HOME

Interview: Architect Divya Rajesh

Landscaping @ Punnamada Resort

Landscaping @ Punnamada Resort

‘വീട് ഡിസൈന്‍ ചെയ്യുന്നതിനൊപ്പം ഉദ്യാനവും ഡിസൈന്‍ ചെയ്‌തു തുടങ്ങണം. സ്‌ഥലത്തിന്റെ സ്വഭാവമനുസരിച്ചു വേണം ഉദ്യാനം ഏതു വിധേന വേണമെന്നു തീരുമാനിക്കാന്‍.’ ലാന്‍ഡ് സ്‌കേപ്പ് ആര്‍ക്കിടെക്‍റ്റായ ദിവ്യാ രാജേഷിന്റേതാണ് ഈ നിര്‍ദേശം.

തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജില്‍ നിന്നും ഡിഗ്രി നേടിയ ശേഷം യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജിയയില്‍ നിന്ന് ലാന്‍ഡ് സ്‌കേപ്പ് ആര്‍ക്കിടെക്‍ചറില്‍ മാസ്‌റ്റര്‍ ഡിഗ്രി നേടി. കൊച്ചിയിലെ പ്രകൃതി ലിവിംഗ് എന്‍‌വയോണ്‍‌മെന്റല്‍ എന്ന സ്‌ഥാപനത്തില്‍ ലാന്‍ഡ് സ്‌കേപ്പ് ആര്‍ക്കിടെക്‍റ്റായി ജോലി നോക്കുന്നു. പത്തു വര്‍ഷമായി ഈ രംഗത്തു വന്നിട്ട്.

പ്രധാന പ്രൊജക്‍ടുകള്‍ ഏതൊക്കെയാണ്?
പുന്നമട റിസോര്‍ട്ട്, ബോള്‍ഗാട്ടി പാലസ്, ലെ-മെറീഡിയന്‍ കളരി കോവിലകം. കൂടാതെ റെസിഡന്‍ഷ്യല്‍ പ്രൊജക്‍ടുകളും.

ഒരു ലാന്‍ഡ് സ്‌കേപ്പ് നിര്‍മിച്ചെടുക്കുന്നതിനു വേണ്ട അടിസ്‌ഥാന ആവശ്യങ്ങള്‍ എന്തൊക്കെയാണ്?
വെള്ളം പോകാനുള്ള പൈപ്പുകള്‍ ആദ്യം തന്നെ ഒരുക്കിയിരിക്കണം. ശാസ്‌ത്രീയമായ അടിത്തറയുണ്ടെങ്കിലേ നല്ല രീതിയില്‍ ലാന്‍ഡ്‌സ്‌കേപ്പ് നിര്‍മിച്ചെടുക്കാനാകൂ. മറ്റൊന്ന് അതിനകത്ത് ഉപയോഗിക്കുന്ന ചെടികളെ സംബന്ധിച്ചാണ്. നമുക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളവ ഏതാണെന്നന്വേഷിച്ച് അവ വയ്‌ക്കാം. ഗാര്‍ഡനിംഗില്‍ താല്പര്യമുള്ള ആളുകളാണെങ്കില്‍ പൂക്കളുണ്ടാകുന്നതും മറ്റും നടാം. സൂര്യപ്രകാശം ആവശ്യമായ ചെടികള്‍ ആണ് വയ്‌ക്കുന്നതെങ്കില്‍ അതിനു വേണ്ട സൌകര്യം ഉണ്ടായിരിക്കണം.

ഏറ്റവും നല്ല ലാന്‍ഡ് സ്‌കേപ്പിങ്ങ് ശൈലി ഏതാണ്?
ഇന്നിപ്പോള്‍ മുഗള്‍, ഇസ്ലാമിക്, വെസ്‌റ്റേണ്‍, ജാപ്പനീസ് സെന്‍‌ഗാര്‍ഡന്‍സ്, ചെനീസ് എന്നിങ്ങനെ നിരവധി ശൈലികളുണ്ട്. എന്നാല്‍ വീട്ടുമുറ്റത്തെ ലാന്‍ഡ്‌സ്‌കേപ്പ് ഒരിക്കലും കൃത്രിമമാകരുത്. നമ്മുടെ ചെത്തി, ചെമ്പരത്തി, മന്ദാരം, അരളി, ഇവയൊക്കെയാണ് നല്ലത്. സംരക്ഷണത്തിനും വലിയ ബുദ്ധിമുട്ടില്ല. ചിലര്‍ ഔഷധസസ്യങ്ങള്‍ നടുന്നു. മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങള്‍ വളര്‍ത്തുന്ന രീതിയുമുണ്ട്. ഇവയൊക്കെ ചുറ്റുപാടിനെ ജീവസുറ്റതാക്കും.

Divya Rajesh

Divya Rajesh

ലോണ്‍ പിടിപ്പിക്കുമ്പോള്‍ ഏതിനം പുല്ല് വളര്‍ത്തുന്നതാണ് നല്ലത്?
ബഫല്ലോ ഗ്രാസ്, കൊറിയന്‍ ഗ്രാസ് ഒക്കെയാണ് സാധാരണ ഉപയോഗിക്കുന്നത്. ബഫല്ലോ ഗ്രാസാണ് എളുപ്പം. ഇതിനു വെള്ളമൊന്നും വേണ്ട. സ്‌ഥലം കൂടുതലുണ്ടെങ്കില്‍ ബഫല്ലോ ഗ്രാസാണ് നന്ന്.

പത്തുലക്ഷം രൂപയ്‌ക്ക് വീടു വയ്‌ക്കുന്നയാള്‍ അതിന്റെ എത്ര ശതമാനം ലാന്‍ഡ് സ്‌കേപ്പിനായി മാറ്റി വയ്‌ക്കണം?
പത്തുശതമാനമെങ്കിലും മാറ്റി വയ്‌ക്കണം. ഹാര്‍ഡ് സ്‌കേപ്പിന് (നടവഴി) ഉപയോഗിക്കുന്നത് വില കൂടിയ മെറ്റീരിയലാ‍ണെങ്കില്‍ അതിനനുസരിച്ച് ചെലവു കൂടും.

ഡ്രീം പ്രൊജക്‍ട് എന്തെങ്കിലുമുണ്ടോ?
സാധാരണ ലാന്‍ഡ് സ്‌കേപ്പ് മാത്രം ചെയ്യാനാണ് കിട്ടാറുള്ളത്. ബില്‍ഡിങ്ങും ലാന്‍ഡ്‌ സ്‌കേപ്പും ഒന്നിനോടൊന്ന് ചേര്‍ന്നു നില്‍ക്കുന്നതാണ്. അതു കൊണ്ട് തന്നെ രണ്ടും ഒന്നിച്ച് ചെയ്യാന്‍ കിട്ടണമെന്നുണ്ട്.

 

| Savitha Sijo

Want to say something? Say it now!

NOTE: Comments are moderated. So, your views may not be published instantly. - Editor.