Interview: Architect Arun Vidyasagar
“സാധാരണക്കാരന് ലളിതമായൊരു വീടു മതി. എപ്പോഴും അതിഥികള്‍ വരുന്ന വീടിന് അതിന്റേതായ സൌകര്യങ്ങള്‍ വേണം. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങളെ കുറിച്ച് പല ക്ലയന്റ്സും ബോധവാന്മാരല്ല. കുറെ പൈസ ചെലവഴിച്ച് ഒരു വീട് പണിയണം എന്നാണ് പലരും കരുതുന്നത്. അതിനാല്‍ ക്ലയന്റുമായി തുറന്ന ചര്‍ച്ച അത്യാവശ്യമാണ്. “ യുവ ആര്‍ക്കിടെക്‍ട് അരുണ്‍ വിദ്യാസാഗറുടേതാണ് ഈ അഭിപ്രായം.
തിരുവനന്തപുരം എന്‍ജീനീയറിങ്ങ് കോളേജില്‍ നിന്നും 2003-ല്‍ ബി.ആര്‍ക്കു നേടിയ അരുണ്‍ രോഹിണി പ്രസാദിനൊപ്പവും ശില്പി ആര്‍ക്കിടെക്സ്, പ്രശാന്ത് അസോസിയേറ്റ്സ് എന്നീ സ്ഥാപനങ്ങളിലും പരിശീലനം നടത്തി. ഇപ്പോള്‍ എറണാകുളത്ത് ഫോളിഏജ് എന്ന സ്വന്തം സ്ഥാപനം നടത്തുന്നതിനൊപ്പം പ്രശാന്ത് അസോസിയേറ്റ്സില്‍ പരിശീലനവും തുടരുന്നു.
എന്തൊക്കെ പ്രോജക്ടുകളാണ് കൂടുതലായി ചെയ്യുന്നത്?
കൂടുതല്‍ ചെയ്യുന്നത് റെസിഡന്‍ഷ്യല്‍ പ്രൊജക്‍ടുകളാണ്. എന്നാല്‍ മറ്റു വര്‍ക്കുകളും ചെയ്യുന്നുണ്ട്. ഓഫീസുകള്‍, ഷോപ്പിങ്ങ് കോംപ്ളക്സ്, ഹോട്ടലുകള്‍, സ്ക്കൂള്‍, ഇന്റീരിയര്‍വര്‍ക്കുകള്‍ എന്നിങ്ങനെ.
വര്‍ക്കുകള്‍ കണ്ടിട്ടാണോ ക്ലയന്റ്സ് എത്താറുള്ളത്?
കൂടുതലും അങ്ങനെയാണ്. ഒന്നുകില്‍ എന്നെ നേരിട്ട് പരിചയമുള്ളവര്‍ വഴി, അല്ലെങ്കില്‍ എന്റെ വര്‍ക്കു കണ്ടിട്ടാണ് എത്താറുള്ളത്.
എങ്ങനെയാണ് ഒരു പ്രോജക്ടിനെ സമീപിക്കുന്നത് ?
ആദ്യം ക്ലയന്റിന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കും. അതില്‍ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ പറഞ്ഞു കൊടുക്കും. ഒരോരുത്തരുടേയും ജീവിതരീതി വ്യത്യസ്തമാണ്. അതുമായി ബന്ധപ്പെട്ടു വേണം അയാള്‍ക്കു പണിയുന്ന വീട്. തുടര്‍ന്ന് സൈറ്റിനെ കുറിച്ച് വിശദമായി പഠിക്കും. എന്തൊക്കെ ലഭ്യമാണ്, സ്ഥലസാഹചര്യങ്ങള്‍ എങ്ങനെ എന്നൊക്കെ മനസ്സിലാക്കും. ഏറ്റവും ലളിതമായ രീതിയില്‍ ഒരു കണ്‍സപ്റ്റ് വികസിപ്പിച്ചെടുക്കും.
ഈ രംഗത്ത് ആരെങ്കിലും പ്രേരണയായിട്ടുണ്ടോ?
ഏതെങ്കിലും ഒരു ആര്‍ക്കിടെക്ടിനെ മറ്റൊരാളുമായി താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല. ഒരോരുത്തര്‍ക്കും അവരുടേതായ ശൈലി ഉണ്ട്. നല്ല കഴിവുള്ളവര്‍ നിരവധി പേരുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ബ്രേക്ക് കിട്ടിയെന്ന് വരില്ല. നല്ല പ്രിന്‍സിപ്പിള്‍സുള്ള വളരെയധികം ആളുകളെ കണ്ടിട്ടുണ്ട്. ജെഫ്രി ബാബയുടെ ഗ്രീന്‍ ആര്‍ക്കിടെക്ച്ചറിനെ സംബന്ധിക്കുന്ന
ചില വര്‍ക്കുകളില്‍ എനിക്ക് താല്പര്യം തോന്നിയിട്ടുണ്ട്. അവയൊക്കെ വളരെ മുന്‍കൂട്ടി കണ്ടാണ് ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ എന്തെങ്കിലും ചെയ്യാനാവണം എന്ന് തോന്നിയിട്ടുണ്ട്.
ഒരോ പ്രോജക്ടുകളും വ്യത്യസ്തമാക്കാന്‍ ശ്രമിക്കാറുണ്ടോ?
എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കാറുണ്ട്. എന്റെ വര്‍ക്കു കണ്ട് ഇതു ഞാനാണ് ചെയ്തതെന്ന് കണ്ടെത്താനാവരുതെന്നാണ് എന്റെ ആഗ്രഹം.
ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന വര്‍ക്കുകള്‍ ഏതൊക്കെയാണ്?
പാലക്കാട് ഒരു സ്ക്കൂള്‍, ഹോട്ടലുകള്‍, കളമശ്ശേരിയിലും തിരുവല്ലയിലുമൊക്കെ ആയി ചില റെസിഡന്‍ഷ്യല്‍ പ്രോജക്ടുകള്‍.
വാസ്തു നോക്കി ചെയ്തു കൊടുക്കാറുണ്ടോ?
ക്ലയന്റ് ആവശ്യപ്പെടുകയാണെങ്കില്‍ വാസ്‌തു നോക്കും.
ഡ്രീം പ്രോജക്ടുകള്‍ എന്തെങ്കിലും മനസ്സിലുണ്ടോ?
ഒരു ഓള്‍ഡ് ഏജ് ഹോം ചെയ്യണമെന്നുണ്ട്. ഇതൊരു സ്വപനമാണ്. അതുപോലെ കേരളത്തില്‍ പാലങ്ങളുടെ വര്‍ക്കുകളൊന്നും ആര്‍ക്കിടെക്ടുമാര്‍ക്കു കിട്ടാറില്ല, അതുകൊണ്ട് ഏതെങ്കിലും പാലത്തിന്റെ വര്‍ക്ക് കിട്ടണമെന്നുണ്ട്. ആര്‍ക്കിടെക്ച്ചര്‍ നല്ലൊരു കലയാണ്. അതിനെ നല്ല കാര്യങ്ങള്‍ക്കു കൂടി ഉപയോഗിക്കാനാവണമെന്നാണ് ആഗ്രഹം.
ക്ലയന്റ്സിനോട് എന്താണ് പറയാനുള്ളത്?
വീടിനു വേണ്ടി അനാവശ്യമായി ചെലവു ചെയ്യരുതെന്നാണ് ആദ്യമായി പറയാനുള്ളത്. അവരവരുടെ ആവശ്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുക. അത് ആദ്യമേ തന്നെ ആര്‍ക്കിടെക്‍റ്റിനോട് പറയണം. ഇല്ലെങ്കില്‍ വലിയ സമയ നഷ്ടവും പണച്ചെലവും വരും. ഇപ്പോഴുള്ള ലേബര്‍ ചാര്‍ജ്ജെല്ലാം അന്യായമായതാണ്, സാധാരണക്കാരന് താങ്ങാനാവുന്നതിനപ്പുറം എന്നു തന്നെ പറയാം. പലരും ബാങ്കില്‍ നിന്ന് കടമെടുക്കുകയും അത് തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. ഇവിടത്തെ ലേബര്‍ ചാര്‍ജ്ജിന്റെ വര്‍ദ്ധനയാണ് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതിനു പ്രധാന കാരണം. അതുപോലെ തന്നെ ഏതൊരാള്‍ വീടു പണിതാലും രണ്ടോ മൂന്നോ ലക്ഷം രൂപ ബാധ്യതയാവും. സ്വന്തം ആവശ്യങ്ങളെ കുറിച്ച് ബോധവാന്മാരല്ലാത്തതാണ് ഇതിനുള്ള കാരണം.
Architect Arun Vidyasagar
Foliage, 28/2446 Elenjeri Road, Kadavanthara, Kochi-682020
Phone: 0484-2316489,3264437
Email:foliagearchitects@gmail.com
|Savitha Sijo I Photo: Joshy Manjummel

