HOME

Sujith Kumar R S Speaks

ഏതൊരാളുടേയും വ്യക്തിത്വത്തിന്റെ അടയാളമാണ് അയാളുടെ വീട്. ഒരാള്‍ പറയുന്നതു ചെയ്യുന്നതിലല്ല, അയാളുടെ മനസ്സിലിരിക്കുന്നത് ചെയ്യുന്നതിലാണ് വിജയമെന്ന് ആര്‍ക്കിടെക്ട് സുജിത്ത് കുമാര്‍ പറയുന്നു. ടികെഎം എന്‍ജിനീയറിങ്ങ് കോളേജില്‍ നിന്നും ബിആര്‍ക്ക്  നേടിയ ഇദ്ദേഹം കണ്ണൂരില്‍ എസ് കെ ആര്‍ക്കിടെക്സ് എന്ന  സ്ഥാപനം നടത്തുന്നു.

ഓരോ പ്രോജക്ടിലും എന്തിനൊക്കെയാണ് മുന്‍ഗണന കൊടുക്കാറുള്ളത്?
പ്രകൃതി വിഭവങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്ന ആളാണു ഞാന്‍. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നല്‍കിയിരിക്കുന്ന എല്ലാത്തിനേയും നമ്മള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കണം. ഓരോ പ്രോജക്ടിലും സൂര്യപ്രകാശത്തിന്റേയും,കാറ്റിന്റേയും ഗതി കൃത്യമായി മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. ഉദിച്ചുയരുന്ന സൂര്യന്റെ പ്രകാശം നമുക്കു ലഭിക്കുന്നത് ശരീരത്തിനും മനസ്സിനും ഏറ്റവും നല്ലതാണ്. ഇത് അകത്തളങ്ങളില്‍ എത്തണം. എന്നാല്‍ ഉച്ചവെയില്‍ അകത്തേയ്ക്കു പ്രവേശിക്കുകയുമരുത്. നാലുകെട്ടും മറ്റും നല്‍കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കാറുണ്ട്. എന്തിനാണ് പലരും അവധിക്കാലത്ത് ഊട്ടി പോലുള്ള സ്ഥലങ്ങളിലേയ്ക്കു പോകുന്നത്. അവിടത്തെ പ്രകൃതി അനുഭവിക്കാന്‍. അതു
നമ്മുടെ വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാനാവണം.

ഓരോ പ്രോജക്ടും കൈകാര്യം ചെയ്യുന്ന രീതി എങ്ങനെയാണ്?
ഒരു വര്‍ക്ക് ഏറ്റെടുത്താല്‍ ആദ്യം ചെയ്യുന്നത് സൈറ്റ് കാണലാണ്. അവിടുത്തെ പ്രകൃതി വിഭവങ്ങള്‍ അതായത് വെള്ളം, കാറ്റ്, മണ്ണ് എന്നിങ്ങനെ എല്ലാം കാണും.  തുടര്‍ന്ന് ക്ലയന്റുമായി (എല്ലാ കുടുംബാംഗങ്ങളുമായി)  ചര്‍ച്ച നടത്തും. ഓരോ മുറികളുടെ പൊസിഷന്‍, കാറ്റ് കിട്ടുന്നത്, സൂര്യപ്രകാശത്തിന്റെ ലഭ്യത എന്നിങ്ങനെ എല്ലാം ആര്‍ക്കിടെക്ട് പറഞ്ഞു കൊടുക്കും. ഇതോടെ ക്ലയന്റിന്റെ ആവശ്യങ്ങളെ പറ്റി ഒരു ആശയവും കിട്ടും. അടുത്തപടി ചെലവിനെ കുറിച്ചാണ്. എത്ര ചെലവുവരും, എങ്ങനെ ചെലവു കുറയ്ക്കാം എന്നിങ്ങനെ. എങ്ങനെ ആയാലും ക്ലയന്റിനും ആര്‍ക്കിടെക്ടിനുമിടയില്‍ നല്ലൊരു ബന്ധമുണ്ടായാല്‍ മാത്രമേ ഏതു വര്‍ക്കും നല്ല രീതിയില്‍ മുന്നോട്ടു പോകു.

ക്ലയന്റിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന പ്രധാന പോരായ്മ  എന്താണ്?
ഞങ്ങള്‍ക്കൊരു പ്ളാന്‍ വേണം എന്നു പറഞ്ഞാണ് ആദ്യമൊക്കെ ആളുകള്‍ വന്നിരുന്നത്. എന്നാല്‍ ഇന്ന് ആളുകള്‍ കുറെ കൂടി ബോധവാന്മാരായിക്കഴിഞ്ഞു. അതുകൊണ്ട് ഇപ്പോള്‍ ഞങ്ങള്‍ക്കൊരു വീട് വേണം എന്നാവശ്യപ്പെട്ടു കൊണ്ടാണ് പലരും വരുന്നത്. മീഡിയയുടെയൊക്കെ കടന്നു വരവാണ് ഇതിനു കാരണം. ആര്‍ക്കിടെക്ച്ചര്‍ എന്നാല്‍ എന്തെങ്കിലും ചെയ്തു കൂട്ടുക എന്നല്ല. എന്തു ചെയ്യുമ്പോഴും എന്താണ് എന്തിനു വേണ്ടിയാണ് എന്നൊക്കെ ബോധ്യപ്പെടണം.  ഓരോ പ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് ആര്‍ക്കിടെക്‌ച്ചറില്‍  വ്യത്യാസം വരും. നമ്മുടെ ബെഡ്റൂമിലിരുന്നാല്‍ ഗാര്‍ഡനിലിരിക്കുന്ന അതേ അനുഭവം  ഉണ്ടാകണം.  കോവളം റിസോര്‍ട്ടു പോലുള്ളവയുടെ  പ്രധാന പ്രത്യേകത അതിന്റെ ആര്‍ക്കിടെക്ച്ചര്‍ ആണ്. ഒരിക്കലും പഴമയെ നശിപ്പിച്ചു കൊണ്ടാവരുത് പുതുമയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ് .

പഴമയെ സംരക്ഷിക്കണം എന്നാണോ പറയുന്നത്?
തീര്‍ച്ചയായും നമുക്കതില്‍ നിന്നും വളരെ പഠിക്കാനുണ്ട്. നമ്മുടെ മുന്‍പുള്ള പരമ്പരയുടെ ആര്‍ക്കിടെക്ച്ചര്‍ മികവ് മനസ്സിലാക്കണമെങ്കില്‍ പഴയ കെട്ടിടങ്ങള്‍ നോക്കിയാല്‍ മതി. ഇവിടെ നിന്ന് ഒരു കഷ്ണം കല്ല് കിട്ടിയാല്‍ മതി നമുക്കെല്ലാം മനസ്സിലാക്കാം. ഞങ്ങള്‍ അത്തരം ഒരു ശ്രമത്തിലാണെന്നു പറയാം. പഴയ ഇല്ലങ്ങള്‍, മനകള്‍ തുടങ്ങിയവയൊക്കെ അതിന്റെ പഴമ നശിക്കാതെ തന്നെ പുനരുദ്ധരിക്കുന്ന ഒരു സംരംഭത്തിലാണ്. ഞാനും, ജയന്‍ നമ്പൂതിരിയും കൂടിയാണിത് ചെയ്തു വരുന്നത്. മറ്റു പലരും സഹായത്തിനുണ്ട്.

വാസ്തുവിന് പ്രാധാന്യം നല്‍‌കുന്നുണ്ടോ?
ഇന്നത്തെ വാസ്തു പേടിപ്പിക്കുന്ന രീതിയിലാണ്. നമുക്ക് ഈ ഭൂമിയില്‍ എവിടെ വേണമെങ്കിലും വീടു പണിയാം. പക്ഷെ പ്രകൃതി വിഭവങ്ങളെ തടസ്സപ്പെടുത്തരുത്. ചില നിഗമനങ്ങള്‍ ശരിയായിരിക്കാം, എന്നാല്‍ അതിനെ വിശ്വാസങ്ങളൊക്കെയായി ബന്ധപ്പെടുത്തുന്നതാണ് പ്രശ്നം. ശാസ്ത്രീയമായി തെളിയിക്കാനാവുന്നതില്‍ എനിക്ക് വിശ്വാസമുണ്ട്.

എന്തൊക്കെ പ്രോജക്ടുകളാണ് ചെയ്തു വരുന്നത്?
ആയുര്‍വേദിക് റിസോര്‍ട്ടുകള്‍,സ്‌റ്റാര്‍ ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍, കൂടാതെ ഇന്റീരിയര്‍ വര്‍ക്കും.

ഈ രംഗത്ത് പ്രേരണയായിട്ടുള്ളത് ആരാണ്?
ഞാന്‍ കൊല്ലം എന്‍ജിനീയറിങ്ങ് കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ മനസ്സില്‍ പതിഞ്ഞ വര്‍ക്കുകളാണ് ഫ്രാങ്ക് ലോയിഡ് റൈറ്റിന്റേത്. എനിക്കൊരു മാര്‍ഗനിര്‍ദേശം നല്‍കാന്‍ അതിനു കഴിഞ്ഞിട്ടുണ്ട്.

ഒരോ വര്‍ക്കു ചെയ്യുമ്പോഴും എന്തിലാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്?
എല്ലാ മനുഷ്യരും ഒരു പോലെയല്ല. ഓരോരുത്തര്‍ക്കും പ്രത്യേക ഇഷ്ടങ്ങളുണ്ട്. അതുപോലെ തന്നെയാണ് വ്യത്യസ്ത പ്രായക്കാരുടേയും കാര്യം. ഒരു പ്രായമായ ആളുടെ മുറിയില്‍ വൈബ്രന്റ് കളറല്ല ഉപയോഗിക്കേണ്ടത്. ഇങ്ങനെ എല്ലാത്തിനേയും കുറിച്ച് അടിസ്ഥാന ധാരണ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കണം.

ഡ്രീം പ്രോജക്ടുകള്‍ എന്തെങ്കിലും മനസ്സിലുണ്ടോ?
എന്റെ സ്വന്തം വീടിനെ കുറിച്ചൊരു ഡ്രീം മനസ്സിലുണ്ട്. പക്ക ട്രെഡീഷണല്‍ ആയിരിക്കും അത്. കോര്‍ട്ടിയാര്‍ഡിനുള്ളില്‍ വലിയൊരു കോര്‍ട്ടിയാര്‍ഡ് ഹൌസ് എന്നതാണ് ഡ്രീം. തനതായ ലാന്‍ഡ് സ്ക്കേപ്പിലാവും ഇത് നില്‍ക്കുക. ഇതൊക്കെ മറ്റു ചില പ്രോജക്ടുകളില്‍ ഞാന്‍ ഉപയോഗിച്ചിട്ടുണ്ട്.

S.K.Architects
567-3rd floor,3rd block, Casa marina shopping complex, Thalap,Kannur-4
Phone:0497-2709092
Email: skarchitects2008@gmail.com

| Savitha Sijo

Bookmark and Share Subscribe Email This
MORE:

Want to say something? Say it now!

Press Ctrl+g to type comments in Malayalam. To type in English, press Ctrl+g again.

NOTE: Comments are moderated. So, your views may not be published instantly. - Editor.