HOME

Interview: Architect P M K Sherief

കാസര്‍കോട് ജില്ലയില്‍ മറ്റൊരു  ആര്‍ക്കിടെക്‍ട്  ഇല്ല  എന്ന് പിഎംകെ ഷെറീഫ് പറയുന്നു. അതു കൊണ്ടു തന്നെ  ഒരു  ഗ്രാമത്തിന്റെ വളര്‍ച്ചയിലെ പ്രധാന കണ്ണികളിലൊരാള്‍  എന്ന്  ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. 1996-ല്‍ കര്‍ണ്ണാടകയില്‍ നിന്നും ആര്‍ക്കിടെക്ച്ചര്‍  ബിരുദം നേടിയ ഇദ്ദേഹം പരിശീലനത്തിനായി തെരഞ്ഞെടുത്തത്  സ്വന്തം ഗ്രാമം തന്നെയാണ്. ഇന്നിപ്പോള്‍ കാസര്‍കോടും, ബാംഗളൂരിലും സ്വന്തം സ്ഥാപനം ഉണ്ട്. ഗ്രാമത്തിന്റേയും,  മെട്രോപൊളിറ്റന്‍ സിറ്റിയുടേയും അനുഭവങ്ങള്‍ തനിക്കു മുതല്‍ക്കൂട്ടായിട്ടുണ്ടെന്ന് ആര്‍ക്കിടെക്ട് ഷെറീഫ് അവകാശപ്പെടുന്നു.

പരിശീലന കാലത്തിന്റെ തുടക്കത്തെ കുറിച്ചൊന്നു പറയാമോ?
എട്ടു വര്‍ഷമായി ഞാന്‍ മാത്രമാണ്  കാസര്‍കോട്  ആര്‍ക്കിടെക്ച്ചര്‍ പ്രാക്റ്റീസ് ചെയ്യുന്നത്. തുടക്കത്തില്‍ വളരെയധികം പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രധാന കാര്യം ആളുകള്‍ക്ക് ഇതിനെ കുറിച്ചൊന്നും  അറിയില്ല എന്നതാണ്. ഈ കടമ്പകടക്കാനായിരുന്നു ഏറെ പ്രയാസം. ആളുകളെ ആര്‍ക്കിടെക്ച്ചര്‍ എന്താണെന്നും ഇതിന്റെ സാധ്യതകള്‍ എന്താണെന്നും പറഞ്ഞു മനസ്സിലാക്കുകയായിരുന്നു ആദ്യ ദൌത്യം. ഇതിനു തന്നെ വര്‍ഷങ്ങള്‍ വേണ്ടി വന്നു.

ഇവിടെയുള്ള ഭൂരിഭാഗം ആളുകളും കരുതുന്നത് ആര്‍ക്കിടെക്ടെന്നാല്‍ കോണ്‍ട്രാക്ടര്‍ തന്നെ ആണെന്നാണ്. പലരും ഈ രീതിയിലാണ് സമീപിക്കുന്നതും. ഇത് മനപ്പൂര്‍വ്വമല്ല,  അവരുടെ അറിവില്ലായ്മയാണ്. ഓരോ പ്രോജക്‍ട്  വരുമ്പോഴും വളരെ സമയം വേണ്ടി വരും ഓരോന്നും മനസ്സിലാക്കി കൊടുക്കാന്‍‍. ഇവിടെയുള്ള ആളുകള്‍ക്ക്  മേസ്തിരിമാരെയാണ് വിശ്വാസവും. പലരും ഡിസൈന്‍ കാണണമെന്നു പറഞ്ഞു വരും. കണ്ടുകഴിഞ്ഞ് ഏതെങ്കിലും കോണ്‍ട്രാക്ടറുടെ അടുത്തു പോയി പണിയിക്കും. എന്നിട്ട് നമ്മുടെ പേരായിരിക്കും പറയുന്നത്. ഇത്തരത്തില്‍  നേരിട്ട പ്രശ്നങ്ങള്‍ വളരെയുണ്ട്.

ഇന്നത്തെ സാഹചര്യം എന്താണ്?
ഇന്നിപ്പോള്‍ സ്‌ഥിതിഗതികള്‍ മെച്ചപ്പെട്ടു. എങ്കിലും ഇപ്പോഴും സംശയത്തോടെ സമീപിക്കുന്നവരുണ്ട്. സാമ്പത്തികമായി വളരെ മുന്നിലാണ് ഇവിടെയുള്ളവര്‍. കൂടുതല്‍ പേരും വിദേശത്തു ജോലി ചെയ്യുന്നവരാണ്. എന്നാല്‍ അറിവു കുറവാണ്. മാഗസിനുകളുടേയും ചാനലിന്റേയുമൊക്കെ കടന്നു വരവ് മാറ്റത്തിനു കാരണമായിട്ടുണ്ട്.

ഗ്രാമത്തിലെയും മെട്രോപൊളിറ്റന്‍ സിറ്റിയിലെയും അനുഭവങ്ങള്‍ എങ്ങനെ ആയിരുന്നു?
സിറ്റിയിലെ ജിവിതം പോലെ തന്നെ വളരെ തിരക്കിട്ടതാണ് അവിടത്തെ എല്ലാ കാര്യങ്ങളും. കണ്‍സപ്റ്റും പ്ളാനിങ്ങും നിര്‍മ്മാണവുമെല്ലാം വളരെ വേഗത്തില്‍ തന്നെ. അവിടെ നമുക്കൊന്നും ബോധ്യപ്പെടുത്തേണ്ടതില്ല. എന്നാല്‍ ഗ്രാമത്തില്‍ ഒരാളെ ഓരോന്നും എന്തൊക്കെയാണ് എന്ന് പറഞ്ഞ് മനസ്സിലാക്കിക്കണം, സമയവും  കൂടുതല്‍ വേണ്ടിവരും. ഇതാണ് രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം.

ഒരു പ്രോജക്ട് ഏറ്റെടുത്താല്‍ ഏറ്റവും അധികം പ്രാധാന്യം നല്‍കുന്നത് എന്തിനാണ്?
ഓരോ ക്ലയന്റിനും പല തരത്തിലുള്ള ആശയങ്ങള്‍ ഉണ്ടായിരിക്കും. അതിനെ പൂര്‍ണ്ണതയില്‍ എത്തിക്കേണ്ടത് ആര്‍ക്കിടെക്ടാണ്. ശരിക്കു പറഞ്ഞാല്‍ ഒരാളെ കൈപിടിച്ചു റോഡു ക്രോസു ചെയ്യിക്കുന്നതു പോലെയുള്ളൊരു ജോലിയാണിത്. അത്രമാത്രം കൃത്യത വേണ്ടത്. അതു കൊണ്ടു തന്നെ എല്ലാകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. ഏറ്റവും സിംപിളായ ഡിസൈനാണ് എനിക്കു താല്പര്യം. അതുപോലെ തന്നെ എലിവേഷന് മുഖ്യമായൊരു പങ്കു നല്‍കാറുണ്ട്.

എന്തൊക്കെ പ്രോജക്ടുകളാണ് കൂടുതലായി ചെയ്തു വരുന്നത്?
വീടുകള്‍, ഫ്ളാറ്റുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, ഷോപ്പിങ് കോംപ്ളക്സുകള്‍, ഹോസ്പിറ്റലുകള്‍ എന്നിങ്ങനെ ഒരു വിധം എല്ലാ വര്‍ക്കുകളും ചെയ്യുന്നുണ്ട്.

കാസര്‍കോടുള്ള ആളുകള്‍ക്ക് ഏതു തരം ഡിസൈനാണ് താല്പര്യം?
കൂടുതല്‍ ആളുകളും തിരഞ്ഞെടുക്കുന്നത് കേരള ആര്‍ക്കിടെക്ച്ചറാണ്. നമ്മുടെ കാലാവസ്ഥയ്ക്കും അനുയോജ്യം ഇതു തന്നെ.  സിറ്റിയിലെ ആളുകള്‍ കണ്ടംപ്രറി രീതിയൊക്കെ കണ്ടു മനസ്സിലാക്കി വരുന്നു. ചിലരൊക്കെ ഇതിനു താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

Architect P M K Sherief
Pandiyal Sherief Associates, Ground Floor, Eden Enclave, Bank Road, Kasargod
Phone: 9447351091, 09342241134
Email: pandiyals@yahoo.co.in

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.