Kamal’s സുബഹ്

Subah
ഒരു പാട് കൊച്ചു സ്വപ്‌നങ്ങളെ ചേര്‍ത്തു വയ്‌ക്കുമ്പോള്‍ ഒരു വലിയ സ്വപ്‌നമുണ്ടാകും. ആ വലിയ സ്വപ്‌നത്തെ വീടെന്ന് പേരിട്ട് വിളിക്കാം. നഷ്‌ടബാല്യത്തിന്റെയും ഗൃഹാതുരതയുടെയും ചിത്രങ്ങളെ ഒന്നിച്ചു ചേര്‍ക്കുമ്പോള്‍ സംവിധായകന്‍ കമലിന്റെ ‘സുബഹ്’ പിറക്കുന്നു.
വിശാലമായ മുറ്റത്തും തൊടിയിലും കളിച്ചു നടന്ന് അറയും നിരയും പാകിയ ഒരു പഴയ തറവാട്ടില്‍ വളര്‍ന്ന നാട്ടിന്‍പുറത്തുകാരന് ഇതിനോട് ഇഴ ചേര്‍ന്ന സ്വപ്‌നങ്ങളെ കാണാനാവൂ. കമല്‍ തന്റെ വീടിനെ കുറിച്ചു പറഞ്ഞു തുടങ്ങി.
ഒച്ചയും ബഹളങ്ങളും ആര്‍ഭാടവുമില്ലാത്തൊരിടം; അതായിരിക്കണം എന്റെ വീട്. ഈ വരാന്തയിലിരുന്നാല്‍ ആകാശത്തിറങ്ങി വരുന്ന മഴമേഘങ്ങളെ എനിക്കു കാണാനാകണം. അതിനു വേണ്ടിയാണ് ഇത്ര വലിയൊരു മുറ്റം ഒരുക്കിയത്. വീടിന്റെ ഓരോ ഭാഗത്തും ഒളിമങ്ങാത്ത കേരളീയതയുണ്ട്. തേക്കില്‍ തീര്‍ത്ത മുഖപ്പു മുതല്‍ അകത്തളങ്ങളില്‍ സ്‌ഥാനം തെറ്റാതെ കോര്‍ത്തിണക്കിയ മരപ്പണികള്‍ ഓരോന്നും പഴമയുടെ സ്‌മരണഉണര്‍ത്തുന്നവയാണ്. ഞങ്ങളുടെ തൊടിയിലെ 150 വര്‍ഷം പഴക്കമുള്ള ഈട്ടി തടിയാണ് ഈ വീടിന്റെ മരപ്പണിക്കെല്ലാം എടുത്തത്. ഇതാണ് പഴമയുടെ തിളക്കം എന്നു പറയുന്നത്.
വിശാലമായ എന്റെ സുഹൃത്ത് വലയത്തിനും എന്റെ ബന്ധുക്കള്‍ക്കും വരുമ്പോള്‍ ചെലവഴിക്കാന്‍ ഒരു പാട് സ്‌ഥലം വേണമെന്ന് ആര്‍ക്കിടെക്‍റ്റ് ജോര്‍ജ് മത്തായിയോട് പറഞ്ഞിരുന്നു. ഇരുനിലകളോടു കൂടിയ ഈ വീട്ടില്‍ താഴത്തെ നിലയില്‍ ലിവിംഗ് റൂം, ഓഫീസ്, ഒഫീഷ്യല്‍ ഡൈനിംഗ്, രണ്ട് ബഡ്‌റൂം, പാന്‍ട്രി, ഫാമിലി ലിവിംഗ് റൂം, കിച്ചന്‍ എന്നിങ്ങനെ അത്യാവശ്യ സൌകര്യങ്ങള്‍ മാത്രമാണ്. പണി തുടങ്ങിയതു മുതല്‍ പഴയ തറവാടായിരുന്നു എന്റെ മനസില്‍. എന്നാല്‍ എല്ലാം ആര്‍ക്കിടെക്‍റ്റിനെ ഏല്‍പ്പിച്ച് സംവിധായകന്റെ കുപ്പായം ഞാന്‍ അഴിച്ചു വച്ചു.
പ്രകൃതിയോട് അകന്നു നില്‍ക്കുന്നത് എനിക്ക് ചിന്തിക്കാനേ ആവില്ല. അങ്ങനെയെങ്കില്‍ എന്റെ ലോകം ഇടുങ്ങിയതായി പോകും. എന്റെ ഈ സ്വപ്‌നഗൃഹത്തിലും അതു കൊണ്ട് തന്നെ ആകാശവും മഴയും വെയിലും എല്ലാം കയറിയിറങ്ങി പോകാന്‍ ഒരു നടുമുറ്റം പണിതു. ഈ വീട്ടില്‍ എന്റെ സ്വപ്‌നങ്ങളുടെ ചുരുളഴിക്കുന്ന പ്രധാന ഇടങ്ങളിലൊന്നാണ് ഈ നടുമുറ്റം. മുകള്‍നിലയിലുള്ള നടുമുറ്റത്തേക്ക് തുറക്കുന്ന ചാരുപടിയിലിരുന്നാല്‍ താഴത്തെ നില മുഴുവന്‍ കാണാം.
വീടിന്റെ ഓരോ കോണിലും ഒരുക്കിയിരിക്കുന്ന അലങ്കാരവസ്‌തുക്കളുടെ ഉത്തരവാദിത്വം ഭാര്യ സബൂറയ്‌ക്കാണ്. അതോരോന്നും കണ്ടു പിടിച്ചത് സബൂറ തന്നെയാണ്. ഞാനതിന്റെ ആസ്വാദകന്‍ മാത്രം. കൊടുങ്ങല്ലൂര്‍ അസ്‌മാബി കോളജിലെ ഇംഗ്ലീഷ് ടീച്ചറാണ് സബൂറ. ഞങ്ങളുടെ വീടിരിക്കുന്ന ‘മതിലക‘മെന്ന സ്‌ഥലത്തു നിന്നും കോളജിലേക്ക് വളരെ കുറച്ചു ദൂരമേ ഉള്ളൂ.
മുകള്‍ നിലയിലെ രണ്ട് റൂം പഠനത്തിന്റേതാണ്. മകന്‍ ജനൂസിനും മകള്‍ ഹന്നയ്‌ക്കും സ്വന്തമാണിവിടം. ഇവിടെയും പുറത്തേക്ക് തുറക്കുന്നൊരു ബാല്‍ക്കണിയുണ്ട്. തൊടിയും വയലും കാണണമെന്നു കരുതിയാണ് നടുമുറ്റത്തിനു പുറമേ ബാല്‍ക്കണി കൂടി നിര്‍മിച്ചത്. വീട്ടിലെത്തിയാല്‍ ഞാന്‍ ആ പഴയ നാട്ടിന്‍പുറത്തുകാരനാണ്. സിനിമയിലെ സുഹൃത്തുക്കളെത്തിയാല്‍ മാത്രമേ ‘സുബഹി’ നകത്ത് സിനിമാ ചര്‍ച്ചകളെത്താറുള്ളൂ, മലയാളികളുടെ പ്രിയ സംവിധായകന്‍ പറഞ്ഞു.
| Savitha Sijo


സവിത…….ഈ വീടിനെപ്പറ്റി വായിക്കുന്ന കൂട്ടത്തില്‍ ചിത്രങ്ങള്‍ കൂടി വേണ്ടെ. വിവരണം നന്നായി,,,,ചിത്രങ്ങള്‍ എവിടെ???
hello, very nice concept and good report