HOME

Interview: Architect Madan Mathew

Living Room

Living Room

‘വീടു വയ്ക്കുക എന്നത്  ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാന കര്‍മ്മങ്ങളിലൊന്നാണ്.  അതില്‍ ഒന്നും അനാവശ്യമായി ഉണ്ടാവരുത്. അതു പോലെ പത്തുകൊല്ലമെങ്കിലും മുന്നില്‍ കണ്ടു വേണം വീടു വയ്‌ക്കാന്‍ ‘ ആര്‍ക്കിടെക്ട് മദന്‍മാത്യു പറയുന്നു.

എന്തൊക്കെ കാര്യങ്ങളാണ് ഒരു വീടു വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്?
അനാവശ്യമായ കുറെ അലങ്കാരങ്ങള്‍ ചെയ്‌ത് വീടു വയ്ക്കരുതെന്നാണ് എന്റെ അഭിപ്രായം. വീട് നിത്യോപയോഗത്തിനുള്ളതാണ്. അതു മുന്നില്‍ കണ്ട്  വീടു വയ്ക്കുക. ഒരു വീട് പത്തു കൊല്ലമെങ്കിലും മാറ്റമൊന്നും വരുത്താതെ നിലനില്‍ക്കണം. പത്തുകൊല്ലത്തിലൊരിക്കല്‍  ചില മാറ്റങ്ങള്‍ വരുത്താവുന്നതാണ്. വിദ്യാഭ്യാസമ്പന്നരായ പല ആളുകളും ഇതു ശ്രദ്ധിക്കാറില്ല. അതു പോലെ  വീടു പണിയുമ്പോള്‍ ആദ്യമേ തന്നെ  എന്തൊക്കെയാണ് ആവശ്യങ്ങളെന്ന് ആര്‍ക്കിടെക്ടിനോട് പറയണം. അത് നമ്മുടെ ബജറ്റിനനുസരിച്ചാവണം.

ഒരു വീടു പണിയുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി എന്താണ്?
പാലു കാച്ചലിന്റെ അന്ന് ക്ലയന്റ് നമ്മളുടെയടുത്ത് ‘താങ്ക് യു വെരി മച്ച്’ എന്നു പറയണം. മറ്റുള്ള എന്തു വെല്ലുവിളിയും നമുക്ക് ഏറ്റെടുക്കാം.

Architect Madan Mathew

Architect Madan Mathew

എത്ര രൂപ കൈവശമുള്ളൊരാള്‍ക്ക് താങ്കളെ സമീപിക്കാം?
നാലു ലക്ഷത്തിലും വീടു പണിയാന്‍ ഞാന്‍ തയ്യാറാണ്. എന്നാല്‍ ക്ലയന്റിന്റെ ആവശ്യങ്ങള്‍ അതിനനുസരിച്ചായിരിക്കണം എന്നു മാത്രം. കുറഞ്ഞ ചെലവില്‍ വീടെന്നു പറഞ്ഞ് ചില പരസ്യങ്ങള്‍ കണ്ടിട്ടുണ്ട്. ഞാനും ഇതിനെ കുറിച്ച് അന്വേഷിച്ചിട്ടുണ്ട്. നമ്മുടെ ആവശ്യങ്ങള്‍ പറയുമ്പോള്‍ അറിയാം ഇതിന്റെയൊക്കെ നിജസ്ഥിതി.

ഇന്ന് ഏതു ശൈലിയെയാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്താങ്ങുന്നത്?

പഴയ ശൈലി വളരെയധികം ആളുകള്‍ ചെയ്യുന്നുണ്ട്. പുതിയ ശൈലി അതായത് കണ്ടംപ്രറി   വീടുകള്‍ ആളുകള്‍ക്കു താല്പര്യമാണ്. എന്നാല്‍ ഒന്നു രണ്ടുവര്‍ഷം കണ്ടുകഴിയുമ്പോള്‍ മാത്രമേ ആളുകള്‍ ഈ ശൈലിയെ പൂര്‍ണ്ണമായി സ്വീകരിക്കുകയുള്ളു. ഇപ്പോള്‍ ആളുകള്‍ക്ക്  അറിയില്ല എന്ന പ്രശ്നമുണ്ട്.  മോസ്‌റ്റ് മോഡേണ്‍ വീടുകള്‍ പലരും കണ്ടിട്ടില്ല. ഞങ്ങള്‍ അവസാനം ചെയ്ത രണ്ടു വീടുകളും മോഡേണ്‍ വീടുകളായിരുന്നു.

വാസ്തു അനുസരിച്ച് ചെയ്യാറുണ്ടോ?
ക്ലയന്റിന് താല്പര്യമുണ്ടെങ്കില്‍ ചെയ്യാറുണ്ട്.

ക്ലയന്റും ആര്‍ക്കിടെക്ടും തമ്മിലുള്ള ബന്ധം എങ്ങനെ ആയിരിക്കണം?
ക്ലയന്റും ആര്‍ക്കിടെക്ടും എന്നു പറഞ്ഞാല്‍ ഒരു ടീമാണ്. സങ്കല്‍പ്പങ്ങള്‍ ഇല്ലാതെ ആവശ്യങ്ങളുമായിട്ടു വേണം ക്ലയന്റ് ആര്‍ക്കിടെക്ടിനെ സമീപിക്കാന്‍. ആര്‍ക്കിടെക്ടിനെ തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. ഓരോ ആര്‍ക്കിടെക്ടിന്റെയും ശൈലി മനസ്സിലാക്കി വേണം ഏതു വേണം എന്ന് തീരുമാനിക്കാന്‍. അതായത് രോഗി സ്പെഷ്യലിസ്‌റ്റിനെ കണ്ടുപിടിക്കുന്നതു പോലെയാണ്.

ഇന്റീരിയറാണോ കൂടുതലായി ചെയ്യുന്നത്?
ഞാന്‍ അഞ്ചു വര്‍ഷം ഇന്റീരിയര്‍ മാത്രമാണ് ചെയ്തിരുന്നത്. അതില്‍ നല്ലൊരു ശൈലി ഉണ്ടാക്കിയെടുക്കാനുമായി. എന്നാല്‍ ഇപ്പോള്‍ എല്ലാ വര്‍ക്കും ചെയ്യുന്നുണ്ട്.

പഠനവും പരിശീലനവുമൊക്കെ എവിടെ ആയിരുന്നു?
അഹമ്മദാബാദിലെ സ്ക്കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചറില്‍ നിന്നും പാസായി.1996-ല്‍ തിരുവനന്തപുരത്ത് എനി ഡിസൈന്‍സ് എന്ന സ്വന്തം സ്ഥാപനം തുടങ്ങി. പിന്നീട് 1998-ല്‍ അത് എറണാകുളത്തേയ്ക്കു മാറ്റി.

Architect Madan Mathew
Any designs,  No:28/3298,  Kadavanthara, Kochi-20
Email: madanmathew@gmail.com

| Savitha Sijo

MORE:

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.