Dream Home by Architect Brijesh Shaijal

മലയാളികള്‍ സമ്പാദിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗവും ചെലവഴിക്കുന്നത് വീട് എന്ന സ്വപ്നം പടുത്തുയര്‍ത്താനാണ്. എന്നാല്‍ ആര്‍ഭാടങ്ങളെ തിരസ്ക്കരിച്ച്, ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് വീട് നിര്‍മിക്കുക എന്ന സംസ്കാരത്തിലേയ്ക്കു മാറണമെന്നാണ് ആര്‍ക്കിടെക്ട് ബ്രിജേഷ് ഷൈജലിന്റെ അഭിപ്രായം. അത്തരത്തില്‍ പൂര്‍ത്തിയാക്കപ്പെട്ട ഒരു പ്രോജക്ടിനെ കുറിച്ച് ഇദ്ദേഹം പറയുന്നു.
ഈ വീടിന്റെ ഡിസൈനിങ്ങില്‍ എന്തൊക്കെയാണ് ശ്രദ്ധിച്ചത്?
മഞ്ചേരിയിലെ നാസിന്റെ വീട് ആവശ്യങ്ങള്‍ക്കു മുന്‍ഗണന നല്‍കിക്കൊണ്ടു ഡിസൈന്‍ ചെയ്തെടുത്തതാണ്. അനാവശ്യ ഡെക്കറേഷനുകളോ, അധിക സ്ഥല വിനിയോഗമോ ഒന്നും ഇവിടെ കാണാനാവില്ല. 25 സെന്റ് സ്ഥലത്ത് 3760 സ്ക്വയര്‍ ഫീറ്റിലാണ് വീട്. ആധുനിക ഡിസൈനാണ്. തടി ഉപയോഗിച്ചിട്ടുണ്ടെങ്കിലും മിനിമലിസം എന്ന കണ്‍സെപ്റ്റില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല.
അകത്തളങ്ങളുടെ പ്രത്യേകത?
ഇന്റീരിയര്‍ ഒരു ഓപ്പണ്‍ കണ്‍സെപ്റ്റില്‍ നിന്നു കൊണ്ടാണ് ചെയ്തത്. അതായത് എല്ലാ മുറികളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഇത് കുടുംബത്തിന്റെ പരസ്പര ഐക്യത്തെ കൂടി കണക്കിലെടുത്തു ചെയ്തതാണ്. മറ്റൊന്ന് അകത്തളങ്ങളില്‍ നല്ല കാറ്റും വെളിച്ചവും കയറിയിറങ്ങും. ചൂടു കുറയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മേല്‍ക്കൂര ചെയ്തിരിക്കുന്നത് പുതിയൊരു രീതിയിലാണ്. പൂര്‍ണ്ണമായും പരന്നതോ ചെരിഞ്ഞതോ അല്ലാത്ത ഈ പുതിയ ശൈലി അകത്തളങ്ങളെ കൂടുതല്‍ തണുപ്പിക്കാന്‍ സഹായിക്കുന്നുണ്ട്. ഇതോടൊപ്പം നാലുകെട്ടിന്റെ സാന്നിധ്യവും ചൂടിനെ പുറന്തള്ളാന്‍ സഹായിക്കുന്നു. വീടിനകത്തെ നിറങ്ങള്‍ കാഴ്ചയ്ക്കു ഭംഗിയുള്ളതും തിളക്കമില്ലാത്തതുമാണ്. അത്യാവശ്യം നാച്വറല്‍ സ്‌റ്റോണ്‍ വര്‍ക്കകളും ചെയ്തിട്ടുണ്ട്.
ഫ്ളോറിങ്ങിനായി മൂന്ന് മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രധാന ഏരിയകളില്‍ ഇറ്റാലിയന്‍ മാര്‍ബിളും മറ്റു സ്ഥലങ്ങളില്‍ വുഡന്‍ ടൈലും, കിച്ചണില്‍ സാധാരണ ടൈലും.
നാസിന്റെ ആവശ്യങ്ങള്‍ ?
വീട് മൂന്നു തലങ്ങളില്‍ ആയിരിക്കണമെന്ന് പറഞ്ഞിരുന്നു. മറ്റൊന്ന് വീടിന്റെ മുറികള്‍ തമ്മില്‍ പരസ്‌പരബന്ധമുണ്ടാകണമെന്നും. ഇതു രണ്ടും സാധിക്കാനായി.
എന്തായിരുന്നു ഈ വര്‍ക്കില്‍ നേരിടേണ്ടി വന്ന വെല്ലുവിളി?
സ്ഥലത്തിന്റെ ആകൃതി. റോഡില്‍ നിന്നും താഴ്ന്നു കിടക്കുന്ന ഭൂമിയാണിത്. ഇത് ബാധിക്കാത്ത രീതിയില്‍ വേണമായിരുന്നു വീടിന്റെ ഡിസൈനിങ്ങ്. റോഡില്‍ നിന്നു കയറുന്നത് അടിയിലേയ്ക്ക്. പിന്നീട് മുകളിലേയ്ക്ക് എന്ന രീതിയില്‍ ഡിസൈന്‍ ചെയ്താണ് ഈ പ്രശ്നം പരിഹരിച്ചത്.
| Savitha Sijo

