B Arjunan Speaks

Home by Arjun Associates
‘പദ്മനാഭപുരം കൊട്ടാരം പോലെ ഒരു വീട് വയ്‌ക്കണം. മരം കൊണ്ട് മാത്രമുള്ള പണികള്‍.’ ആരെങ്കിലും ഈ ആവശ്യവുമായി വരുന്നതും കാത്തിരിക്കുകയാണ് ബി അര്‍ജുനന്‍. കേരളീയ വാസ്‌തുശാസ്‌ത്രത്തില്‍ സ്‌പെഷ്യലൈസ് ചെയ്‌ത് ഭവനങ്ങള്‍ രൂപകല്പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്യുന്ന ഡിസൈന്‍ ആന്‍ഡ് കണ്‍സ്‌ട്രക്ഷന്‍ ഗ്രൂപ്പ് അര്‍ജുന്‍ അസോസിയേറ്റ്‌സിന്റെ മാനേജിംഗ് ഡയറക്‍ടര്‍.
കേരളീയ വാസ്‌തുവിദ്യയ്‌ക്ക് താങ്കളുടെ സംഭാവന എന്താണ്?
കേരളീയ ശൈലിയുടെ സൌന്ദര്യം ഒട്ടും ചോര്‍ന്നു പോകാതെയാണ് അര്‍ജുന്‍ അസോസിയേറ്റ്‌സിന്റെ ഓരോ വര്‍ക്കും. കേരളത്തിലെ മോഡേണ്‍ ആര്‍ക്കിടെക്‍ച്ചറിന്റെ ഭാഗമായ കുതിരക്കാല്‍, ചാരുപടി, വരാന്ത, മുഖപ്പുകള്‍, എന്നിവയുടെ തിരിച്ചുവരവ് അര്‍ജുന്‍ അസോസിയേറ്റ്‌സിന്റെ വരവോടെയാണ്.
ഈ രംഗത്തേയ്‌ക്കുള്ള കാല്‍വയ്‌പ് എങ്ങനെ ആയിരുന്നു?
പതിനാറു വര്‍ഷത്തെ കെ. എസ്. ആര്‍. ടി.സി ജോലി ഉപേക്ഷിച്ചാണ് ഞാന്‍ ഈ രംഗത്തു വരുന്നത്. നിര്‍മിതി കേന്ദ്രം ആദ്യമായി പാരമ്പര്യ വാസ്‌തുവിദ്യയില്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്‍ച്ചര്‍ കോഴ്‌സ് തുടങ്ങിയപ്പോള്‍ ആദ്യ ബാച്ചിലെ 20 പേരില്‍ ഒരാളായി. കാണിപ്പയ്യൂര്‍ കൃഷ്‌ണന്‍ നമ്പൂതിരിപ്പാട്, പയ്യന്നൂര്‍ കേശവാചാരി, കരുവ വാസുദേവാചാരി, ഗണപതി സ്‌ഥപതി തുടങ്ങി വാസ്‌തുവിദ്യയിലെ പ്രഗല്‍ഭരായിരുന്നു ഗുരുക്കന്മാര്‍. പഠനം കഴിഞ്ഞ് അഞ്ചു വര്‍ഷം ഗവേഷണവും നടത്തി. കേരളത്തിലെ തൊണ്ണൂറു ശതമാനം മനകളും നേരിട്ട് പോയി കണ്ടാണ് പഠിച്ചത്.
കാലവും കാലാവസ്‌ഥയുമെല്ലാം മാറി, എന്നിട്ടും വാസ്‌തുവിദ്യയ്‌ക്കു മാറ്റമില്ലേ?
ഉണ്ട്, കാലത്തിനനുസരിച്ച് പല മാറ്റങ്ങളും വന്നിട്ടുണ്ട്. പഴയ അറയും നിരയും എന്ന ശൈലിയില്‍ നിന്നും കണക്കുകള്‍ സ്വീകരിച്ച് വുഡ് പാനലിംഗും മറ്റും കൊണ്ടു വന്നു. ഇതിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നതിനായി കൊത്തുപണികള്‍, മംഗളപലക, എന്നിവയൊക്കെ ശാസ്‌ത്രവിധിപ്രകാരം തന്നെ തയാറാക്കുന്നു. പാരമ്പര്യ തനിമ നിലനിര്‍ത്തി കൊണ്ട് പുതുമ കൊണ്ടു വരികയാണ് വേണ്ടത്. കേരളത്തിലെ 1965-നു മുമ്പുള്ള വീടുകളെല്ലാം തന്നെ കേരളീയവാസ്‌തു അനുസരിച്ചാണ്.
കേരളത്തിലെ കാലാവസ്‌ഥയ്‌ക്ക് യോജ്യമായ വീടുകള്‍ എങ്ങനെയാകണം?
കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നമ്മുടെ കാലാവസ്‌ഥയ്‌ക്ക് യോജിച്ചതല്ല്ല. ചരിഞ്ഞ മേല്‍ക്കൂരയാണ് നല്ലത്. പരന്ന മേല്‍ക്കൂരയുള്ള വീടുകളില്‍ ചോര്‍ച്ചയ്‌ക്ക് സാധ്യതയുണ്ട്. ഇത്തരം വീടുകളില്‍ ചൂടും കൂടുതലായിരിക്കും. പകല്‍ സമയത്തെ ചൂടിനെ ആഗിരണം ചെയ്‌ത് രാത്രിയില്‍ മുറിയിലേയ്‌ക്ക് പ്രസരിപ്പിക്കുന്നതു കൊണ്ടാണിത്. കോണ്‍ക്രീറ്റ് മേല്‍ക്കൂര നിര്‍മിക്കുമ്പോള്‍ പാരമ്പര്യ രീതിയനുസരിച്ച് പണിതിട്ട് മേച്ചിലോടുകള്‍ പതിച്ചാല്‍ ചൂട് കുറയും.

B Arjunan
കേരളീയ വാസ്‌തുവിദ്യ അനുസരിച്ച് മുറികള്‍ എങ്ങനെയാകണം?
മുറികള്‍ ചതുരമോ ദീര്‍ഘചതുരമോ ആണ് എപ്പോഴും നല്ലത്. അളവുകളിലും കണക്കിലുമൊക്കെ കൃത്യത പാലിക്കണം. കിടപ്പുമുറി വളരെ പ്രധാനമാണ്. തെക്കു കിഴക്കേ മൂല, തെക്ക് പടിഞ്ഞാറേ മൂല ഈ ഭാഗങ്ങളിലായിരിക്കണം കിടപ്പുമുറി. ശക്‍തമായ സൂര്യപ്രകാശം ഉണ്ടാവില്ല ഈ ദിശയില്‍. ധാരാളം വായുസഞ്ചാരവും ഉണ്ടായിരിക്കണം.
ഫ്ലാറ്റുകളില്‍ വാസ്‌തുവിദ്യ ഉള്‍ക്കൊള്ളിക്കാനാവുമോ?
പരിമിതികളുണ്ട്, കാരണം പണിത ഫ്ലാറ്റിനുള്ളില്‍ മാറ്റം വരുത്തല്‍ ബുദ്ധിമുട്ടാണ്. പിന്നെ ചെയ്യാവുന്നത് ഗ്രൌണ്ട് ഫ്ലോറില്‍ എന്തെങ്കിലും ഉള്‍പ്പെടുത്താം. എന്നാല്‍ തന്നെ കുറച്ച് പ്രയാസമാണ്.
പല ആര്‍ക്കിടെക്‍ടുകളും വാസ്‌തുവിനെ ശക്‍തമായി എതിര്‍ക്കാന്‍ കാരണമെന്താണ്?
പരിശീലിക്കുന്നവരുടെ കുഴപ്പമാണ് ഇതിനുളള കാരണം. വാസ്‌തുവിന് പ്രചാരം കൂടി എന്നറിഞ്ഞപ്പോള്‍ എല്ലാ ജ്യോതിഷന്മാരും വാസ്‌തുവിദഗ്‌ധരായി. ഇത്തരക്കാരാണ് ഇവിടെ വാതില്‍ പണിതാല്‍ മരണം, മധ്യം അടഞ്ഞിരിക്കുന്നു എന്നൊക്കെ പറയുന്നത്. വാസ്‌തുവിദ്യ ഒരിക്കലും മതത്തിന്റെയോ അന്ധവിശ്വാസത്തിന്റെയോ അല്ല. പോസിറ്റീവ് എനര്‍ജി പകരുന്നതിനാണ്. ഓല വീടായാലും പാരമ്പര്യ തനിമ നിലനിര്‍ത്തുക.
പ്രധാന പ്രൊജക്‍ടുകള്‍ ഏതൊക്കെയാണ്?
പഴഞ്ചിറ ദേവീക്ഷേത്രത്തിലെ മകയിരം ഓഡിറ്റോറിയം, ശ്രീ പദ്മനാഭസ്വാമിക്ഷേത്രത്തിന്റെ മൂന്നു പ്രവേശന ഗോപുരങ്ങള്‍, തെക്കേ നടയിലുള്ള അനന്തശയനം കല്യാണ മണ്ഡപം, അരുവിപ്പുറം ശിവക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം.
B Arjunan
Arjun & Associates, Viswam Tower, Adarsh Nagar, Thekkummoodu, Pattom P O, Thiruvananthapuram – 4
Phone: 0471 2553735
www.arjunassociates.com
| Savitha Sijo


show me some houses photos below 20lakhs
show me some NALUKETTU homes photos, arround 25 lakhs