ജയസൂര്യയുടെ സ്വപ്‌നക്കൂട്

Jayasurya
കൊച്ചിയില്‍, കടവന്ത്രയിലെ ചിലവന്നൂര്‍ റോഡില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ ഉള്ളിലേക്ക് പോയാല്‍ പുഴയോരത്ത് മനോഹരമായ ഒരു വീട്. ജയസൂര്യയുടെ സ്വപ്‌നക്കൂട്.
ശരിക്കും ഇതു ഞങ്ങളുടെ സ്വപ്‌നക്കൂട് തന്നെയാണ്. പുഴയരികില്‍ ഒരു വീടു വേണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. എറണാകുളം ടൌണില്‍ത്തന്നെ ഇങ്ങനെയൊരു സ്‌ഥലം ഒത്തുകിട്ടിയത് ഭാഗ്യമായി.
പുഴയോരത്തിന്റെ മുഴുവന്‍ സാധ്യതയും പ്രയോജനപ്പെടുത്തിയാണ് ഈ വീട് ഡിസൈന്‍ ചെയ്‌തിരിക്കുന്നത്. ജയസൂര്യയും ഭാര്യ സരിതയും മകന്‍ അദ്വൈതും അത് പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഏതു മുറിയില്‍ നിന്ന് നോക്കിയാലും ഏതു വാതില്‍ തുറന്നാലും പുഴ കാണണമെന്ന് ഞാന്‍ ആര്‍ക്കിടെക്‍റ്റ് ജോണ്‍ മത്തായിയോട് പറഞ്ഞിരുന്നു. വീടിന്റെ അടുക്കള ഒഴികെ എല്ലാ മുറിയില്‍ നിന്നും പുഴ കാണാം. എല്ലാ ബെഡ്‌റൂമിനും ബാല്‍ക്കണിയുണ്ട്. വീടിനു ധാരാളം വരാന്തയുണ്ട്. എവിടെയിരുന്നാലും പുഴയുടെ പല വ്യൂ കാണാം. ഞങ്ങള്‍ ഓണത്തിനു ഭക്ഷണം കഴിക്കുന്നത് ഈ വരാന്തയിലിരുന്നാണ്. ഞാന്‍ വീട്ടിലുള്ളപ്പോള്‍ മിക്കപ്പോഴും ഇവിടെയിരുന്ന് ഭക്ഷണം കഴിക്കാറുണ്ട്.
പുഴയിലേക്കിറക്കിക്കെട്ടിയിരിക്കുന്ന വാട്ടര്‍ പവലിയനാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. അവിടെ കസേരയിട്ടിരുന്ന് വെള്ളത്തിലേക്ക് മഴ പെയ്യുന്നതു കാണാന്‍, കുഞ്ഞോളങ്ങള്‍ ഇളകുന്നതു കാണാന്‍, കാറ്റു കൊണ്ടിരിക്കാന്‍ ജയസൂര്യയ്‌ക്കും സരിതയ്‌ക്കും ഏറെയിഷ്‌ടമാണ്. മഴയത്ത് ഒരു കട്ടന്‍ ചായയും കുടിച്ച് , ഒരു പുസ്‌തകവുമായി ഇവിടെയിരിക്കുമ്പോള്‍, ചിലപ്പോള്‍ തോന്നും ലോകത്തിലേറ്റവും മനോഹരമായ സ്‌ഥലം ഇതാണെന്ന്. എവിടെപ്പോയാലും ഇവിടെ ഓടിയെത്താന്‍ തോന്നും. മനസില്‍ എന്തെങ്കിലും വിഷമമുള്ളപ്പോള്‍ ഇവിടെ വന്നിരുന്ന് കാറ്റു കൊള്ളുമ്പോള്‍, വലക്കാര്‍ വലയിടുന്നത് നോക്കിയിരിക്കുമ്പോള്‍ എല്ലാം മറക്കും. ചാക്കോച്ചനും പൃഥ്വിരാജും നരെയ്‌നും ഒക്കെ വരുമ്പോള്‍ വീടിലിരിക്കുന്നതിനേക്കാള്‍ അധിക സമയം ഞങ്ങള്‍ ഈ പവലിയനിലാണ് ഇരിക്കാറ്.
നടുമുറ്റവും തൂണുകളും വരാന്തയുമൊക്കെയായി, 3700 സ്‌ക്വയര്‍ ഫീറ്റില്‍ പഴമയുടെ നന്മകളില്‍ പണിതുയര്‍ത്തിയിരിക്കുന്ന ഈ വീട് ഒരു സ്വപ്‌നക്കൂട് തന്നെ.
| Pushpa M.

