HOME

Architect Brijesh Shaijal Speaks

Home by Brijesh Shaijal

Home by Brijesh Shaijal

ലാളിത്യമാണ് സൌന്ദര്യം എന്ന് വിശ്വസിക്കുന്നയാളാണ് ആര്‍ക്കിടെക്ട് ബ്രിജേഷ് ഷൈജല്‍. ഒരു വീട് പണിയുമ്പോള്‍ ചുറ്റുപാടുമുള്ളതിനെ കണ്ടും കണ്ടതിനെ തിരിച്ചറിഞ്ഞും വേണം തീരുമാനങ്ങളെടുക്കാന്‍. ആവശ്യം എന്താണോ അതു മനസിലാക്കി പണിയുന്ന വീടായിരിക്കും ഏറ്റവും നല്ലതെന്ന് ഈ ആര്‍ക്കിടെക്ട് പറയുന്നു.

ആര്‍ക്കിടെക്‌ചറില്‍ എന്താണ് താങ്കളുടെ ഫിലോസഫി?
ഏതൊരു പ്രോജക്‍ടും മിനിമലിസത്തില്‍ അടിസ്ഥാനമാക്കിയാണ് ഞാന്‍ ചെയ്യുന്നത്. ഒരു വീട് പണിയുന്നത് അതില്‍ താമസിക്കുന്നവരുടെ ആവശ്യങ്ങളെ ഉള്‍ക്കൊണ്ടു കൊണ്ടായിരിക്കണം. കുറെ അലങ്കാരപ്പണി ചെയ്യുന്നതില്‍ കാര്യമില്ല. ഇത് പണച്ചെലവു മാത്രമേ വരുത്തി വയ്ക്കുകയുള്ളു. ഇപ്പോള്‍ കണ്ടംപററി രീതിയില്‍ ചെയുന്ന വീടുകളെല്ലാം തന്നെ ആവശ്യങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുള്ളതാണ്.

എന്തൊക്കെ പ്രോജക്ടുകളാണ് ചെയ്തു വരുന്നത്?
വീടുകള്‍, ഓഫീസുകള്‍, ഇന്റീരിയര്‍ വര്‍ക്കുകള്‍ എന്നിങ്ങനെ എല്ലാവര്‍ക്കും ചെയ്യുന്നുണ്ട്.

ഒരു പ്രോജക്ട് ഏറ്റെടുത്തു കഴിഞ്ഞാല്‍ എന്തിനാണ് പ്രഥമസ്ഥാനം നല്‍കാറുള്ളത്?
ക്ലയന്റിന്റെ ആവശ്യങ്ങള്‍ക്ക്. അതനുസരിച്ചാണ് വര്‍ക്ക് മുന്നോട്ട് പോവുക. ഇപ്പോള്‍ ചെയ്തു വരുന്നത് അധികവും കണ്ടംപ്രറി രീതി സ്വീകരിക്കുന്ന വര്‍ക്കുകളാണ്. അതുപോലെ എന്റെ എല്ലാ പ്രോജക്ടിന്റേയും ഇന്റീരിയര്‍ ഡിസൈനിങ്ങും ഞാന്‍ തന്നെയാണ് ചെയ്യാറുള്ളത്. എന്നാല്‍ മാത്രമേ പൂര്‍ണ്ണത വരികയുള്ളു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

അതായത് ട്രഡീഷണല്‍ വര്‍ക്കുകള്‍ക്ക് എതിരാണോ?
എതിരല്ല. ട്രഡീഷണല്‍ എന്നാല്‍ തച്ചു ശാസ്ത്രപ്രകാരമൊക്കെ പോകേണ്ടി വരും. ഇന്നിപ്പോള്‍ അത് കുറച്ച് ബുദ്ധിമുട്ടാണ്. മേല്‍ക്കൂര ചരിച്ച് ഓടിട്ടതുകൊണ്ട് മാത്രം ട്രഡീഷണല്‍ ആവില്ലല്ലോ. പക്ഷേ, അതു മാത്രമാണ് ട്രഡീഷണല്‍ എന്ന് വിശ്വസിക്കുന്നവരുമുണ്ട്. കാലാവസ്ഥ കണക്കിലെടുത്താണ് നമ്മള്‍ ചരിഞ്ഞ മേല്‍ക്കൂര ഉപയോഗിക്കുന്നത്. പണ്ട് അങ്ങനെ ഉപയോഗിക്കാന്‍ നിരവധി പരിമിതികള്‍ കാരണമായിട്ടുണ്ടായിരുന്നു. ഇന്ന് അങ്ങനെയല്ല. മാര്‍ക്കറ്റില്‍ പല പുതിയ വസ്തുക്കളും ലഭിക്കുന്നുണ്ട്. മാത്രമല്ല, കാറ്റും വെളിച്ചവുമെല്ലാം നമുക്കിന്ന് അകത്തു കൊണ്ടുവരാനുമാവും.

ഇന്ന് കേരളത്തിലെ ആര്‍ക്കിടെക്‍ചര്‍ മേഖലയുടെ പ്രധാന പോരായ്മ എന്താണ്?
ഇക്കോ സിസ്‌റ്റത്തെ കുറിച്ചൊന്നും നമ്മള്‍ ബോധവാന്മാരാകുന്നില്ല എന്നതാണ്. പിന്നെ കണ്ടു മടുത്തത് ചെയ്യുന്നതിലാണ് എല്ലാവര്‍ക്കും താല്പര്യം. നമുക്ക് മുമ്പ് കടന്നു പോയ വളരെയധികം നല്ല ആര്‍ക്കിടെക്‍റ്റുമാര്‍ ഉണ്ട്. അവരെല്ലാം പ്രേരണയാകണം. വിശ്വാസങ്ങള്‍ക്കടിപ്പെട്ട് എന്തെങ്കിലും ചെയ്യുന്നതില്‍ കാര്യമില്ല.

Brijesh Shaijal

Brijesh Shaijal

എങ്ങനെയാണ് ഓരോ പ്രോജക്ടും തിരഞ്ഞെടുക്കുന്നത്?
അത് ക്ലയന്റ്സിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്. നമുക്ക് ഏതു കാര്യവും പറയാന്‍ കഴിയുന്ന ആളാണ് എന്ന് തോന്നണം. അതു പോലെ നല്ല ആശയങ്ങള്‍ പറഞ്ഞു കൊടുത്താല്‍ മനസ്സിലാക്കാനാവണം. എന്നാല്‍ മാത്രമേ വര്‍ക്ക് നന്നാവുകയുള്ളു.

ഡ്രീം പ്രോജക്ട് എന്തെങ്കിലും മനസ്സിലുണ്ടോ?
ഒരാള്‍ തന്റെ ഡ്രീം ആണല്ലോ നമ്മളെ ഏല്‍പ്പിക്കുന്നത്. പിന്നീടത് നമ്മുടെ ഡ്രീം ആയി മാറും. അങ്ങനെ ഓരോ പ്രോജക്ടും ഡ്രീം പ്രോജക്ടു തന്നെയാണ്. ക്ലയന്റിന്റെ ഡ്രീം സാക്ഷാത്കരിക്കാനാവണം എന്നതാണ് ഏറ്റവും വലിയ ഡ്രീം.

പ്രധാന പ്രോജക്ടുകള്‍ ഏതൊക്കെയാണ്?
കുരുക്കള്‍ ബില്‍ഡിങ്സ്, പിവിആര്‍, സ്വദേശി ഗ്രൂപ്പ്, പാഡിസണ്‍ ഗ്രൂപ്പ്, എം ഇ എസ് എന്നിവയൊക്കെ ആണ് പ്രധാന പ്രോജക്ടുകള്‍. കൂടാതെ നിരവധി വീടുകളും.

2003-ല്‍ കര്‍ണ്ണാടകയിലെ ബീജാപ്പൂരില്‍ നിന്നും ആര്‍ക്കിടെക്ച്ചര്‍ ബിരുദം നേടിയ ബ്രിജേഷ് ഷൈജല്‍ തുടര്‍ന്ന് ബോംബെയിലെ സഞ്ചയ് പുരി എന്ന ആര്‍ക്കിടെക്ടിനൊപ്പം പരിശീലനം പൂര്‍ത്തിയാക്കി. 2005-ല്‍ മഞ്ചേരിയില്‍ ബി.എസ് ആര്‍ക്കിടെക്സ് എന്ന സ്വന്തം സ്‌ഥാപനം ആരംഭിച്ചു.

B S Architects
#16/76/Z4, P.P.Tower, Thurakkal, Manjeri, Malappuram, 676121
Phone :+91-483-3253360 Fax: +91-483-2766692

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.