Interview: Architect Ajith Menon

Architect Ajith Menon
പൂര്‍ണ്ണമായും കടലുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരു റിസോര്‍ട്ട്. കടലിനു മീതെ ഒഴുകി നില്‍ക്കുന്ന ഈ റിസോര്‍ട്ടിന്റെ അടിത്തട്ട് ഗ്ലാസ് നിര്‍മ്മിതമാണ്. ഇതിലൂടെ കടലിന്റെ താഴ്‌ത്തട്ട് കണ്ടാസ്വദിക്കാം. ഏതെങ്കിലും ഇംഗ്ലീഷ് സിനിമയിലെ സീനാണ് ഇതെന്നു കരുതരുത്. ഈ റിസോര്‍ട്ട് ആര്‍ക്കിടെക്റ്റ് അജിത് മേനോന്റെ ഡ്രീം പ്രൊജക്‍റ്റുകളിലൊന്നാണ്. പ്രകൃതിയിലെ ദൃശ്യങ്ങളുമായി സമന്വയിപ്പിച്ച തികച്ചും മോഡേണ്‍ ആയ എന്നാല്‍, ആര്‍ഭാടങ്ങള്‍ ഒട്ടുമില്ലാതെ ഒരു വീട്. അതായത് ‘minimalistic’ സ്റ്റൈലില്‍ ഒരു വീട്- ഇതാണ് ഇദ്ദേഹത്തിന്റെ സ്വപ്നം.
പ്രശസ്തനായ ആര്‍ക്കിടെക്റ്റ് ആയിരുന്ന സി.ആര്‍.കെ.മേനോന്റെ മകനാണ് അജിത്. 1965-ല്‍ മേനോന്‍ തുടങ്ങിയതാണ് സി. ആര്‍. കെ. മേനോന്‍ ആന്‍ഡ് അസോസിയേറ്റ്. അക്കാലത്ത് ചുരുക്കം പേരേ ഈ രംഗത്തുണ്ടായിരുന്നുന്നുള്ളു. 1997-ല്‍ ആണ് അജിത് ഓഫീസില്‍ ജോയിന്‍ ചെയ്തത്. കോണ്‍ട്രാക്ടര്‍മാര്‍, സ്‌ട്രക്‍ച്ചറല്‍ എന്‍ജീനീയര്‍മാര്‍, പെയിന്റര്‍മാര്‍, കാര്‍പെന്റര്‍മാര്‍ തുടങ്ങി നല്ല ഡെഡിക്കേറ്റഡ് ആയ ഒരു ടീം ഇപ്പോള്‍ ഇവര്‍ക്കുണ്ട്. ഏകദേശം നൂറിലധികം വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കൂടാതെ ധാരാളം വില്ലകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, ഓഡിറ്റോറിയങ്ങള്‍, ഷോപ്പിംഗ് കോംപ്ളെക്സ് ഇങ്ങനെ ക്രെഡിറ്റ് ലിസ്‌റ്റ് നീളുന്നു.
താങ്കള്‍ക്ക് ബ്രേക്ക് തന്ന പ്രോജക്ട് ഏതാണ്?
പാലാരിവട്ടത്ത് ഡോ.ഗോപി മേനോനു വേണ്ടി ഒരു എട്ടുകെട്ട് നിര്‍മ്മിച്ചു. പഴമയുടെ പൂര്‍ണ്ണമായ ഒരു തിരിച്ചുവരവാണ് ഈ എട്ടുകെട്ടിന്റേത്. ഏകദേശം 13,000 സ്ക്വയര്‍ ഫീറ്റില്‍ ആണത് പൂര്‍ത്തിയാക്കിയത്. പിന്നെ വാഴക്കാലയില്‍ വില്യമിന്റെ വീട്. ഇതു 3500 സ്ക്വയര്‍ ഫീറ്റുണ്ട്. തികച്ചും മോഡേണ്‍. പ്രകൃതിയോടിണങ്ങിയാണ് ഈ രണ്ടു വീടും ഡിസൈന്‍ ചെയ്തിരിക്കുന്നത്. കൊമേഴ്സ്യല്‍ ആയി പറഞ്ഞാല്‍ വാഴക്കാലയില്‍ റോമാ ബില്‍ഡേഴ്സിന്റെ ആദ്യത്തെ പ്രോജക്ടായ മാരി ഗോള്‍ഡ്, ഫോര്‍ട്ട് കൊച്ചിയിലെ സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍- ഈ പ്രോജക്ടുകളെല്ലാം എനിക്ക് നല്ല ബ്രേക്കാണ് തന്നത്.
മറ്റുള്ള വാസ്തുശില്പികളില്‍ നിന്നും താങ്കള്‍ക്കുള്ള വ്യത്യസ്തതയായി തോന്നുന്നത്?
പ്രാധാനമായും ക്ളൈന്റിന്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും അവരുടെ ബജറ്റില്‍ ഒതുങ്ങി നിന്നു കൊണ്ട് പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കാറുണ്ട്. പുതിയ ട്രെന്‍ഡിന്റെയും അക്സസറീസിന്റെയും എല്ലാ നേട്ടങ്ങളും ക്ളൈന്റിന് നല്‍കാറുമുണ്ട്. അവരുടെ ആശയങ്ങളും ആഗ്രഹങ്ങളും പരമാവധി ചോദിച്ച് മനസ്സിലാക്കി അവ പൂര്‍ണ്ണമായും ഉള്‍പ്പെടുത്തിയാണ് ഡിസൈന്‍ ചെയ്യുന്നത്. Client satisfaction is what I try to achieve with the architect’s taste not dying!! പ്ളാനിങ് ചെയ്യുമ്പോള്‍ ഓരോ പൊസിഷനും ലേഔട്ടും വരെ പൂര്‍ണ്ണമായും ശ്രദ്ധിക്കാറുണ്ട്. പിന്നെ സ്പേസ് മാനേജ്മെന്റില്‍ ഒട്ടും വിട്ടുവീഴ്ചയില്ല. അധികം ഡെക്കറേറ്റീവ് ആയ ഇന്റീരിയര്‍ ചെയ്യാറില്ല. വളരെ സിപിംള്‍ ആയതും എന്നാല്‍ തികച്ചും മോഡേണ്‍ ആയതുമായ ഇന്റീരിയര്‍ ആണ് ക്ളൈന്റിന് നല്‍കുന്നത്. ക്ളൈന്റിന്റെ സംതൃപ്തിയാണ് എന്റെ ഏറ്റവും വലിയ നേട്ടം.
പുതിയ പ്രോജക്ടുകള്‍?
വൈത്തിരിയില്‍ ഒരു റിസോര്‍ട്ട് നിര്‍മ്മിക്കുന്നുണ്ട്- റിപ്പോണ്‍ മൌണ്ട് റിസോര്‍ട്ട്. നാല് ഏക്കറിലായി നിര്‍മിക്കുന്ന ഈ റിസോര്‍ട്ട് തികച്ചും ഇക്കോ-ഫ്രണ്ട്‌ലി ആണ്. കുത്തനെയായാണ് ഇത് നിര്‍മ്മിക്കുന്നത്. ഏകദേശം 4-5 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. മൂന്നാറില്‍ ഒരു ഹോട്ടല്‍ പ്രോജക്‍ട്; ഹോട്ടല്‍ സൂര്യ. ഇതും 5 മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകും. മട്ടാഞ്ചേരിയില്‍ കല്‍പട്ടരു ഹൌസിങ് സൊസൈറ്റിക്കു വേണ്ടി നിര്‍മ്മിക്കുന്ന അപ്പാര്‍ട്ട്മെന്റ്, ഗുജറാത്തി സമാജിനു വേണ്ടി അഞ്ച് നിലയുള്ള ഷോപ്പിംഗ് കോംപ്ളെക്സ് ഇവയെല്ലാം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പ്രോജക്ടുകളാണ്.
കുടുംബത്തെക്കുറിച്ച്?
നിഷാ മേനോന്‍. സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. പക്ഷേ, ഇപ്പോള്‍ ഇന്റീരിയര്‍ ഡിസൈനിങില്‍ എന്നെ സഹായിക്കാറുണ്ട്. മക്കള്‍ റിയ, ഋഷി.
Architect Ajith Menon
C.R.K Menon and Associates, ix/999, Kepiri Road, Kochi
Phone: 98470 88989, 0484 2210816, 2224533
E-mail: menonarch@eth.net
| Text: Sreedevi C Nair | Photo Courtesy: Ajith Menon

