Vaasthu: Nadumuttam

Nadumuttam by Architect Ajith Menon
പുത്തന്‍ വീടുകളിലെ പതിവു കാഴ്‌ചയായി മാറുകയാണ് ഇപ്പോള്‍ നടുമുറ്റം അഥവാ പഴയ മട്ടില്‍ പറഞ്ഞാല്‍ കുഴിയങ്കണം. പലരും പല തരത്തിലാണ് നടുമുറ്റം ക്രമീകരിക്കുന്നത്. നടുമുറ്റത്ത് ഉരുളന്‍ കല്ലുകള്‍ നിരത്താം, അല്ലെങ്കില്‍ വീടിന്റെ തറയിലേതു പോലെ ടൈല്‍സൊ ഗ്രാനൈറ്റോ തറയോടോ പാകാം. നടുമുറ്റത്ത് പൂച്ചെടികള്‍ വയ്‌ക്കുന്നവരും താമരക്കുളം ഒരുക്കുന്നവരും തീരെ കുറവല്ല. ഓരോ വീട്ടിലും നടുമുറ്റത്തിന്റെ ഉപയോഗത്തിനും വ്യത്യാസമുണ്ട്. പ്രാര്‍ഥനാ സ്ഥലമായി പോലും നടുമുറ്റം ഉപയോഗിക്കുന്നതു കണ്ടിട്ടുണ്ട്.
ഉപയോഗം എന്തായാലും നടുമുറ്റം ഒരുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. നടുമുറ്റത്തു പെയ്‌ത വെള്ളം അവിടെ താഴ്‌ന്നു പോകാതെ പുറത്തു പോകാന്‍ ക്രമീകരണം ചെയ്യണം. കാരണം, വെള്ളം അവിടെ താഴ്‌ന്നാല്‍ ചുറ്റുമുള്ള ഭാഗങ്ങളുടെ തറ നനഞ്ഞ് വീടിനു ബലക്ഷയം ഉണ്ടാകും. ഇത് ഒഴിവാക്കാന്‍ തറ നിര്‍മിക്കുമ്പോള്‍ തന്നെ വെള്ളം പുറത്തുപോകാനായി പൈപ്പ് ഇടണം. വടക്കോട്ടോ കിഴക്കോട്ടോ ഈശാനകോണിനോടു ചേര്‍ത്താണ് ഈ പൈപ്പ് വരേണ്ടത്.
ഭൂമിയുടെ നിരപ്പില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്നതുപോലെയായിരിക്കണം പൈപ്പിന്റെ സ്ഥാനം. തറ നിരപ്പില്‍ നിന്ന് 16 വിരല്‍ (48 സെന്റി മീറ്റര്‍) താഴെ നടുമുറ്റം വരണമെന്നാണ് കണക്ക്; പുറം തറയുടെ ഉയരം ഒരു കോല്‍ അല്ലെങ്കില്‍ ഒരു കോല്‍ രണ്ടു വിരലും (72-78 സെന്റി മീറ്റര്‍). അപ്പോള്‍ ഭൂമിയുടെ നിരപ്പില്‍ നിന്ന് എട്ടു വിരലെങ്കിലും (24 സെന്റി മീറ്റര്‍) ഉയരത്തിലായിരിക്കും നടുമുറ്റം വരുന്നത്. വീടിന്റെ ഉയരത്തിന് ആനുപാതികമായിട്ടാണ് പുറം തറയ്ക്ക് എത്ര ഉയരം വേണമെന്ന് തീരുമാനിക്കുന്നത്.
സാധാരണ നടുമുറ്റം തെക്കുവടക്കു നീണ്ടാണിരിക്കുന്നത്. പടിഞ്ഞാറന്‍ വെയിലിന്റെ ആക്രമണം കുറയ്ക്കാനാണിത്.
തുളസിത്തറയല്ല; വേണ്ടത് മുല്ലത്തറ
നടുമുറ്റങ്ങളില്‍ തുളസിത്തറ വയ്ക്കുന്നത് ഇപ്പോഴത്തെ ഒരു രീതിയാണ്. എന്നാല്‍ വാസ്‌തുശാസ്‌ത്രപ്രകാരം മുല്ലയാണ് നടുമുറ്റത്ത് നടേണ്ടത്; തുളസിയല്ല. വാസ്‌തുശാസ്‌ത്രത്തില്‍ ഈ തറയുടെ പേര് പറയുന്നതു തന്നെ ‘മല്ലീകുട്ടിമം‘ എന്നാണ്. തറ മുല്ലയുടേതാണെന്നതിന് ഇതില്‍പ്പരം തെളിവു വേണോ! വീടിനും മുഴുവന്‍ സൌന്ദര്യവും സൌരഭ്യവും നല്‍കുകയാണ് മുല്ലത്തറയുടെ ജോലി. (വീടിനു മുന്‍പില്‍ തുളസിത്തറ കെട്ടുന്ന വടക്കന്‍ കേരളത്തിലെ രീതിയായിരിക്കാം അടുത്ത കാലത്ത് നടുമുറ്റത്തേക്ക് കയറി വന്നത്.)
നടുമുറ്റത്ത് ഏറ്റവും പ്രകാശം കിട്ടുന്ന ദിക്കില്‍ ആകണം മുല്ലത്തറ. ഇത് സമചതുരമായോ എട്ടോ പതിനാറോ പട്ടമായോ വൃത്തമായോ ചെയ്യാം. ഉയരം വീടിന്റെ തറയ്ക്കൊപ്പമോ അല്ലെങ്കില്‍ അതിനെ ആറു മുതല്‍ 11 വരെ ഏതെങ്കിലും ഒരു സംഖ്യ കൊണ്ട് ഭാഗിച്ച് ഒരംശം കുറച്ചിട്ടുള്ളതോ ആകാം.
| Sakunthala Menon

