The complete online guide to Kerala home designs, Kerala architecture, interior designing, Kerala Vasthu and Kerala real estate

Interview: Architect Suku Dass

Deepam Auditorium

Deepam Auditorium

തിരുവനന്തപുരം ആലുക്കാസ്, കോഴിക്കോട് ആലുക്കാസ്, കാസര്‍കോട് സുല്‍ത്താന തുടങ്ങിയ ജ്വല്ലറികളുടെയെല്ലാം പ്രൌഡസൌന്ദര്യത്തിനു പിന്നില്‍ ഒരാളുണ്ട്, ആര്‍ക്കിടെക്‍റ്റ് സുകുദാസ്.

കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളജില്‍ നിന്നും 1997-ല്‍ ആര്‍ക്കിടെക്‍ചര്‍ ബിരുദം നേടിയ സുകുദാസ് കൊച്ചിയിലെ ജെ ആന്‍‌ഡ് ഐ ആര്‍ക്കിടെക്‍റ്റ്‌സില്‍ പരിശീലനത്തിനു ശേഷം സുകുദാസ് ആര്‍ക്കിടെക്‍റ്റ്സ് എന്ന സ്‌ഥാപനം തുടങ്ങി.

ജ്വല്ലറി പ്രൊജക്‍ടുകളിലേക്കുള്ള കടന്നു വരവ് എങ്ങനെയായിരുന്നു?
എന്റെ ആദ്യ ക്ലൈന്റ് ഒരു ജ്വല്ലറി ഉടമയായിരുന്നു. ആ ബന്ധം ജ്വല്ലറികള്‍ ചെയ്യുന്നതിലേക്ക് എത്തിക്കുകയായിരുന്നു.

ജ്വല്ലറി, വീ‍ട് ഇവയില്‍ ഏതിനാണ് കൂടുതല്‍ പ്രയത്‌നം വേണ്ടി വരുന്നത്?
പ്രയത്‌നം രണ്ടിനും വേണം. എന്നാല്‍ വീടിനെ അപേക്ഷിച്ച് ജ്വല്ലറിക്കു കുറവാണ്. ജ്വല്ലറി ഷോപ്പ് ഒന്നോ രണ്ടോ ചെയ്‌തു കഴിഞ്ഞാല്‍ കണക്കും കാര്യങ്ങളുമൊക്കെ മനസിലാ‍ക്കാം. മറ്റൊന്ന് ചെയ്യുമ്പോള്‍ വലിയ വ്യത്യാസമൊന്നും വരുന്നില്ല.

വീടിന്റെ കാര്യത്തില്‍ അങ്ങനെയല്ല. ഓരോ വീടും ഓരോ രീതിയിലായിരിക്കും. അതു പോലെ ക്ലൈന്റിന്റെ മനോഭാവം വ്യത്യസ്‌തമായിരിക്കും. അവര്‍ക്കു പൂര്‍ണ തൃപ്‌തി വരുന്നതു വരെ നമ്മള്‍ വര്‍ക്ക് ചെയ്‌തു കൊണ്ടേയിരിക്കണം. മലയാളികള്‍ സമ്പാദിക്കുന്നതിന്റെ നല്ല ശതമാനം മുടക്കുന്നതു വീടിനു വേണ്ടിയാണ്. അപ്പോള്‍ അതില്‍ ഒരു തെറ്റും വരാതെ നോക്കണം.

പ്രൊജക്‍ടുകള്‍ എടുക്കുന്നതില്‍ എന്തെങ്കിലും മാനദണ്ഡങ്ങള്‍ സ്വീകരിക്കാറുണ്ടോ?
ഉണ്ട്. ഏത് വര്‍ക്കാണെങ്കിലും ഒരു പരിധി വിട്ട് ഡെക്കറേറ്റീവ് ആവില്ല. അത്തരം പ്രൊജക്‍ടുകള്‍ എടുക്കാറില്ല. ഒരു പക്ഷേ ചെയ്യുന്ന വര്‍ക്കിനേക്കാള്‍ വേണ്ടെന്നു വച്ചതായിരിക്കും എന്നെ സംബന്ധിച്ചു കൂടുതല്‍.

ഡിസൈനിംഗിന്റെ ഏറ്റവും വലിയ പരാജയം എന്താണ് ?
ഇന്നൊവേഷന്‍‌സ് ഇല്ല എന്നതു തന്നെ. ഇന്നു നമുക്ക് ഏതെങ്കിലും ഒരു ആര്‍ക്കിടെക്‍ട് ചെയ്‌ത വീടാണെന്ന് ഒറ്റ നോട്ടത്തില്‍ കണ്ടു പിടിക്കാന്‍ പറ്റിയ വീടുകളില്ല. സ്വന്തമായൊരു ശൈലി ഉണ്ടാക്കിയെടുക്കാന്‍ ആര്‍ക്കുമാവുന്നില്ല. കണ്ടു മടുത്തതു തന്നെ മതി ക്ലൈന്റ്സിന് . ചിലരൊക്കെ കുറച്ച് പ്ലാന്‍‌സ് കാണിച്ചു തരാന്‍ ആവശ്യപ്പെട്ടാണ് വരുന്നതു തന്നെ. ലാറി ബേക്കര്‍, ജെഫ്രിബാബ ഇവരൊക്കെ സ്വന്തമായി ഒരു സ്‌റ്റൈല്‍ ഉണ്ടാക്കിയെടുത്തവരാണ് .

ആരുടെയെങ്കിലും വര്‍ക്ക് സ്വാധീനിച്ചിട്ടുണ്ടോ?
കുറെ ആളുകളുടെ വര്‍ക്ക് ഇഷ്‌ടപ്പെട്ടിട്ടുണ്ട്. എന്റെ ഗുരു ജോസഫ് ജോണിന്റെ വര്‍ക്കുകള്‍ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

ഡ്രീം പ്രൊജക്‍ട് എന്തെങ്കിലും ഉണ്ടോ?
ഇല്ല, ചെയ്യുന്നത് തെറ്റു വരാതെ നോക്കും. അല്ലാതെ പൂര്‍ണസംതൃപ്‌തി തരുന്ന വര്‍ക്കുകകളല്ല ഇപ്പോള്‍ ചെയ്യുന്നത്. ഇതിനേക്കാള്‍ ആത്‌മസംതൃപ്‌തി തരുന്നതാണ് ഡിസൈന്‍ ആന്‍ഡ് പീപ്പിളിന്റെ പ്രവര്‍ത്തനം.

( ആര്‍ക്കിടെക്‍റ്റ് സുകുദാസ് 2003-ല്‍ സഹോദരന്‍ സേതുദാസുമായി ചേര്‍ന്ന് തുടങ്ങിയ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷനാണ് ഡിസൈന്‍ ആന്‍ഡ് പീപ്പിള്‍. ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നുമായി അമ്പതോളം അംഗങ്ങള്‍. ആര്‍ക്കിടെക്‍റ്റ്‌സ് മാത്രമല്ല, എഴുത്തുകാര്‍, ചിത്രകാരന്മാര്‍, ഫോട്ടോഗ്രാഫേഴ്‌സ് എന്നിങ്ങനെ എല്ലാ മേഖലയില്‍ നിന്നുള്ളവരും.

സമൂഹികപ്രശ്‌നങ്ങളെ സംബന്ധിച്ച് തങ്ങളുടേതായ ഒരു സന്ദേശം കൈമാറുകയാണ് സംഘടനയുടെ ലക്ഷ്യം. പ്രധാനമായും പോസ്‌റ്ററുകളാണ് അതിനുപയോഗിക്കുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ ബുദ്‌ധാസ്‌മൈല്‍‌സ് എന്ന സംഘടനയുടെ കീഴില്‍ വെല്ലൂര്‍ ഗ്രാമത്തില്‍ നടക്കുന്ന ക്യാമ്പുകളില്‍ ഡിസൈന്‍ ആന്‍ഡ് പീപ്പിളിന്റെ പ്രവര്‍ത്തകര്‍ പങ്കെടുക്കാറുണ്ട്. അവിടെ സാധാരണക്കാരായ ജനങ്ങള്‍ക്ക് നാച്ച്വറല്‍ ബില്‍ഡിങ്ങ്‌സ് നിര്‍മിച്ചു നല്‍കും. കഴിഞ്ഞ വര്‍ഷം പശുതൊഴുത്താണ് പണിതത്. )

Suku Dass

Suku Dass

പ്രധാന പ്രൊജക്‍ടുകള്‍?
ആലുവയില്‍ മാത്യു- സോഫിയയുടെ വീട്, ഭീമ ജ്വല്ലറി ഉടമയ്‌ക്കായി കൊല്ലത്തൊരു വീട് ചെയ്യുന്നുണ്ട്. ചേര്‍ത്തലയില്‍ ജിസ്‌റ്റോയ്‌ക്ക് വേണ്ടി ചെയ്യുന്ന വീട്.

പുതുതായി ഈ രംഗത്തു വരുന്നവരോട് എന്താണ് പറയാനുള്ളത്?
നിരവധി പോരായ്‌മകള്‍ കണ്ടു വരുന്ന മേഖലയാണിത്. പഠിക്കുന്നതിനേക്കാള്‍, പഠിച്ചിറങ്ങി ആരുടെ കൂടെ പ്രാക്‍ടീസ് ചെയ്യുന്നു എന്നതാണ് പ്രധാനം. കാരണം അതാണ് നമ്മുടെ കരിയറിനെ നയിക്കുന്നത്. പുതിയ പുതിയ മെറ്റീരിയല്‍‌സിനെ കുറിച്ചും രീതികളെ കുറിച്ചും അവബോധം ഉണ്ടാക്കിയെടുക്കുക. ധാരാളം യാത്ര ചെയ്യുക.

ഹോബികള്‍?
സ്‌കെച്ച് ചെയ്യും. യാത്രകള്‍, ഫ്രണ്ട്‌ഷിപ്പ് ഇതൊക്കെ ഇഷ്‌ടമാണ്. (കാര്‍ട്ടൂണിസ്റ്റ് യേശുദാ‍സിന്റെ മകനാണ് സുകുദാസ്)

കുടുംബം?
ഭാര്യ അലക്‍സി സിവില്‍ എഞ്ചീനീയര്‍. മകന്‍ ആദി.

Architect Suku Dass
Sukudass Architects, M-31 Changampuzha Nagar Kochi- 682033
Phone: 0484- 2542488
Email: sukudass@sukudassarchitects.com
Website: www.sukudassarchitects.com

| Savitha Sijo

Useful Infoads

Find More @


Want to say something? Say it now!