കാനുള്ളതല്ല ക്ലയന്റ്. അവരുടെ ഇഷ്ടങ്ങള്‍, ആവശ്യങ്ങള്‍ എന്നിവയൊക്കെയാണ് പ്രധാനം.

വാസ്തു അടിസ്ഥാനപ്പെടുത്തിയുള്ള പ്രോജക്ടുകള്‍ ചെയ്യാറുണ്ടോ?
വിശദമായി വാസ്തു ചെയ്യാറൊന്നുമില്ല.അടിസ്ഥാന നിയമങ്ങളൊക്കെ പിന്‍തുടരാറുണ്ടെന്നു മാത്രം. അല്ലാതെ വിശ്വാസങ്ങള്‍ക്കടിസ്ഥാനപ്പെടുത്തിയുള്ള വര്‍ക്കുകള്‍ ചെയ്യാറില്ല.

ഓരോ വര്‍ക്കിലും എന്തൊക്കെ ശ്രദ്ധിക്കാറുണ്ട്?
പ്ളാനിങ്ങ് കാര്യങ്ങള്‍‍, സൈറ്റ് എന്നിവയൊക്കെ പ്രധാനമായി തന്നെ കാണാറുണ്ട്. പിന്നെ ഏറ്റവും ഗുണനിലവാരമുള്ളത് നല്‍കാന്‍ ശ്രദ്ധിക്കും. ചില ആളുകള്‍ വന്ന് തനിക്ക് ഇങ്ങനെ മതി എന്ന് നിര്‍ബന്ധം പിടിക്കും. തെറ്റായിട്ടുള്ളത്  പറഞ്ഞു കൊടുക്കാറുണ്ട്. അത് മനസ്സിലാക്കിക്കാനും ശ്രമിക്കാറുണ്ട്.  ഇന്നിപ്പോള്‍ എല്ലാവരും നല്ലപോലെ ഹോം വര്‍ക്കു ചെയ്‌ത് എത്തുന്നവരാണ്. ഇതിനെ കുറിച്ചറിയാന്‍ പറ്റിയ നിരവധി മാഗസിനുകള്‍ തന്നെയുണ്ടല്ലോ. അവയൊക്കെ വായിച്ചാവും അധികം പേരും എത്തുന്നത്.

ഏതു തരം വീടുകള്‍ ചെയ്യാനാണ് ഏറ്റവും പ്രയാസം?
വിശാലമായ ഏരിയയിലുള്ള വീടുകള്‍ ചെയ്യാനാണ് പ്രയാസം. ക്ലയന്റിന്റെ  ആവശ്യങ്ങള്‍ പലതായിരിക്കും. അതിനനുസരിച്ച് ഡിസൈന്‍ പല തവണ മാറ്റേണ്ടി വരും.

ഡ്രീം പ്രോജക്ടുകള്‍ എന്തെങ്കിലും മനസ്സിലുണ്ടോ?
പ്രൊഫഷണല്‍ ആകുമ്പോള്‍ നമുക്ക് ഇന്നത് വേണമെന്ന് തിരഞ്ഞെടുക്കാനാവില്ല. പലരും സ്വന്തം വീട് ചെയ്യുന്നതിനെ കുറിച്ച് പറയാറുണ്ട്. പക്ഷെ എന്നെ സംബന്ധിച്ച് അതു ചെയ്യാനാണ് ഏറ്റവും പ്രയാസമെന്ന് തോന്നുന്നത്. ഒരു ആര്‍ക്കിടെക്ടിന്റെ വീട് എന്ന മുന്‍ധാരണയോടെയാവും ആളുകള്‍ ആ വീടിനെ കാണുക.

Architect Reuben D Koshy
241-PTP Nagar
Thiruvananthapuram -38
Phone: 0471-2364005

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.