Dream Home @ Brookfield
ബ്രൂക്ക്‍ഫീല്‍ഡിലെ സ്വന്തം വീടിനെക്കുറിച്ച് റീനി മമ്പലം എഴുതുന്നു.
ഇതു ഞങ്ങളുടെ ശാന്തസുന്ദരമായ വീട്. അമേരിക്കയിലെ കണക്റ്റിക്കട്ട് സ്റ്റേറ്റിലുള്ള ബ്രൂക്ക്‍ഫീല്‍ഡ് എന്ന ചെറിയ പട്ടണത്തില്‍ എല്ലാ തിരക്കുകളില്‍ നിന്നും അകന്ന് സുന്ദരമായൊരു റെസിഡെന്‍ഷ്യല്‍ സ്ഥലത്താണ് ഈ വീട് പണിതിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നും നൂറുകിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. സാധാരണഗതിയില്‍ ഒരു കൂട്ടം വീടുകളുള്ള ഡെവലപ്‌മെന്റ്‌സ് വരുമ്പോള്‍ ബില്‍ഡേഴ്‌സ് ഒന്നോ രണ്ടോ പ്ലാനുകളാണ് ഉപയോഗിക്കുന്നത്. ഇതിനെ ‘cookie cutter houses’ എന്നു വിളിക്കും. ഒരേ അച്ചിലിട്ടുവാര്‍ത്തതുപോലെ എന്നു സാരം. അതിനു വിപരീതമായി ഒരു യുവ ആര്‍ക്കിടെക്റ്റ് രൂപകല്പന ചെയ്തതാണ് ഈ വീട്. രണ്ടേക്കര്‍ സ്ഥലത്ത് പാറകളെയും മരങ്ങളെയും അതിന്റേതായ താളത്തിനും ചലനത്തിനും വിട്ടുകൊടുത്ത്, പത്തു വാതിലുകളിലൂടെയും അന്‍പതോളം വരുന്ന ജനാലകളിലൂടെയും പ്രകൃതിയെ വീടിനുള്ളിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ഇതു നിര്‍മ്മിച്ചിരിക്കുന്നത്.
പ്രകൃതിയുമായി ഒന്നുചേരുവാന്‍ പാകത്തിന് വീടിന് മൂന്ന് ഡെക്കുകളുണ്ട്. താഴത്തെനിലയില്‍ അടുക്കളയും ഫാമിലി റൂമും ഉള്‍ക്കൊണ്ട് ഒന്നായികിടക്കുന്ന ഗ്രേറ്റ് റൂം. ഇതിന്റെ ഒരു ഭിത്തി വാനം മാന്താതെ സ്റ്റില്‍സിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഭിത്തിയില്‍ നിന്നും നാലടി മാത്രം മാറി വളര്‍ന്ന് ഫാമിലി റൂമിനും മാസ്റ്റര്‍ ബെഡ്‌റൂമിനും കുടചൂടി നില്‍ക്കുന്ന മേപ്പിള്‍മരത്തിന്റെ വേരുകള്‍ക്ക് ക്ഷതമേല്‍പ്പിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്ത്‌തത്. അതിഥികള്‍ ‘ഗ്രേറ്റ് റൂമില്‍’ ചുറ്റി നടക്കുന്നതിനാല്‍ വീട്ടമ്മക്ക് ഒറ്റപ്പെട്ട് പോകുമെന്ന വേവലാതിയുമില്ല.
മുകളിലെ നാല് ബെഡ്‌റൂമുകള്‍ ഒരേ നിരയിലാണ്. അതുകൊണ്ട്, സാധാരണ വീടുകളെക്കാള്‍ ഹാള്‍വേക്ക് നീളമുണ്ട്. പുറംലോകം മഞ്ഞിന്റെ മാറാപ്പണിയുമ്പോള്‍ പോലും, കാന്താരിയും കറിവേപ്പും ചെമ്പരത്തിയും വീടിനുള്ളില്‍ തഴച്ചുവളരുന്നു. എല്ലാ മുറികളിലും ഹാള്‍വേയിലും ധാരാളമുള്ള സൂര്യപ്രകാശമാണ് ഇകാര്യത്തില്‍ തുണയാകുന്നത്. മുറികള്‍ക്ക് കുടപിടിച്ച് നില്‍ക്കുന്ന മരങ്ങളും ഒരോ മുറിക്കുമുള്ള ക്രോസ്‌വെന്റിലേഷനും സ്വതവെ മിതോഷ്‌ണമായ അമേരിക്കന്‍ സമ്മറില്‍ എയര്‍കണ്ടീഷണറിന്റെ ആവശ്യകത കുറക്കുന്നു. മരങ്ങളില്‍ ഇലകളില്ലാത്ത മഞ്ഞുകാലത്ത് വഴിപോക്കര്‍ക്ക് വീടിനകം കാണുവാന്‍ പാടില്ലാത്തവിധമാണ് മുന്‍വശത്തെ ജനാലകളുടെ സ്ഥാനം.
സ്വീകരണമുറിയും ഊണുമുറിയും തമ്മില്‍ ഒരു വിഷ്വല്‍ സെപ്പറേഷന്‍ കൊടുക്കുന്നത് രണ്ടുവശത്തും ഗ്ലാസുള്ള ഒരു ഫയര്‍പ്ലേസാണ്. ഗ്യാസുകൊണ്ട് പ്രവൃത്തിക്കുന്ന ഈ ഫയര്‍പ്ലേസ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്നതാണ്. മഞ്ഞുകാലത്തും വേനല്‍ക്കാലത്തും ശരത്ക്കാലത്തും മാനുകളും കാട്ടുടര്‍ക്കികളും കുറുക്കന്മാരും വീട്ടുകാരോടൊപ്പം വീടിന്റെ പരിസരം പങ്കിടുന്നു. കണ്വാശ്രമത്തില്‍ ശകുന്തളയെ തേടിനടക്കുമ്പോലെ എന്നുമെത്തുന്ന മാന്‍പേടകളെ മരങ്ങള്‍ക്കിടയില്‍ കാണുന്ന പ്രഭാതങ്ങളിലേക്ക് ഞങ്ങള്‍ ഉണരുന്നു.
| Photos & Text: Reeni Mambalam




ഒരിക്കല്‍ ആ ഫയര്‍ പ്ലേസിന്റെ പടം മാത്രം റീനി കാണിച്ചുതന്നത് നല്ല ഓര്‍മ്മയുണ്ട്. മനോഹരമായ ഈ വീടിന്റെ മുഴുവന്‍ ഭാഗങ്ങളും അന്ന് കാണിച്ചുതരാഞ്ഞതില്‍ എനിക്കുള്ള പരിഭവം ഇപ്പോള്‍ തീര്‍ന്നിരിക്കുന്നു
“മഞ്ഞുകാലത്തും വേനല്‍ക്കാലത്തും ശരത്ക്കാലത്തും മാനുകളും കാട്ടുടര്‍ക്കികളും കുറുക്കന്മാരും വീട്ടുകാരോടൊപ്പം വീടിന്റെ പരിസരം പങ്കിടുന്നു. കണ്വാശ്രമത്തില്‍ ശകുന്തളയെ തേടിനടക്കുമ്പോലെ എന്നുമെത്തുന്ന മാന്‍പേടകളെ മരങ്ങള്‍ക്കിടയില്‍ കാണുന്ന പ്രഭാതങ്ങളിലേക്ക് ഞങ്ങള്‍ ഉണരുന്നു.“
ഹാ….കേട്ടിട്ടുതന്നെ കോരിത്തരിക്കുന്നു. എന്റെ ചില ദൌര്‍ബല്യങ്ങളാണ് ഇത്തരം ലൊക്കേഷനുകളും പ്രകൃതിയോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ഇത്തരം വീടുകളും.
beatiful house…great location..nic family PIC.
ദൂരെ ദൂരെ ഒരു കൂട് കൂട്ടാം
wow what a wonderfoool
beautiful home and location.
റീനി…………നല്ല എഴുത്തും, നല്ല ഒരു വായനയും ആയിരുന്നു. ഇതുപോലെ റീനിക്ക് ബ്ലൊഗ് ഇല്ലെ?? സി എം എസ്സ് കോളേജിനെപ്പറ്റി വായിക്കാൻ പ്രതിക്ഷയോടെ കാത്തിരിക്കുന്നു. വീട്ടിൽ എന്നെ ഓർമ്മിപ്പിക്കാനായി ഒരു മകളുണ്ടെന്നുള്ളതിൽ സന്തോഷം. ചിത്രങ്ങൾ നന്നായിരിക്കുന്നു.